ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന ഹാർദ്ദിക് പാണ്ഡ്യ ഏത് ഫ്രാഞ്ചൈസിയിലേക്ക് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം. ഹാർദിക് പാണ്ഡ്യയ്ക്കായി രണ്ട് ഫ്രാഞ്ചൈസികളാണ് രംഗത്തുള്ളത്. എന്നാൽ ട്രേഡിങ് ഡീലിൽ മുംബൈയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇരു ഫ്രാഞ്ചൈസികളും തയ്യാറല്ല.
ഹാർദ്ദിക്കിനായി ചെന്നൈ സൂപ്പർ കിങ്‌സ് ശക്തമായി രംഗത്തുണ്ട്. ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ചെന്നൈയ്ക്ക് ആവശ്യവുമാണ്. എന്നാൽ ഹാർദ്ദിക്കിന് നായകസ്ഥാനം നൽകാൻ ചെന്നൈ ഒരുക്കമല്ല. ഈ സീസണിൽ കൂടി ഋതുരാജ് ഗെയ്ക്വാദ് നായകനായി തുടരണമെന്നാണ് ചെന്നൈയുടെ തീരുമാനം. ഈ സീസണിൽ ഋതുരാജിന്റെ ക്യാപ്റ്റൻസി മോശമായാൽ പകരം സഞ്ജു സാംസൺ നായകസ്ഥാനത്തേക്ക് എത്തണമെന്നും ടീം മാനേജ്‌മെന്റിനുണ്ട്. അതുകൊണ്ട് ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദ്ദിക്കിനെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസി ഒരുക്കമല്ല.
ട്രേഡിങ്ങിൽ ഹാർദ്ദിക്കിന് പകരം സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, റിങ്കു സിങ് എന്നീ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളിൽ മുംബൈ കണ്ണുവച്ചിട്ടുണ്ട്. എന്നാൽ ഈ മൂന്ന് പേരെയും വിട്ടുകൊടുക്കാൻ കൊൽക്കത്ത ഒരുക്കമല്ല. കാമറൂൺ ഗ്രീനിനെ തരാമെന്നാണ് കൊൽക്കത്തയുടെ നിലപാട്.
അങ്ങനെ വന്നാൽ ഹാർദ്ദിക്കിനെ സ്വന്തം കോട്ടയിലെത്തിച്ച് നായകസ്ഥാനം നൽകാനും കൊൽക്കത്തയ്ക്ക് സാധിക്കും. എന്നാൽ ഗ്രീൻ രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ ഐ.പി.എൽ പൂർണമായി കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ട് ഹാർദ്ദിക്കിന് പകരം ഗ്രീനിനെ നൽകാമെന്ന ഡിമാൻഡ് മുംബൈ അംഗീകരിക്കില്ല. ഹർഷിത് റാണ, അംഗ്രിഷ് രഘുവൻശി എന്നിവരിൽ ഒരാളെ നൽകാനും മുംബൈ ആവശ്യപ്പെട്ടേക്കും.
ഹാർദ്ദിക്കിന് ഇടയ്ക്കിടെ പരുക്കേൽക്കുന്നതും കൊൽക്കത്തയുടെ ആശങ്കയാണ്. നായകസ്ഥാനം കൊടുത്താൽ തന്നെയും ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഹാർദ്ദിക്കിനെ വാങ്ങുന്നത് ടീമിന് ദോഷമാകുമോ എന്നാണ് ഫ്രാഞ്ചൈസിയുടെ ആശങ്ക.
2027 ഐ.പി.എല്ലിനായി നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 15 ആണ്. അതിനുള്ളിൽ ഹാർദിക്കിന്റെ ഭാവിയിൽ തീരുമാനമാകണം. ഡിസംബർ 16 നാണ് മിനി താരലേലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
