മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ ഇക്വഡോറിനെ തോൽപ്പിച്ച് ദേശീയ ടീം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ മെക്സിക്കോ സിറ്റിയിലുണ്ടായ വിജയാഘോഷങ്ങൾ ദുരന്തത്തിൽ കലാശിച്ചു. ജനത്തിരക്കിലും ആഘോഷങ്ങളിലും പെട്ട് നാല് പേർ മരണപ്പെട്ടതായി മെക്സിക്കോ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി പതിനായിരക്കണക്കിന് ആരാധകർ ഒത്തുകൂടിയ ചരിത്രപ്രസിദ്ധമായ 'ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ്' സ്മാരകത്തിന് സമീപമുള്ള തെരുവുകളിലാണ് ആദ്യ ദുരന്തമുണ്ടായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനും ബോധരഹിതരായി തെരുവിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. പിന്നീട്, ആഘോഷങ്ങളിൽ പങ്കെടുത്ത മുപ്പതുകാരനായ മറ്റൊരു യുവാവ് ശാരീരിക അസ്വസ്ഥതകളെയും ഹൃദയാഘാതത്തെയും തുടർന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ഏകദേശം 14 ലക്ഷത്തിലധികം ആളുകളാണ് ഒരേസമയം മെക്സിക്കോ സിറ്റിയിലെ തെരുവുകളിലേക്ക് വിജയാഘോഷങ്ങളുമായി ഇറങ്ങിയത്. പടക്കങ്ങളും മദ്യലഹരിയും നൃത്തച്ചുവടുകളുമായി ജനങ്ങൾ തടിച്ചുകൂടിയതോടെ നഗരം പൂർണ്ണമായും നിയന്ത്രണാതീതമായി.
ഒരടി പോലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത വിധം തെരുവുകൾ സ്തംഭിച്ചതോടെ, നഗരമധ്യത്തിലേക്ക് കൂടുതൽ ആളുകൾ എത്തരുതെന്ന് മേയർ ക്ലാര ബ്രുഗാഡയ്ക്ക് പരസ്യമായി അഭ്യർത്ഥിക്കേണ്ടി വന്നു. ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടും ജാഗ്രതയോടും കൂടി മാത്രമേ ഇനി ആഘോഷങ്ങളിൽ പങ്കുചേരാവൂ എന്നും മേയർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
