പെന്‍സില്‍വാനിയയില്‍ പടര്‍ന്നുപിടിച്ച് അഞ്ചാംപനി; 4,000-ത്തിലധികം കേസും അഞ്ച് മരണവും സ്ഥിരീകരിച്ച് സി.ഡി.സി

OCTOBER 15, 2026, 7:38 PM

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അഞ്ചാംപനി ബാധ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ നാലായിരത്തില്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രം വ്യക്തമാക്കി. രോഗബാധിതരില്‍ അഞ്ചിലൊന്നും അഞ്ച് വയസ്സില്‍ താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങളാണ്. അതിവേഗം പടരുന്ന ഈ വൈറസ് ബാധിച്ചവരില്‍ 95 ശതമാനം പേരും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പെന്‍സില്‍വാനിയ സംസ്ഥാനമാണ് നിലവില്‍ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രം. ഇവിടെ മാത്രം 1,100-ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചാംപനി മൂലമുള്ള അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ച ഇവിടെ ആറാമത്തെ മരണത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഹെര്‍ഷിയിലെ പെന്നിന്‍ സ്റ്റേറ്റ് ഹെല്‍ത്തിലെ പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധനായ ഡോ. ഇവാന് ഷെയറി നിലവിലെ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്- ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ്, ശ്വാസകോശത്തെ ബാധിക്കുന്ന ബ്രോങ്കോന്യുമോണിയ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങള്‍ കാണപ്പെടുന്നുണ്ട്.

പല കുട്ടികളും അബോധാവസ്ഥയിലാണ്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ പിന്തുണയും വെന്റിലേറ്ററും നല്‍കേണ്ടി വരുന്നു. കൂടാതെ, മുലപ്പാലോ പാലോ കുടിക്കാന്‍ പോലും സാധിക്കാത്ത വിധം കുഞ്ഞുങ്ങള്‍ കടുത്ത വേദനയും പ്രയാസവും അനുഭവിക്കുന്നുണ്ട്. ഒരു രോഗിയിലൂടെ 18 പേരിലേക്ക് വരെ പടരാന്‍ ശേഷിയുള്ള ഈ വൈറസിനെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്തതായിരുന്നു. എന്നാല്‍, വാക്‌സിന്‍ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് രോഗം ശക്തമായി തിരിച്ചുവരാന്‍ കാരണം. മെഡിക്കല്‍ പഠനകാലത്ത് പുസ്തകങ്ങളില്‍ മാത്രം കണ്ടിരുന്ന രോഗം ഇന്ന് നേരിട്ട് ചികിത്സിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഡോ. ഷെയറി വ്യക്തമാക്കുന്നു.

രാജ്യത്ത് വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ചതാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എച്ച്.എച്ച്.എസ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാക്‌സിന്‍ വിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും തെറ്റിദ്ധാരണയും ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അഞ്ചാംപനിക്കെതിരായ എം.എം.ആര്‍ വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡോ. ഷെയറി വ്യക്തമാക്കുന്നു.

പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെങ്കിലും, രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത വിഭാഗങ്ങള്‍ വലിയ അപകട സാധ്യതയിലാണ്. സമൂഹം ഒന്നടങ്കം വാക്‌സിന്‍ സ്വീകരിച്ച് നല്‍കുന്ന കൂട്ടായ പ്രതിരോധം മാത്രമാണ് ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ഏക വഴി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam