ഡാകർ: സെനഗലിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിൽ വീണ്ടും ഇന്ത്യൻ മെഡൽത്തിളക്കം. വനിതകളുടെ ബാഡ്മിന്റണിൽ ഒഡീഷയിൽ നിന്നുള്ള 15കാരി തൻവി പത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയത്.
യൂത്ത് ഒളിമ്പിക്‌സ് ബാഡ്മിന്റൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായ തൻവി കലാശക്കളിയിൽ നിലവിലെ ലോക ജൂനിയർ ചാമ്പ്യൻ ചൈനയുടെ ഷാംഗ് ഇ ഷിന്നിനോട് തോറ്റതോടെയാണ് വെള്ളി മെഡലിലെത്തിയത്. യൂത്ത് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും തൻവിയാണ്. പുരുഷ താരങ്ങളായ മലയാളി എച്ച്.എസ് പ്രണോയ് 2010ലും ലക്ഷ്യ സെൻ 2018ലും വെള്ളി നേടിയിട്ടുണ്ട്.
82 മിനിട്ടു നീണ്ട ഫൈനലിൽ 21-15, 13-21, 26-24 എന്ന സ്‌കോറിനാണ് ചൈനീസ് താരം ജയിച്ചത്. ആദ്യ ഗെയിം നേടിയത് ഷാംഗ് ഇ ഷിന്നാണ്. എന്നാൽ തൻവി രണ്ടാം ഗെയിമിൽ തിരിച്ചടിച്ചു. നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 19-10 എന്ന നിലയിൽ മുന്നിട്ടുനിന്ന ചൈനീസ് താരത്തിനെതിരെ നിരന്തരം പോയിന്റുകൾ നേടിയ തൻവി മത്സരം പ്രവചനാതീതമാക്കി. ഒടുവിൽ 26-24 എന്ന സ്‌കോറിനാണ് ചൈനീസ് താരത്തിന് ജയിക്കാനായത്.
മൂന്നാം സീഡായി യൂത്ത് ഒളിമ്പിക്‌സിനെത്തി തൻവി ഗ്രൂപ്പ് റൗണ്ടിൽ മിന്നുന്ന വിജയങ്ങളോടെ ക്വാർട്ടറിലെത്തി അവിടെ കീഴടക്കിയത് ഏഴാം സീഡ് തായ്‌ലാൻഡ് താരം കാകനിക് കുംഗായിയെയാണ്. സെമിയിൽ മറികടന്നത് ജപ്പാന്റെ രണ്ടാം സീഡ് താരം യുസ്‌നോ വതനാബെയേയും.
ഇതോടെ ഈ യൂത്ത് ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡലുകളുടെ എണ്ണം നാലായി. രണ്ടുവീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. വനിതകളുടെ 63 കിലോ വിഭാഗം ജൂഡോയിൽ ഖുശ്ബു രജക്ഭായിയാണ് ആദ്യ വെള്ളി നേടിയത്. നീന്തലിൽ ധിനിധി ദേശിംഗുവും വുഷുവി രാജ്കുമാരി ചാനുവും വെങ്കലം നേടി.
ബംഗ്‌ളുരുവിലെ പ്രകാശ് പദുക്കോൺ അക്കാഡമിയിൽ മുൻ അന്താരാഷ്ട്ര താരവും മലയാളിയുമായ യു.വിമൽകുമാറിന് കീഴിലാണ് തൻവി പരിശീലിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ചൈനയിലായിരുന്ന തൻവിക്ക് കോവിഡ് സമയത്ത് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ബാഡ്മിന്റണിൽ തത്പരയായിരുന്ന തൻവിയെ 10-ാം വയസിലാണ് ബെംഗളുരുവിലെ അക്കാഡമിയിൽ ചേർത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
