അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് ഭേദമാകാത്ത വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വ്യക്തിപരമായ കാരണങ്ങളാൽ സ്പിന്നർ ആദം സാംപ പരമ്പരയിലെ ആദ്യ മത്സരത്തിലും കളിക്കില്ല.
പരിക്കുമൂലം ക്യാപ്ടൻ പാറ്റ് കമിൻസ്, ഗ്ലെൻ മാക്‌സ്‌വെൽ, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരെ നഷ്ടമായ ഓസീസിനെ വീണ്ടും ദുർബലപ്പെടുത്തുന്നതാണ് ഇംഗ്ലിസിന്റെയും സാംപയുടെയും അസാന്നിധ്യം.
ഷെഫീൽഡ് ഷീൽഡിൽ കളിക്കുന്നതിനാൽ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കില്ലെന്ന് ഓസ്‌ട്രേലിയൻ സെലക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർമാർ രണ്ടുപേരുമില്ലാതെയാകും 19ന് പെർത്തിൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഓസ്‌ട്രേലിയ ഇറങ്ങുക എന്നുറപ്പായി. തുടയിലേറ്റ പരിക്ക് ഭേദമാകാത്തതാണ് ഇംഗ്ലിസിന് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും കളിക്കാൻ കഴിയാത്തതിന് കാരണം. പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും ഇംഗ്ലിസിന് കളിക്കാൻ കഴിയുമോ എന്ന് പിന്നീട് മാത്രമെ വ്യക്തമാകു.
ക്യാരിയും ഇംഗ്ലിസും ഇല്ലാത്ത സാഹചര്യത്തിൽ വെടിക്കെട്ട് ബാറ്ററായ ജോഷ് ഫിലിപ്പിനെ ഓസീസ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിലുൾപ്പെടുത്തി. അടുത്തിടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പകരക്കാരനായും ഫിലിപ്പിനെ സെലക്ടർമാർ ടീമിലുൾപ്പെടുത്തിയിരുന്നു. ഓസീസിനായി മൂന്ന് ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള ഫിലിപ്പ് 2021ലാണ് അവസാനം ഓസീസ് കുപ്പായത്തിൽ കളിച്ചത്. ആദം സാംപക്ക് പകരം സ്പിന്നർ മാത്യു കുനെമാനിനെയും ആദ്യ മത്സരത്തിനുള്ള ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ആഷസ് പരമ്പരക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഷെഫീൽഡ് ഷീൽഡിൽ കളിക്കുന്നതിനാലാണ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ക്യാപ്ടൻ പാറ്റ് കമിൻസിനാകട്ടെ പരിക്കുമൂലമാണ് ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായത്. പരിക്ക് ഭേദമായില്ലെങ്കിൽ കമിൻസിന് അടുത്ത മാസം തുടങ്ങുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്