മാഡ്രിഡ് : രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ അവസാന ഇരുപത് മിനിട്ടിനിടെ നാലുഗോളുകൾ തിരിച്ചടിച്ച് വിജയിച്ച ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു. അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 72-ാം മിനിട്ടുവരെ 2-0ത്തിന് ബാഴ്‌സലോണ പിന്നിലായിരുന്നു.
പിന്നീട് ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളും റോബർട്ടോ ലെവാൻഡോവ്‌സ്‌കിയുടെയും ലാമിൻ യമാലിന്റെ ഗോളും ചേർന്ന് ബാഴ്‌സയുടെ വിജയചരിതമെഴുതി. കഴിഞ്ഞ വാരം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയാണ് അത്‌ലറ്റിക്കോയ്ക്ക് ബാഴ്‌സയിൽ നിന്നുള്ള പ്രഹരമേറ്റത്.
ലീഡ് നേടിയശേഷം പ്രതിരോധത്തിലൂന്നി കളിക്കാനുള്ള അത്‌ലറ്റിക്കോ കോച്ച് ഡീഗോ സിമയോണിയുടെ തന്ത്രത്തെ വർദ്ധിതവീര്യ ആക്രമണങ്ങൾകൊണ്ട് പൊളിച്ചടുക്കുകയായിരുന്നു ഹാൻസി ഫ്‌ളിക്ക് പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ.
ഈ വിജയത്തോടെ 27 മത്സരങ്ങളിൽനിന്ന് 60 പോയിന്റായ ബാഴ്‌സലോണ 28 മത്സരങ്ങളിൽനിന്ന് 60 പോയിന്റുള്ള റയൽ മാഡ്രിഡിനെ ഗോൾ മാർജിനിൽ മറികടന്നാണ് ലാ ലിഗയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
അതിഗംഭീരമായിരുന്നു ബാഴ്‌സലോണയുടെ തിരിച്ചുവരവ്. 45-ാം മിനിട്ടിൽ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് ജൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോയുടെ ആദ്യ ഗോൾ (1-0). 70-ാം മിനിട്ടിൽ അലക്‌സാണ്ടർ സൊലോത്തിലൂടെ അത്‌ലറ്റിക്കോ വീണ്ടും ബാഴ്‌സയുടെ വലകുലുക്കുന്നു (2-0).
72-ാം മിനിട്ടിൽ ഇനിഗോ മാർട്ടിനെസിന്റെ പാസിൽ നിന്ന് ലെവൻഡോവ്‌സ്‌കി ബാഴ്‌സയുടെ ആദ്യ ഗോൾ നേടി (2-1). 78-ാം മിനിട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്ന് ഫെറാൻ ടോറസ് വലകുലുക്കിയതോടെ ബാഴ്‌സലോണ സമനില പിടിച്ചു (2-2).
പിന്നീടും മികച്ച കളി തുടർന്ന ബാഴ്‌സയ്ക്കു വേണ്ടി ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ലാമിൻ യമാൽ വലകുലുക്കിയതോടെ ബാഴ്‌സ മത്സരത്തിലാദ്യമായി മുന്നിലെത്തി (2-3). ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ ഫെറാൻ ടോറസ് ബാഴ്‌സയുടെ പട്ടിക പൂർത്തിയാക്കി (2-4).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്