കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്; മന്ത്രിസഭാ യോഗത്തിലെ ഭിന്നതയെച്ചൊല്ലി വി.ഡി-കെ.സി പക്ഷങ്ങള്‍ നേര്‍ക്കുനേര്‍

NOVEMBER 20, 2026, 6:44 PM

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പഴയകാലത്തെ എ-ഐ ഗ്രൂപ്പ് പോരുകളെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രി വി.ഡി സതീശന്‍, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ച് ചേരിപ്പോര് ശക്തമാകുന്നു. സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസം തികയുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തര്‍ക്കങ്ങളും തുടര്‍ന്നുണ്ടായ വാര്‍ത്താ ചോര്‍ച്ചയുമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറിയിരിക്കുന്നത്.

മന്ത്രിസഭാ യോഗം അലങ്കോലമാക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സണ്ണി ജോസഫുമായി ഉണ്ടായ ചെറിയ ആശയക്കുഴപ്പത്തെ പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി കൂട്ടിക്കുഴച്ച് വലുതാക്കിയത് സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തിന്റെ ശോഭകെടുത്താനാണെന്ന് സതീശന്‍ പക്ഷം കുറ്റപ്പെടുത്തുന്നു. രാവിലെ 10.32-ന് മന്ത്രിസഭാ യോഗം അവസാനിച്ച് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ, യോഗത്തിലെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ കെ.സി പക്ഷത്തെ പ്രമുഖനായ മന്ത്രി എ.പി അനില്‍കുമാറാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയോട് അടുപ്പം പുലര്‍ത്തുന്ന കാരണത്താലാണ് ടി.എന്‍ പ്രതാപനെ എ.ഐ.സി.സി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും, സതീശന് അനുകൂലമായി സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ വീണ്ടും ഹൈക്കമാന്‍ഡിന് കത്തയക്കാന്‍ ഒരുങ്ങുകയാണെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മന്ത്രിസഭാ ചര്‍ച്ചകള്‍ ചോര്‍ത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയോട് അടുപ്പമുള്ള മന്ത്രി കെ. മുരളീധരനാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും കെ.സി വേണുഗോപാല്‍ പക്ഷം തിരിച്ചടിക്കുന്നു. യോഗത്തില്‍ ന്യായമായ കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ മന്ത്രിമാരായ എ.പി അനില്‍കുമാറിനെയും സണ്ണി ജോസഫിനെയും ലക്ഷ്യമിട്ട് വ്യാജ പ്രൊഫൈലുകളിലൂടെ സൈബര്‍ ആക്രമണം നടത്തുകയാണ് വി.ഡി പക്ഷം ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചത് വാര്‍ത്താചോര്‍ച്ചയ്ക്ക് അടിവരയിടുന്നതാണെന്നും, പി.കെ കുഞ്ഞാലിക്കുട്ടിയുമായി അനില്‍കുമാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും കെ.സി പക്ഷം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കസമയത്ത് കെ.സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്തിയ അതേ കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്പോഴും ആക്രമണം ഉണ്ടാകുന്നതെന്നാണ് ഇവരുടെ പ്രധാന കുറ്റപ്പെടുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam