ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗ്ളൂരുവിന് തകർപ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ.
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ 4 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താൻ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.
പവർ പ്ലേയിൽ ഭേദപ്പെട്ട തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ആയുഷ് മാഹ്ത്രെയും ഷെയ്ക് റഷീദും ചേർന്ന് പവർ പ്ലേയ്ക്ക് മുമ്ബ് തന്നെ ടീം സ്കോർ 50 എത്തിച്ചു. 4ാം ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 17കാരനായ ആയുഷ് മാഹ്ത്രെ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 26 റൺസാണ് അടിച്ചെടുത്തത്. 4.1 ഓവറിൽ ടീം സ്കോർ 50 കടന്നു. എന്നാൽ, പവർ പ്ലേ അവസാനിക്കും മുമ്ബ് റഷീദിനെയും സാം കറനെയും ചെന്നൈയ്ക്ക് നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച മഹ്ത്രെ ജഡേജ സഖ്യം മികച്ച രീതിയിൽ ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി.
സ്പിൻ ആക്രമണമാണ് ബെംഗളൂരു ആദ്യം തന്നെ പരീക്ഷിച്ചത്. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ 6 റൺസ് മാത്രമാണ് പിറന്നത്. ഭുവനേശ്വർ കുമാർ എറിഞ്ഞ രണ്ടാം ഓവറിൽ 5 റൺസ് മാത്രം നേടാനെ ചെന്നൈ ബാറ്റർമാർക്ക് കഴിഞ്ഞുള്ളൂ. മൂന്നാം ഓവറിൽ യാഷ് ദയലിനെതിരെ 12 റൺസ് കൂടി നേടി ചെന്നൈ സ്കോർ ഉയർത്തി. എന്നാൽ, ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ആയുഷ് മാഹ്ത്രെ 26 റൺസ് അടിച്ചുകൂട്ടി.
4.1 ഓവറിൽ ടീം സ്കോർ 50 കടന്നു. എന്നാൽ, രണ്ട് പന്തുകൾക്ക് ശേഷം ഷെയ്ക് റഷീദിനെ പുറത്താക്കി ക്രുനാൽ ചെന്നൈയ്ക്ക് ആദ്യ പ്രഹരം നൽകി. പവർ പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറിയോടെ തിളങ്ങിയ സാം കറനെ ലുൻഗി എൻഗിഡി പുറത്താക്കി. 5 പന്തുകൾ നേരിട്ട കറന് 5 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.
മഹാത്രെയ്ക്ക് പിന്തുണയുമായി ജഡേജ കൂടി സ്കോറിംഗിന് വേഗം കൂട്ടിയതോടെ ആർസിബി ബൗളർമാർ വിയർത്തു.
9ാം ഓവറിൽ മഹ്ത്രെ അർദ്ധ സെഞ്ച്വറി തികച്ചു. 25 പന്തുകളിൽ നിന്നായിരുന്നു മഹ്ത്രെയുടെ നേട്ടം. ഇതിന് പിന്നാലെ 9.4 ഓവറിൽ ചെന്നൈയുടെ സ്കോർ 100ഉം 14 ഓവറിൽ 150ഉം കടന്നു. 29 പന്തുകളിൽ നിന്ന് ജഡേജ അർദ്ധ സെഞ്ച്വറി നേടി. 15 ഓവറുകൾ പൂർത്തിയായപ്പോൾ ചെന്നൈയുടെ സ്കോർ 2ന് 160. ജയിക്കാൻ വേണ്ടിയിരുന്നത് 30 പന്തിൽ 54 റൺസ്. 16ാം ഓവറിൽ വ്യക്തിഗത സ്കോർ 94ൽ നിൽക്കെ മഹ്ത്രെയുടെ ക്യാച്ച് രജത് പാട്ടീദാറും 56 റൺസിൽ നിൽക്കുകയായിരുന്ന ജഡേജയുടെ ക്യാച്ച് ലുൻഗി എൻഗിഡിയും പാഴാക്കി.
17ാം ഓവറിന്റെ രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെയെ എൻഗിഡി മടക്കിയയച്ചു. തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിനെയും എൻഗിഡി പുറത്താക്കിയതോടെ ധോണി ക്രീസിലെത്തി. മൂന്ന് ഓവറിൽ 35 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ചെന്നൈ എത്തുമോ എന്നതായിരുന്നു പിന്നീടുള്ള ആകാംക്ഷ.
2 ഓവറിൽ 20 റൺസ് കൂടി നേടാൻ ധോണി ജഡേജ സഖ്യത്തിന് കഴിഞ്ഞതോടെ അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 15 റൺസ്. മൂന്നാമത്തെ പന്തിൽ ധോണിയെ വിക്കറ്റിന് മുന്നിൽ കുരുക്കി യാഷ് ദയാൽ മത്സരം ആർസിബിയ്ക്ക് അനുകൂലമാക്കി. അവസാന പന്തിൽ 4 റൺസ് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ശിവം ദുബെയ്ക്ക് ബൗണ്ടറി കണ്ടെത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്