നിങ്ങളുടെ ശബ്ദം അതേപടി ഉപയോഗിച്ച് വീഡിയോകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന എ.ഐ. ഫീച്ചറുമായി മെറ്റാ. നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. റീൽസിലെ ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ ഉപയോഗിച്ച് തങ്ങളുടെ ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം മെറ്റയുടെ 'കണക്റ്റ്' ഡെവലപ്പർ കോൺഫറൻസിൽ പ്രഖ്യാപിച്ച ഈ ഫീച്ചർ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം റീൽസുകളിലാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. വിവർത്തനം ചെയ്യുമ്പോൾ യഥാർത്ഥ ശബ്ദത്തിന്റെ ഘടനയും ഭാവവും നിലനിർത്താൻ എ.ഐ.യ്ക്ക് സാധിക്കുമെന്ന് മെറ്റാ പറയുന്നു. കൂടാതെ, ലിപ്‌സിങ്ക് ഫീച്ചർ ഉപയോഗിച്ച് സംഭാഷണത്തിനനുസരിച്ച് ചുണ്ടുകളുടെ ചലനങ്ങൾ ക്രമീകരിക്കാനും കഴിയും. ഇത് വിവർത്തനം കൂടുതൽ സ്വാഭാവികമാക്കും.
നിലവിൽ, ഇംഗ്ലീഷിൽ നിന്ന് സ്പാനിഷിലേക്കും തിരിച്ചും മാത്രമേ വിവർത്തനം സാധ്യമാകൂ. ഭാവിയിൽ കൂടുതൽ ഭാഷകൾ കൂട്ടിച്ചേർക്കുമെന്ന് മെറ്റാ അറിയിച്ചു. 1,000ൽ അധികം ഫോളോവേഴ്‌സുള്ള ഫെയ്‌സ്ബുക്ക് ക്രിയേറ്റർമാർക്കും എല്ലാ ഇൻസ്റ്റഗ്രാം പബ്ലിക് അക്കൗണ്ടുകൾക്കും ഈ ഫീച്ചർ ഉപയോഗിക്കാം. റീൽ പബ്ലിഷ് ചെയ്യുന്നതിന് മുൻപായി 'Translate your voice with Meta AI' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
വിവർത്തനം ചെയ്ത റീൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ക്രിയേറ്റർമാർക്ക് അത് കണ്ടുറപ്പിക്കാനും ആവശ്യമില്ലാത്തപ്പോൾ ഈ ഫീച്ചർ ഓഫാക്കാനും സാധിക്കും. എ.ഐ.യുടെ സഹായത്തോടെ വിവർത്തനം ചെയ്ത വീഡിയോ കാണുമ്പോൾ പ്രേക്ഷകർക്ക് താഴെയായി ഇത് തിരിച്ചറിയാനുള്ള ഒരു നോട്ടിഫിക്കേഷൻ കാണാൻ കഴിയും. പുതിയ പ്രേക്ഷകരിലേക്ക് തങ്ങളുടെ ഉള്ളടക്കം എത്രത്തോളം എത്തുന്നുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുതിയ മെട്രിക്‌സ് ക്രിയേറ്റർമാർക്ക് ഇൻസൈറ്റ്‌സ് പാനലിൽ ലഭിക്കും.
ഈ ഫീച്ചർ ഉപയോഗിക്കുന്നവർ സംസാരിക്കുമ്പോൾ വ്യക്തമായി മുന്നോട്ട് നോക്കി സംസാരിക്കാനും, വായ മറയ്ക്കാതിരിക്കാനും മെറ്റാ നിർദ്ദേശിക്കുന്നു. അതുപോലെ, പശ്ചാത്തലത്തിലുള്ള ശബ്ദവും സംഗീതവും കുറയ്ക്കുന്നത് വിവർത്തനത്തിന്റെ കൃത്യത വർദ്ധിപ്പിക്കും. ഈ ഫീച്ചർ ഒരേസമയം രണ്ട് പേർ സംസാരിക്കുന്നത് വരെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. അതിനാൽ, സംസാരിക്കുമ്പോൾ പരസ്പരം തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.
കൂടുതൽ ഭാഷകൾ എന്ന് ലഭ്യമാക്കുമെന്ന് മെറ്റാ വ്യക്തമാക്കിയിട്ടില്ല. ഭാഷാപരവും സാംസ്‌കാരികവുമായ അതിരുകൾ ഭേദിച്ച് ക്രിയേറ്റർമാർക്ക് തങ്ങളുടെ പ്രേക്ഷകരെ വളർത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് ഇൻസ്റ്റഗ്രാം തലവൻ ആദം മോസെറി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്