നവ കേരളത്തിന് ആർത്തുചിരിക്കാനും ഓർത്തു ചിരിക്കാനും വേണ്ടുന്ന 'വഹ' നൽകുന്ന അഭിനവ കുഞ്ചനാണ് ഇ.പി. ജയരാജൻ നമ്പ്യാർ. അങ്ങ് കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി താലൂക്കിലെ ഇരിണാവിൽ കൃഷ്ണൻ നമ്പ്യാരുടേയും പാർവതിയമ്മയുടേയും മകനായി 1950 മെയ് 28ന് ഭൂജാതനായവൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂർ പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കിയതോടെ പ്രായപൂർത്തിയുമായെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.
എന്തായാലും 2018 മുതൽ 2021 വരെ സംസ്ഥാന വ്യവസായ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായി കായികലോകത്തേയും കൗമാരയുവജനതയേയും കോരിത്തരിച്ചിച്ചു എന്നത് സത്യം..!
ഇടതു മുന്നണി കൺവീനർ, മൂന്ന് തവണ നിയമസഭാംഗം, ദേശാഭിമാനി ജനറൽ മാനേജർ, കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി എന്നീ നിലകളിൽ തിളങ്ങി വിളങ്ങിയ മനുഷ്യൻ.
എപ്പോഴോ താമരയിതളുകളുടെ തഴുകലിൽ വീണുപോയി. അതിനുപിന്നിൽ കച്ചവടക്കണ്ണുള്ള ചില രാജീവ് ചന്ദ്രശേഖരന്മാരൊക്കെ ഉണ്ടായെന്നു കൂട്ടിക്കോളൂ. ഇതറിഞ്ഞ പാർട്ടി കക്ഷിയെ പതിയെ മുളയിലേ തള്ളിമാറ്റാനൊരുങ്ങി. അങ്ങിനെ ഒരു സുപ്രഭാതത്തിൽ ഒരുപണിയൊന്നുമില്ലാതായപ്പോൾ സ്വന്തം ജീവിതം ആത്മകാഥാരൂപത്തിൽ എഴുതിവയ്ക്കണമെന്നു വെളിപാടുണ്ടായി. പിന്നെ ഒന്നും നോക്കിയില്ല.
ദേശാഭിമാനിയിലെ എഴുതാൻ മിടുക്കുള്ളൊരുത്തനെ പിടിച്ചിരുത്തി വായിൽതോന്നിയതൊക്കെ പറഞ്ഞുകൊടുത്തെന്നും, അത് ഭംഗിയായി മൂപ്പർ എഴുതിയൊപ്പിച്ചെന്നും ഡിസി ബുക്‌സ് അത് അച്ചടിക്കാമെന്നും കരാറുണ്ടാക്കിയെന്നും പാണന്മാർ പാടിനടക്കുന്നുണ്ട്. എന്നാൽ കിത്താബ് എഴുതി പൂർത്തിയാകുന്നതിനുമുൻപ് ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നതിൽ ഏതൊക്കെയോ ചതിയൻ ചന്തുമാർ ഇടപെട്ടിട്ടുണ്ടെന്ന് ഇപിയും സി.പി.എം. ഒരുപൊലെ കരുതുന്നു. ഈ മാധ്യമപ്പടകളാണ് നവകേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നക്കാർ. അവർ ആവശ്യമില്ലാത്തിടത്തു വലിഞ്ഞുകയറി അല്പന്മാരും അഹങ്കാരികളുമായനേതാക്കൾ എന്ന് സ്വയം അഭിമാനിക്കുന്നവരുടെ പിന്നാലെ കൂടും..! അവരുടെ ധിക്കാരത്തിനും പുലയാട്ടിനും നിന്നുകൊടുത്തിട്ട് പിന്നെക്കിടന്നു മോങ്ങും.
കട്ടൻചായയും പരിപ്പുവടയും ആരുടെ സൃഷ്ടി..? ഇ.പി.ജയരാജൻ ഇനി എഴുതുന്നതെന്താകും? ഇങ്ങനെയൊക്കെ ചോദിച്ചുകൊണ്ട് ബ്രേക്കിംഗ് ന്യൂസ് എന്നപേരിൽ പടച്ചുവിടുന്നതെല്ലാം ശബ്ദമാലിന്യത്തിന് ഇടയാക്കാൻ മാത്രം കഴിയുന്ന ഉരുപ്പടിയാണെന്ന് ഇവരിനി എന്നു മനസ്സിലാക്കും..? കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
മൂർത്തമായ സമയത്ത് അമൂർത്തമായ ചോദ്യങ്ങൾ ചോദിച്ചാൽ മൂർത്തമായ ഉത്തരങ്ങൾ കിട്ടിക്കോളണം എന്നില്ല എന്ന് കോവിന്ദൻ മാഷ് എപ്പോഴേ പറയാൻ റെഡിയായി നിൽക്കുന്നു.
സത്യത്തിൽ ഇ.പി ജയരാജ് എഴുതിയതല്ല ഡിസി പുറത്തുവിട്ടതെങ്കിൽ ഡിജിപിക്ക് പരാതികൊടുക്കുകയല്ല വേണ്ടത്..! അത് പ്രസിദ്ധീകരിക്കുന്നതിനെതിരെ മുൻസിഫ് കോടതിയിൽ പോയി ഇൻജക്ഷൻ കൊടുക്കുകയല്ലേ ചെയ്യേണ്ടതെന്നോന്നും ചോദിക്കാനിവിടെ ആരുമില്ല. ധൈര്യമുണ്ടെങ്കിൽ ജയരാജൻ സിവിൽ കോടതിയിൽ കേസുകൊടുക്കണം എന്നും പറയുന്നവരോട് തൽക്കാലം മിണ്ടാൻ പോകേണ്ടതില്ലെന്നായിരിക്കും പാർട്ടി തീരുമാനം.
ഇത് ഡി.സി രവിയും ജയരാജനും തമ്മിലുള്ള ഒത്തുകളിയാണെന്നു കരുതുന്നവരുമുണ്ട്. പാർട്ടി ചെയ്യേണ്ടത് ജയരാജനെ പുറത്താക്കുകയാണെന്നു പറയുന്ന കറതീർന്ന കമ്മ്യൂണിസ്റ്റുകാരും ഇവിടെയുണ്ട്. അവരെല്ലാം മാളത്തിനകത്താണെന്നുമാത്രം. മറ്റൊരു തമാശ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിലൂടെ ജയരാജൻ എന്ത് അരമനരഹസ്യമാണ് പുറത്തുകൊണ്ടുവന്നത്..?
നാട്ടിലുള്ള കൊച്ചു കുഞ്ഞിനുപോലും അറിയാവുന്നകാര്യത്തിൽ കവിഞ്ഞെന്ത് കുന്തമാണ് പുറത്തുവന്നത്..? സാംസ്‌ക്കാരിക കേരളത്തിന് ഈ പുസ്തക്തിന്റെ പേരിൽ ലഭിച്ചതും ഇനി ലഭിക്കാൻ പോകുന്നതും ശബ്ദമാലിന്യം മാത്രം..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്