പുണ്യമാസ ആരംഭത്തിൽ ഭക്തിയുടെയും, ഐശ്വര്യത്തിന്റെയും നന്മയുടെയും തിരി തെളിയിച്ച് ഷിക്കാഗോ ഗീതാമണ്ഡലം. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റിൽ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സർവൈശ്വര്യസിദ്ധിക്കുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തിൽ എത്തിയത്.
വിഘ്‌ന നിവാരകനായ മഹാഗണപതിക്ക് വിശേഷാൽ പൂജകളോടെയാണ് ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത്. തുടർന്നു വൈകുന്നേരം നാല് മണിക്ക് മണ്ഡലമകരവിളക്ക് പൂജകൾക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൂർത്തത്തിൽ, അയ്യപ്പ സ്വാമിയുടെ നട തുറന്നു ദീപാരാധന നടത്തി. തുടർന്നു ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാൾ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാൽ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാൽ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി.
തുടർന്നു നൈവേദ്യ സമർപണത്തിനുശേഷം സർവ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തി. തുടർന്നു നമസ്‌കാരമന്ത്രവും മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ച്, ഈവർഷത്തെ മണ്ഡല മഹോത്സവത്തിന് കൊടിയേറി. തുടർന്ന് നടന്ന മഹാ അന്നദാനത്തോടെ 2024ലെ കൊടിയേറ്റ് പൂജകൾക്ക് പരിസമാപ്തിയായി.
ഈ വർഷത്തെ മണ്ഡല കൊടിയേറ്റ് പൂജകൾക്ക് മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾ നേതൃത്വം നൽകി. രവി ദിവാകരൻ പരികർമിത്വം വഹിച്ചു. ഈ വർഷത്തെ മണ്ഡല കൊടിയേറ്റ് മഹോത്സവങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് ഇരുത്തറമേൽ നേതൃത്വം നൽകി. ഈ വർഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകൾക്ക് ഗീതാമണ്ഡലം ഭജനമണ്ഡല നേതൃത്വം നൽകി. രവി നായരും കുടുംബവും രവി രാജയും കുടുംബവുമാണ് ആണ് മണ്ഡലകാല കൊടിയേറ്റ് പൂജ എല്ലാ സത്ജനങ്ങൾക്കുമായി സമർപ്പിച്ചത്.
ഭാരതീയ ദർശനങ്ങൾ പറയുന്നത്, ഈ പ്രപഞ്ച പ്രഹളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ്. ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്, നമ്മിലെ ശരിയായ ഉൺമയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ആനന്ദ് പ്രഭാകർ പറഞ്ഞു. അതി രാവിലെ ഉണർന്ന് ബ്രഹ്മചര്യനിഷ്ഠയോടെ വ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയിൽ അർപ്പിച്ച്, ഭഗവാനിൽ അഭയംപ്രാപിക്കുന്ന ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയും, ആത്മീയമായ ഉയർച്ച നേടുകയും ചെയ്യുന്നു. കുടുംബത്തിൽ ഒരാളെങ്കിലും സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാൽ ആ കുടുംബത്തിന് തന്നെ പോസിറ്റീവ് ആയ പല മാറ്റങ്ങൾ സംഭവിക്കും എന്ന് സാഹിത്യകാരൻ രാധാകൃഷ്ണൻ നായർ പറഞ്ഞു.
മണ്ഡല മകരവിളക്ക് കൊടിയേറ്റ് ഒരു വൻ വിജയമാക്കുവാൻ പ്രവർത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവർത്തകർക്കും, ഉത്സവസത്തിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും, കൊടിയേറ്റ് ഉത്സവം സ്‌പോൺസർ ചെയ്ത രവി നായർക്കും കുടുംബത്തിനും രവി രാജക്കും കുടുംബത്തിനും, പൂജകൾക്ക് നേതൃത്വം നൽകിയ മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾക്കും, പരികർമിത്വം നിർവഹിച്ച രവി ദിവാകരനും ജനറൽ സെക്രട്ടറി ബൈജു എസ്. മേനോൻ പ്രത്യേകം നന്ദി അറിയിച്ചു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്