ന്യൂയോർക്ക്: അമേരിക്കയിലേക്ക് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നിരോധിത ഉത്പന്നങ്ങൾ നിയമവിരുദ്ധമായി വിറ്റഴിച്ചതിൽ ചൈനീസ് ഇ-കോമേഴ്‌സ് ഭീമന്മാരായ അലിബാബയ്ക്ക് പിഴ.
യുഎസ് നീതിന്യായ വകുപ്പിന് 600 മില്യൺ ഡോളർ (ഏകദേശം 5,000 കോടിയിലധികം രൂപ) പിഴ നൽകാൻ അലിബാബ സമ്മതിച്ചു. പിഴ ഒടുക്കുന്നതോടെ കമ്പനിക്കെതിരെ യുഎസ് സർക്കാർ ക്രിമിനൽ നടപടികൾ ഒഴിവാക്കും.
അലിബാബ ഗ്രൂപ്പും അവരുടെ യുഎസ് അധിഷ്ഠിത പേയ്‌മെന്റ് പ്രൊസസറായ എയുഎസ് മെർച്ചന്റ് സർവീസസും ( സംയുക്തമായാണ് ഈ തുക നൽകുക.അലിബാബ.കോം, അലിഎക്സ്പ്രസ്സ്.കോം എന്നീ വെബ്‌സൈറ്റുകൾ വഴി വ്യാജ മരുന്നുകൾ, നിയന്ത്രിത രാസവസ്തുക്കൾ, ലഹരിവസ്തുക്കൾ, വ്യാജ ഗുളികകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ എന്നിവ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നത് തടയാൻ കമ്പനിക്ക് സാധിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
2016 ജനുവരി മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ യുഎസ് ഫെഡറൽ നിയമങ്ങൾ ലംഘിച്ച് 80,000 ഓളം അനധികൃത ഇടപാടുകൾ നടന്നതായി അലിബാബ സമ്മതിച്ചു. ഈ വിൽപനയിലൂടെ 200 മില്യൺ ഡോളറിലധികം മൂല്യമുള്ള വ്യാപാരമാണ് പ്ലാറ്റ്‌ഫോമിൽ നടന്നത്.
യുഎസ് ഫെഡറൽ ഏജൻസികൾ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ അലിബാബ വഴി വിലക്കപ്പെട്ട മരുന്നുകളും ഉപകരണങ്ങളും 40 ലധികം തവണ വാങ്ങാൻ സാധിച്ചതായി കണ്ടെത്തി. കമ്പനിയുടെ മണി ലോണ്ടറിങ് വിരുദ്ധ സംവിധാനങ്ങളിലെയും പണം ഇടപാട് നിരീക്ഷണത്തിലെയും വീഴ്ചകളാണ് ഇത്തരം നിയമവിരുദ്ധ വിൽപനകൾക്ക് വഴിയൊരുക്കിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
യുഎസ് അധികൃതരുടെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചതായും മൂന്നാം കക്ഷി വ്യാപാരികളുടെ വിൽപന കൂടുതൽ കർശനമായി നിരീക്ഷിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുമെന്നും അലിബാബ വക്താവ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
