കണ്ണൂര്‍: സംസ്ഥാനത്തെ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍. മന്ത്രിയായ ശേഷം തന്നെ സന്ദര്‍ശിക്കാനെത്തിയ സണ്ണി ജോസഫിനെ മുന്നിലിരുത്തിയാണ് പത്മനാഭന്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്ന പത്മനാഭന്റെ ചോദ്യത്തിന്, 'നന്നായി പോകുന്നു' എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍, ഈ മറുപടിയെ തള്ളിക്കൊണ്ട് പത്മനാഭന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. 'നന്നായി തന്നെയാണോ പോകുന്നത്? ഈ സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാല്‍ നല്ലത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.
പ്രത്യേകം പരാമര്‍ശിച്ച ഒരു വക്കീലിന്റെ നിയമനത്തെയും പത്മനാഭന്‍ ചോദ്യം ചെയ്തു. ആ വക്കീലിനെ നിയമിച്ചത് ശരിയായില്ലെന്നും, ഇതു കണ്ടു പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭന്റെ രൂക്ഷമായ വാക്കുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ മന്ത്രി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. പ്രമോദ് ഇടപെട്ട്, 'പപ്പേട്ടാ ശ്രമിക്കുന്നുണ്ട്, ശരിയാകും' എന്ന് പറഞ്ഞ് അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിച്ചു. 'നന്നായാല്‍ സന്തോഷം, അത്രയേയുള്ളൂ. എത്രയും നേരത്തേയായാല്‍ അത്രയും സന്തോഷം' എന്നായിരുന്നു ഇതിന് പത്മനാഭന്റെ മറുപടി. 10 വര്‍ഷത്തെ ഭരണം മാറി വന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അത് ശരിയാകുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസുകാരനാണ് താനെന്ന് ഓര്‍മ്മിപ്പിച്ച പത്മനാഭന്‍, ഇന്നത്തെ യുവ നേതാക്കളുടെ നിലപാടുകളിലുള്ള സങ്കടവും പങ്കുവെച്ചു. പത്ത് വയസാകുന്നതിന് മുന്‍പ് കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തിലും പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു.
1943 മുതല്‍ താന്‍ ഖാദി വസ്ത്രം മാത്രമാണ് ധരിക്കുന്നതെന്നും ലോകം മുഴുവന്‍ ഖദര്‍ ധരിച്ചാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്നത്തെ 'ന്യൂജെന്‍' കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണെന്നും അതില്‍ തനിക്ക് കടുത്ത സങ്കടമുണ്ടെന്നും വി.കെ. കൃഷ്ണമേനോനെപ്പോലുള്ള പ്രഗത്ഭര്‍ വിദേശത്തായിരുന്നപ്പോള്‍ കോട്ടിട്ടാലും നാട്ടിലെത്തിയാല്‍ ഖദര്‍ ധരിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് യാത്രകളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് കടന്നപ്പോഴാണ് താന്‍ എന്തുകൊണ്ട് യാത്രാവിവരണം എഴുതുന്നില്ലെന്ന കാര്യം പത്മനാഭന്‍ വ്യക്തമാക്കിയത്. പലരും വിദേശത്ത് പോകാതെ പോലും വലിയ യാത്രാ വിവരണങ്ങള്‍ എഴുതിക്കൂട്ടുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലെ ടൂറിസം പ്രചാരണ പുസ്തകങ്ങള്‍ നോക്കി യാത്രാവിവരണം എഴുതാറുണ്ടെന്നും ഇത്തരം പ്രവണതകള്‍ കൊണ്ടാണ് താന്‍ യാത്രാവിവരണം എഴുതേണ്ടെന്ന് തീരുമാനിച്ചതെന്നും പത്മനാഭന്‍ വ്യക്തമാക്കി.
മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വായനയെയും ഭാഷാജ്ഞാനത്തെയും പ്രശംസിച്ച പത്മനാഭന്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍ എപ്പോഴാണ് കണ്ണൂരിലേക്ക് വരുന്നതെന്ന് മന്ത്രിയോട് അന്വേഷിച്ച ശേഷമാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
