വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവാണ് ഡൊണാൾഡ് ട്രംപിന്റേതെന്ന് അക്ഷരാർത്ഥത്തിൽ പറയാം. സ്വിംഗ് സ്റ്റേറ്റുകളെല്ലാം തൂത്തുവാരി രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ്.
വിജയത്തോടെ ട്രംപിന് ഒട്ടേറെ ചരിത്രനേട്ടങ്ങൾ കൈവരിക്കാനാകും. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 4 വർഷത്തെ ഇടവേളക്കുശേഷം തുടർച്ചയായി വിജയിക്കുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോർഡ് ഡൊണാൾഡ് ട്രംപിന് സ്വന്തമായിരിക്കുകയാണ്. ഈ നേട്ടമുണ്ടാക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്‌റ് ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് ആണ്.
1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയും സേവനമനുഷ്ഠിച്ച ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് അമേരിക്കയുടെ 22-ഉം 24-ഉം പ്രസിഡന്റായിരുന്നു. 2016-നും 2020-നും ഇടയിലാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റാകുന്നത്.
എന്നാൽ 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടതിനാൽ ട്രംപിന് കൂടുതൽ വിജയം അവകാശപ്പെടാനായില്ല. 78-ാം വയസ്സിൽ, അമേരിക്കൻ ചരിത്രത്തിൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും അദ്ദേഹം. കൂടാതെ ഇരുപത് വര്‍ഷത്തിനിടെ ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കന്‍ ആയി ട്രംപ് മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന യുഎസ് ചരിത്രത്തിലെ ഏക പ്രസിഡന്റായി ട്രംപ് മാറും. രണ്ട് കേസുകളിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വര്‍ഷമാദ്യം 34 കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ട്രംപ്, നിയമപരമായ കുറ്റപത്രം നേരിടുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റും ആയിരിക്കും. മെയ് മാസത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല, നവംബര്‍ 26 നാണ് വിചാരണ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്