ലോസ് ഏഞ്ചല്‍സ്: ചെയ്യാത്ത തെറ്റിന്റെ പേരില്‍ 30 വര്‍ഷത്തോളം ജയിലില്‍ കിടന്ന യുവാവിന് ഒടുവില്‍ മോചനം. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചമുത്തിയാണ് ജെറാര്‍ഡോ കബനിലാസിനെ ശിക്ഷിച്ചിരുന്നത്. ഒടുവില്‍ നീണ്ട 30 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി നിരപരാധിയെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കുന്നതായി ലോസ് ഏഞ്ചല്‍സ് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ പ്രഖ്യാപിച്ചു.
1995-ല്‍ സൗത്ത് ഗേറ്റ് നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരുന്ന ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ജെറാര്‍ഡോ കബനിലാസിനെ കുറ്റവിമുക്തനാക്കാന്‍ ഡിഎന്‍എ പരിശോധന സഹായിച്ചതെന്ന് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
കബാനിലാസിന്റെ കേസ് ഡിഎയുടെ ഓഫീസിലെ കണ്‍വിക്ഷന്‍ ഇന്റഗ്രിറ്റി യൂണിറ്റ് പുനഃപരിശോധിക്കുകയും ഇദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തുകയുമാിരുന്നു. തുടര്‍ന്ന് ജയില്‍ മോചനത്തിന് ഉത്തരവിടുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട നീതിനിഷേധത്തിനും നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ പരാജയത്തിനും താന്‍ കബനിലാസിനോട് അഗാധമായ ക്ഷമാപണം നടത്തുന്നതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോര്‍ജ്ജ് ഗാസ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
1996-ലാണ് കബനിലാസ് ശിക്ഷിക്കപ്പെട്ടത്. 28 വര്‍ഷത്തോളം ഇദ്ദേഹം ജയിലില്‍ കിടന്നു. ആയുധധാരികളായ രണ്ടു പേര്‍ ദമ്പതികളെ സമീപിക്കുകയും യുവാവിനെ വാഹനത്തില്‍ നിന്ന് പുറത്താക്കി യുവതിയെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി ഇരുവരും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നാണ് കേസ്. രണ്ട് ദിവസത്തിന് ശേഷം ഇതേ പ്രദേശത്ത് കാറിലെത്തിയ മറ്റൊരു ദമ്പതികളും കവര്‍ച്ച ചെയ്യപ്പെട്ടു.
ആക്രമണത്തിന് ഇരയായവര്‍ ഫോട്ടോ ലൈനപ്പുകളില്‍ നിന്ന് കബനിലാസിനെ തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ കോടതിയില്‍ കബനിലാസ് തന്നെയാണോ പ്രതിയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് കബനിലാസിനെ പ്രതിനിധീകരിച്ച കാലിഫോര്‍ണിയ വെസ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ലോയിലെ കാലിഫോര്‍ണിയ ഇന്നസെന്‍സ് പ്രോജക്ട് പറയുന്നു.
ബലാത്സംഗ കിറ്റിലെ ഡിഎന്‍എ പരിശോധനയില്‍ മറ്റ് രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞതായി സംഘം പ്രസ്താവനയില്‍ പറഞ്ഞു. കുറ്റങ്ങളിലൊന്ന് ചെയ്തതായി ഒരാള്‍ പിന്നീട് സമ്മതിച്ചെങ്കിലും മറ്റ് പ്രതികളെ ആരും അറസ്റ്റ് ചെയ്തിട്ടില്ല.
തെറ്റായ കുറ്റസമ്മതങ്ങളാണ് അമേരിക്കയില്‍ തെറ്റായ ശിക്ഷാവിധികളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് ഇടക്കാല ഡയറക്ടര്‍ അലിസ ബെര്‍ഖോല്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്