'കസേര നേതാക്കള്‍ക്ക്, തമ്മിലടി പ്രവര്‍ത്തകര്‍ക്ക്'; കോണ്‍ഗ്രസ് നേതൃത്വത്തിനും ചെന്നിത്തലയ്ക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

NOVEMBER 23, 2026, 10:06 PM

കൊച്ചി: കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളും സൈബര്‍ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ, പാര്‍ട്ടി നേതൃത്വത്തിനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോ എന്നാണ് അമല്‍ ചോദിക്കുന്നത്.


എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്ന് കുറിപ്പില്‍ നേരിട്ട് ചോദിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികള്‍ കേരളം മറന്നിട്ടില്ലെന്നും ഇപ്പോള്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കുകയാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അമല്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ വോട്ട് ചെയ്തത് അഞ്ചുവര്‍ഷം ഭരിക്കാനാണെന്നും അഞ്ചുവര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച ചെയ്യാനല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

vachakam
vachakam
vachakam


പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് സിപിഎം പുലര്‍ത്തിയ സംഘടനാപരമായ അച്ചടക്കത്തെയും മുസ്ലിം ലീഗിന്റെ കെട്ടുറപ്പിനെയും കുറിപ്പില്‍ അമല്‍ പ്രശംസിച്ചു. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് അവരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നേതാക്കളുടെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ചാനല്‍ ചര്‍ച്ചകളിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും രാവും പകലും പോരാട്ടം നടത്തുകയാണ് സാധാരണ പ്രവര്‍ത്തകരെന്നും കസേര നേതാക്കള്‍ക്കും തമ്മിലടി പ്രവര്‍ത്തകര്‍ക്കും എന്ന നിലയിലുള്ള തൊഴില്‍വിഭജനമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


vachakam
vachakam
vachakam

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായം പറയുമ്പോള്‍ ഉടന്‍തന്നെ ചിലര്‍ ബിജെപി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രവണതയെയും അമല്‍ ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ഗ്രൂപ്പ് നേതാക്കളുടെ എന്‍ഒസി ആവശ്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവര്‍ അതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് വെല്ലുവിളിച്ചു. പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബിജെപി മുദ്ര ചാര്‍ത്തുകയും ചോദ്യം ചോദിച്ചാല്‍ പാര്‍ട്ടിവിരുദ്ധനാക്കുകയും വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനം ആരോപിക്കുകയും ചെയ്യുന്ന രീതിയാണോ കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യമെന്നും കുറിപ്പില്‍ ചോദിക്കുന്നു.


മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂവെന്നും കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്‌നങ്ങള്‍ ആയിരക്കണക്കിനുണ്ടെന്നും അമല്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിക്കാനാണോ രാഷ്ട്രീയത്തില്‍ വന്നതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും വിമര്‍ശനങ്ങള്‍ക്ക് തെളിവുകളും വസ്തുതകളും കൊണ്ടാണ് മറുപടി നല്‍കേണ്ടതെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam