ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ സ്വന്തം ജീവിതകാലത്ത് തന്നെ ഒരു ഐതിഹാസികമാനം കൈവരിച്ച നേതാവാണ് വി.എസ്. അച്യുതാനന്ദൻ. പതിനാറാം വയസ്സിൽ പൊതുരംഗത്തു പ്രവർത്തിക്കാൻ തുടങ്ങിയ അദ്ദേഹം എട്ടര പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനു തിരശ്ശീലയിട്ടു മടങ്ങുമ്പോൾ ഈ ലേഖകനെപ്പോലെ ദീർഘകാലം അദ്ദേഹത്തെ അകലെ നിന്നും ഇടക്കൊക്കെ അടുത്തുനിന്നും നിരീക്ഷിക്കാൻ സൗകര്യം ലഭിച്ച പല മാധ്യമപ്രവർത്തകർക്കും പഴയ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനുള്ള അവസരവും അതു പ്രദാനം ചെയ്യുന്നു.
വി.എസ് പലർക്കും പലതായിരുന്നു. ഒരുകാലത്ത് അടുപ്പം പുലർത്തിയ പലരും പിന്നീട് പല കാരണങ്ങളാൽ വി.എസ്സിൽ നിന്നും അകന്നിട്ടുണ്ട്. അദ്ദേഹം പൊതുരംഗത്തു ജ്വലിച്ചുനിന്ന സന്ദർഭങ്ങളിൽ വി.എസ്സിന്റെ അനുഗ്രഹങ്ങൾ തേടിയവരും അദ്ദേഹവുമൊത്തുള്ള ചിത്രങ്ങൾ ഫ്‌ളെക്‌സ് ബോർഡിൽ ആലേഖനം ചെയ്തു പാതയോരത്തു പ്രതിഷ്ഠിച്ചു വോട്ടുകൾ തേടിയവരുമൊക്കെ അദ്ദേഹവും പാർട്ടിയും തമ്മിലുള്ള ബന്ധങ്ങൾ വഷളാവുകയും വി.എസ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അനഭിമതനാവുകയും ചെയ്തതോടെ അദ്ദേഹത്തിൽ നിന്നും അകൽച്ച പാലിച്ചതും ചരിത്രം.
വി.എസ്. അച്യുതാനന്ദൻ കുറേക്കാലമായി അദ്ദേഹത്തിന്റെ ആശ്രയമായിരുന്ന ആശുപത്രിയിൽ ജഡമായി മാറിയതോടെ അവരിൽ പലരും അവിടെ കുതിച്ചെത്തി അദ്ദേഹത്തിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും ചെയ്തു. പാർട്ടിക്ക് സ്ഥിരം ബന്ധുക്കളോ സ്ഥിരം ശത്രുക്കളോ ഇല്ലെന്നും ഉള്ളത് സ്ഥിരം താല്പര്യങ്ങൾ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയത് മഹാ ബുദ്ധിരാക്ഷസനായ ഇ.എം.എസ്്. നമ്പൂതിരിപ്പാടാണ്. പാർട്ടിയെ സംബന്ധിച്ച് മാത്രമല്ല, പാർട്ടി നേതാക്കളെ സംബന്ധിച്ചും ഇതുതന്നെയാണ് സത്യം എന്ന് കേരളം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.
സ്ഥിരം താല്പര്യങ്ങളുടെ സംരക്ഷണം എന്ന രാഷ്ടീയ സമവാക്യത്തിൽ നിന്നും ഒരു പരിധിവരെ മാറിനടന്ന ഒരാളായിരുന്നു വി.എസ്. എമ്പതുകളിൽ ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്ന സമയത്തു വി.എസ്. അച്യുതാനന്ദൻ കർക്കശമായ നിലപാടുകളുള്ള, ഒരു തരത്തിലുള്ള വിട്ടുവീഴ്ചാ മനോഭാവവും കാണിക്കാത്ത തികഞ്ഞ പാർട്ടി ബ്യുറോക്രാറ്റ് ആയിരുന്നു. ആലപ്പുഴയിൽ നിന്നും വന്ന കർഷകത്തൊഴിലാളി നേതാവ്, പുന്നപ്രവയലാർ സമരനായകൻ അപ്പോഴേക്കും കേരളത്തിൽ സി.പി.എം സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റു കഴിഞ്ഞിരുന്നു.
1980ൽ സംസ്ഥാന സെക്രട്ടറി ചുമതല വഹിച്ചിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രി ആയതോടെയാണ് വി.എസിന് ആ പദവിയിലേക്കു കടന്നുകയറാൻ അവസരം ലഭിച്ചത്. അതിനു മുമ്പ് കേരളത്തിൽ കമ്മ്യൂണിറ്റ് പാർടി സെക്രട്ടറി പദവിയിൽ പ്രവർത്തിച്ച പി. കൃഷ്ണപിള്ളയും എം.എൻ. ഗോവിന്ദൻ നായരും പിളർപ്പിനു ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി പദവി കയ്യാളിയ എ.കെ.ജിയും നായനാരും അടക്കമുള്ള നേതാക്കളിൽ നിന്നും വ്യത്യസ്തമായ ഒരു സാമൂഹിക പശ്ചാത്തലവും അനുഭവങ്ങളുമാണ് വി.എസ് കൈമുതലായി കൊണ്ടുവന്നത്.
