പത്തനംതിട്ടയിലെ മലയാലപ്പുഴയുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയ്ക്ക് സാക്ഷികളായത് ഒരു നാടുമുഴുവൻ..! നിറകണ്ണുകളോടെ എ.ഡി.എം. നവീൻ ബാബുവിന് വിട നൽകി ആ നാട്. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീർ തളംകെട്ടിനിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീർപ്പോടെ കണ്ടുനിന്നു.
അതേ സമയം തന്നെ ചതി ഒരുക്കിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കും കരുക്കു മുറുകികൊണ്ടിരിക്കുകയായിരുന്നു. ഇരട്ടച്ചങ്കനായ പിണറായി വിജയന്റെ 'വിജയ'സാമ്ര്യജ്യത്തിലാണ് പി.പി. ദിവ്യയെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒരു പാവം എഡിഎമ്മിനെ കാലാപുരിയിലേക്ക് പറഞ്ഞുവിട്ടത്. കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് ഈ യമകിങ്കരിയെ തെരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റാണ് വീരശൂരഭദ്രയായ ദിവ്യാമണി അവറുകൾ..! ദേശാഭിമാനി ബാലജനസംഗത്തിൽ നിന്നു അടിയും തടയും പഠിച്ച് പടിപ്പുരയ്ക്കുമുകളിലേക്ക് വലിഞ്ഞുകയറിയതോടെ പിടിച്ച സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമാക്കി ഈ മഹിളാണിയെ. അതോടെ അഹങ്കാരത്തിന് നെറ്റിപ്പട്ടം ചാർത്തിയതുപോലൊരനുഭൂതിയിലും വിഭൂതിയിലുമായായി മയങ്ങി. അതോടെ ജാഡയും അഹന്തയും മാന്യസ്ത്രീരത്‌നത്തിനു ഭൂഷണമാണന്നെങ്ങിനെയോ കക്ഷി ധരിച്ചുവശായി.
ഈ ജനപ്രതിനിധിയുടെ വാക്കിന്റെ കൊടുംകാളവിഷം ഇപ്പോഴിതാ ഒരു പാവം മനുഷ്യന്റെ ജീവൻ തന്നെ അപഹരിച്ചിരിക്കുന്നു. സർവീസിൽ നിന്നും വിരമിക്കാൻ കേവലം ഏഴുമാസം മാത്രം ബാക്കി നിൽക്കെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടപ്പെട്ടവർക്കുമൊപ്പം ജീവിക്കാനുള്ള കൊതിയോടെയാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം വാങ്ങിയത്.
ജനപ്രതിനിധിയെന്ന കിരീടം ചൂടി അഹന്തയിൽ മുങ്ങിക്കുളിച്ച് ഇല്ലാത്ത മേനി നടിച്ച് സർക്കാർ ചെലവിൽ മുന്തിയ എ.സി കാറിലും ബംഗ്ലാവിലും ജീവിക്കുന്ന ഇത്തിക്കണ്ണി. തിന്നുമുടിച്ച് സുഖിച്ച് പാർട്ടിക്കാരിയെന്ന ലേബലിൽവിലസുന്ന ഇത്തരം കാലന്റെ മനസ്സുമായി ഉള്ളിൽ കാട്ടാള ചിന്തയോടെ ചിന്നം വിളിച്ച് ചീറിനടക്കുന്നവരെ തൊഴിലാളി വർഗ പ്രസ്ഥാനമായ സി.പി.എമ്മിന്റെ സാധാരണ പ്രവർത്തകർ ചുമക്കുന്നതെന്തിനെന്നാണ് മനസ്സിലാകാത്തത്.
യാഥാർത്ഥ കുലംകുത്തികളാണിവർ. ഈ വികല ജൻമങ്ങളെ എന്നെന്നേയ്ക്കുമായി പടിയടച്ച് പിണ്ഡം വയ്ക്കാൻ പാർട്ടിയിലെ സാധാരണക്കാർ മുന്നിട്ടിറങ്ങണം. അല്ലെങ്കിൽ നാളെ അതൊരു വലിയ ജനകീയ വിപ്ലവ മുന്നേറ്റമായി മാറും പടിഞ്ഞാറ് മുല്ലപ്പുവിപ്ലവം ഉണ്ടായതുപോലൊരു വിപ്ലവം. സത്യത്തിൽ ഒരിടക്കാല തെരഞ്ഞെടുപ്പിന്റെ തിരികൊളുത്തിയ നേരമായതുകൊണ്ടു മാത്രമാണിന്ന് ഇങ്ങനെ ഒരു തീരുമാനം പാർട്ടി കൈക്കൊണ്ടത്. അതിനിടയിൽ പി.വി അൻവർ ഒരു ഗോളടിക്കാൻ കാര്യമായി ശ്രമിച്ചു.
പി.പി.ദിവ്യയുടെ ഭർത്താവ് പി.ശശിയുടെ ബെനാമിയാണെന്നും നവീൻബാബു ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായതുകൊണ്ടാണിതെല്ലാം സംഭവിച്ചതെന്നുമാണ് പുള്ളിക്കാരൻ പറഞ്ഞുവയ്ക്കുന്നത്.
കല്യാശേരി ഡിവിഷനിൽനിന്ന് ഏറെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ദിവ്യ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായി തുടരുകയാണ് ഈ സ്ഥാനങ്ങളിൽ നിന്നും ദിവ്യയെ ഇതുവരെ തരംതാഴ്ത്തിയിട്ടില്ല. അതായത് പാർട്ടി അങ്ങിനെയൊന്നും കൈവിടില്ലെന്നു ചുരുക്കം. ഇനി കോടതി മാത്രമാണ് പാവങ്ങൽക്കൊരു ശരണം
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്