അധികാരം മനുഷ്യനെ ദുഷിപ്പിക്കും; പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നാണ് അറിവുള്ളവർ പറഞ്ഞുവച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്ത് ഓരോ പ്രദേശത്തും ഓരോരുത്തരാണ് ഈ സിദ്ധാന്തത്തിന്റെ പ്രചാരകരും പ്രയോക്താക്കളും. അങ്ങ് മഹാരാഷ്ട്രയിൽ ഈ പഴമൊഴിക്കിപ്പോൾ സർവ്വതാ യോഗ്യൻ അജിത് പവാറാണോ, ശരത് പവാറാണോ എന്നകാര്യത്തിലെ പരക്കെ സംശയമുള്ളു. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുക എന്ന തന്റെ സ്വപ്‌നം അജിത് പവാർ വളരെക്കാലമായി പരസ്യമായി പിന്തുടരുകയാണ്.
2019ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ പിളർത്തി ബി.ജെ.പിയും ശിവസേനയും ചേർന്ന് ഒരു കൂട്ടുകക്ഷി സർക്കാർ തട്ടിക്കൂട്ടിയ സമയത്തായിരിക്കാം അദ്ദേഹം അതിനോട് ഏറ്റവും അടുത്തത്. അദ്ദേഹത്തിന്റെ അമ്മാവൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ, സേനയുമായി കൈകോർക്കുന്നതിനെതിരെയായിരുന്നു. അതിനാൽ അദ്ദേഹം ചരടുകൾ വലിക്കാൻ തുടങ്ങി, ഇളമുറക്കാരൻ പവാറിന്റെ തീരുമാനം ശരിയല്ലെന്നു വെളിപ്പെടുത്താൻ എൻസിപി പാർട്ടി സ്ഥാപകനും മുതിർന്ന നേതാവുമായ കാരണവർ മടിച്ചതുമില്ല.
'താൻ അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അതൊരു റെക്കോർഡാണ്. ഇന്നുവരെ ആരേക്കൊണ്ടും മറികടക്കാനാകാത്ത റെക്കോർഡ്.' സാക്ഷാൽ ശരത് പവാറിനു പോലും നാലുവട്ടം മാത്രമാണ് മുഖ്യമന്ത്രിയായിരിക്കാൻ കഴിഞ്ഞുള്ളു. എൻസിപിയിലെ പിളർപ്പിന് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ അജിത് പവാർ തന്നെയാണിത് തട്ടിവിട്ടത്. ''എന്നാൽ ആ സംസാരം അവിടെ നിർത്തിയോ? തനിക്ക് സംസ്ഥാനത്തെ നയിച്ചേ പറ്റു. താൻ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളനേകമുണ്ട്, അതിന് മുഖ്യമന്ത്രിയാകേണ്ടത് അത്യാവശ്യമാണ്, അത്യന്താപേക്ഷിതമാണ്...!
എന്നാൽ അജിത് പവാറിനെ ആരും മനസിലാക്കുന്നില്ല എന്നതാണ് പ്രശ്‌നം. ബോളിവുഡ് നിർമ്മാതാവായ ആനന്ദ് റാവുവിന്റെ മകൻ. അവസരങ്ങളുണ്ടായിട്ടും ആ വഴി തെരഞ്ഞെടുക്കാതെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചിറ്റപ്പന്റെ തോളിലേറി മുഖ്യമന്ത്രിയാകാൻ തന്നെയായിരുന്നു വരവ്. ഇതൊക്കെയാണെങ്കിലും നന്ദിയുള്ളവനാണീ അനന്തിരവൻ. ഇക്കുറി ലോക്‌സഭയിലേക്ക് ബാരാമതിയിൽ ഏറ്റുമുട്ടിയത് സാക്ഷാൽ പവാറിന്റെ മകൾ സുപ്രിയയും അജിത് പവാറിന്റെ സ്വന്തം ഭാര്യ സുനേത്ര പവാറും ആയിരുന്നു. ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുപ്രിയ ജയിച്ചു കയറിയത്. എന്നിട്ടും അജിത് പവാർ ശരദ് പവാറിന് നന്ദി പറഞ്ഞുകളഞ്ഞു.
കഴിഞ്ഞ 24 വർഷമായി പാർട്ടിയെ നയിക്കുന്നതിന് ശരദ് പവാറിനോടും തുടക്കം മുതൽ എൻസിപിയിൽ തുടരുന്നവരോടുമാണി നന്ദി പറച്ചിൽ. കനത്ത തോൽവിയ്ക്ക് പിന്നാലെ നടത്തിയ ഈ പ്രസ്താവനയെ അങ്ങിനെയങ്ങ് തള്ളിക്കളയരുത്. എന്നാൽ മറ്റൊരു തന്ത്രത്തിലൂടെ മഹാരാഷ്ട്രയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ പത്രിക നൽകിയിരിക്കുന്നു. ഒറ്റിലിൽ നിന്നു പോയാലും പവാർ കുടുംബത്തിന്റെ കുളത്തിൽ തന്നെ അധികാര മത്സ്യം കിടക്കണം. അത്രതന്നെ.
തീർന്നില്ല, കുടുംബപ്പോരെന്ന് നാട്ടുകാർ കരുതുന്ന തരത്തിൽ മറ്റൊരു തന്ത്രം കൂടി മെനയാനൊരുങ്ങുകയാണ് പവാർ കുടുംബം. രാഷ്ട്രീയ പോർമുഖത്തേയ്ക്ക് എന്ന മട്ടിൽ പവാർ കുടുംബത്തിൽ നിന്ന് മറ്റൊരാൾക്ക് കൂടി കടന്നുവരാൻ അവസരമൊരുക്കുന്നു.
വരുന്ന ഒക്ടോബറിൽ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്നും അജിത് പവാറിനെ നേരിടാൻ യുഗേന്ദ്ര പവാറിനെ ശരദ് പവാർ രംഗത്തിറക്കുകയാണ്. അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര പവാർ. ബാരാമതി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ശരദ് പവാറിനൊപ്പം ബാരാമതിയിൽ ഒരു പൊതുപരിപാടിയിൽ യുഗേന്ദ്ര യാദവ് പങ്കെടുത്തത്. ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് പവാർ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നുവെന്ന വാർത്തകൾ വരുന്നത്.
ബാരാമതിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള യോഗേന്ദ്ര യാദവിന്റെ സോഫ്റ്റ് ലാൻഡിങ്ങാണ് ശരദ് പവാർ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശരദ് പവാർ വിരുദ്ധതയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി. അണികളുടെ പ്രധാന രാഷ്ട്രീയായുധം. എന്നാൽ രാഷ്ട്രീയ തന്ത്രഞ്ജൻ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന അമിത്ഷാ അതും അവതാളത്തിലാക്കി. അതിന്റെ അനന്തര ഫലംകൂടിയാണ് മഹാരാഷ്ട്രയിലെ ബിജെപി തോൽവി.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്