ടെന്നീസ് കോർട്ടിലെ ഇതിഹാസ താരം റാഫേൽ നദാൽ ഇനി റയൽ മാഡ്രിഡിന്റെ ഭരണനേതൃത്വത്തിലും. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ സ്പാനിഷ് താരം റയൽ മാഡ്രിഡിന്റെ ഡയറക്ടർ ബോർഡിൽ അംഗമായി ചുമതലയേറ്റു. ക്ലബിന്റെ ദീർഘകാല ആരാധകൻ കൂടിയായ നദാലിന്റെ പുതിയ സ്ഥാനലബ്ധിയിൽ അഭിമാനം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് രംഗത്തെത്തി. ബുധനാഴ്ചയാണ് ക്ലബ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കുട്ടിക്കാലത്ത് റയൽ മാഡ്രിഡ് ജഴ്‌സി ധരിച്ചുനിൽക്കുന്ന തന്റെ ചിത്രം നദാൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു. ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസിനും ഡയറക്ടർ ബോർഡിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
റയൽ മാഡ്രിഡിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകാനുള്ള നിർദേശം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് നദാൽ കുറിച്ചു. പുതിയ ചുമതലയിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും ക്ലബിനായി തന്നാൽ കഴിയുന്ന സംഭാവനകൾ നൽകാനുമാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ റയൽ മാഡ്രിഡിന്റെ ഓണററി അംഗത്വം ലഭിച്ചിട്ടുള്ള താരമാണ് നദാൽ. 2026ന്റെ തുടക്കത്തിൽ ക്ലബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി താരം അന്ന് രംഗത്തെത്തിയിരുന്നു
2024ലാണ് 40കാരനായ നദാൽ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചത്. കായികരംഗത്തെ നേട്ടങ്ങൾക്കപ്പുറം വ്യക്തിത്വവും അച്ചടക്കവും മത്സരവീര്യവും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നുവെന്നാണ് റയൽ മാഡ്രിഡിന്റെ വിലയിരുത്തൽ. നദാലിന്റെ കായികജീവിതം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്റെ കഴിവ്, കഠിനാധ്വാനം, ആത്മസമർപ്പണം, വിനയം, എതിരാളികളോടും സഹതാരങ്ങളോടുമുള്ള ബഹുമാനം എന്നിവ റയൽ മാഡ്രിഡിന്റെ മൂല്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
കായികരംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് നദാലിന്റേത്. അദ്ദേഹത്തെ ഡയറക്ടർ ബോർഡിന്റെ ഭാഗമാക്കാൻ കഴിഞ്ഞത് ക്ലബിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും റയൽ മാഡ്രിഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