ആദ്യകാല പാർട്ടി നേതാക്കളിൽ അധികംപേരും ഉന്നതമധ്യ വർഗ കുടുംബങ്ങളിൽ നിന്നാണ് വന്നത്. ഇ.എം.എസ്, എ.കെ.ജി, സി. അച്യുതമേനോൻ, എം.എസ്. ദേവദാസ്, ഇ.കെ. നായനാർ, സർദാർ ചന്ദ്രോത്ത്, എം.എൻ. ഗോവിന്ദൻ നായർ, കെ.ആർ. ഗൗരി എല്ലാവരും വലിയ കുടുംബ പശ്ചാത്തലം ഉള്ളവരായിരുന്നു. അവരിൽ പലരും ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് പൊതുജീവിതത്തിലേക്കു കടന്നുവന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന അവർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുകയായിരുന്നു. അവരെ സംബന്ധിച്ച് പൊതുജീവിതത്തിലെ ഉന്നത പദവികൾ അവരെ തേടിവരിക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആയിരുന്നു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു പന്ഥാവിലൂടെ നേതൃത്വത്തിലേക്കു എത്തിയ രണ്ടുപേരാണ് സി.എച്ച്. കണാരനും വി.എസ്. അച്യുതാനന്ദനും. ഇരുവരും കീഴാള സമുദായങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്. അവരുടെ കുടുബപശ്ചാത്തലവും അത്രയൊന്നും മെച്ചമായിരുന്നില്ല. കണാരൻ വടക്കേ മലബാറിൽ വടകരയിലെ ഒരു തിയ്യ കുടുംബത്തിലാണ് പിറന്നത്. വി.എസ് ആലപ്പുഴയിൽ ഒരു ഈഴവ കുടുംബത്തിലും. ഇരുവരും കടുത്ത പ്രതിസന്ധികളെ തള്ളിമാറ്റി സ്വന്തം പ്രയത്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതങ്ങളിൽ എത്തിയത്. അതിനു അവരെ സഹായിച്ചത് ഉന്നത വിദ്യാഭ്യാസം നേടിയ കൂട്ടർക്ക് മാത്രം സാധ്യമായിരുന്ന ഇംഗ്ലീഷ് ഭാഷയിലൂടെ ലഭിച്ച ആഗോള രാഷ്ടീയ വിജ്ഞാനീയം ആയിരുന്നില്ല.
മറിച്ചു തങ്ങളുടെ പരമ്പരാഗത സമൂഹങ്ങളുടെ ആത്മീയശക്തിയും വൈജ്ഞാനിക സമ്പത്തും അവർക്ക് ആശ്രയമായി. ആദ്യകാല കമ്മ്യൂണിസ്റ്റുകളിൽ പലരും മാർക്‌സിസ്റ്റ് ആശയങ്ങളിലേക്കു ആകൃഷ്ടരാകുന്നത് മുപ്പതുകൾ മുതൽ ജയിലുകളിലും മറ്റും അവർക്കു പരിചയപ്പെടാൻ ഇടയായ മാർക്‌സിസ്റ്റ് താത്വിക ഗ്രന്ഥങ്ങൾ വഴിയാണ്. അക്കാലത്തു മിക്ക കമ്മ്യൂണിസ്റ്റ് ചിന്തകരും കാര്യമായി വായിച്ചിരുന്നത് സ്റ്റാലിന്റെ സി.പി.എസ്യു (ബി) ചരിത്രം പോലുള്ള പ്രാമാണിക കൃതികളായിരുന്നു. സ്റ്റാലിൻ തന്റെ രാഷ്ട്രീയ ചിന്തകൾക്ക് ആശ്രയമാക്കിയത് മാർക്‌സിന്റെയും ഏംഗൽസിന്റെയും കൃതികളെക്കാൾ ലെനിൻ, പ്‌ളേഖാനോവ് തുടങ്ങിയ റഷ്യൻ മാർക്‌സിസ്റ്റ് ചിന്തകരുടെ കൃതികളായിരുന്നു. ട്രോട്‌സ്‌കി പിന്നീട് അദ്ദേഹത്തിന്റെ വലിയ ശത്രു ആയിരുന്നുവെങ്കിലും ട്രോട്‌സ്‌കിയുടെ കൃതികളും സ്റ്റാലിൻ വളരെ സൂക്ഷ്മതയോടെ വായിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നുണ്ട്.
അതിനാൽ ആദ്യകാല ഇന്ത്യൻ മാർക്‌സിസ്റ്റുകളുടെ രാഷ്ട്രീയദാർശനിക നിലപാടുകളെ സ്റ്റാലിൻ വലിയ തോതിൽ സ്വാധീനിക്കുകയുണ്ടായി. അവരിൽ പലരും ജീവിതകാലം മുഴുക്കെ മുറുകെപ്പിടിച്ച വരട്ടുതത്വശാസ്ത്ര നിലപാടുകളും അധികാരക്കൊതിയും അതിനായുള്ള കുതികാൽവെട്ടു പ്രക്രിയകളോടുള്ള ആരാധനാഭാവവും ഒരുപക്ഷേ സ്റ്റാലിനിൽ നിന്നുതന്നെ കടംകൊണ്ടതാവാം. ഏതായാലും ഒരു കാര്യം വ്യക്തമാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ഏതാണ്ട് എല്ലാവരും തന്നെ സ്റ്റാലിന്റെ ആരാധകരായിരുന്നു. റഷ്യയിൽ ഇരുപതാം കോൺഗ്രസ്സിന് ശേഷം സ്റ്റാലിന് നേരെയുള്ള വിമർശനങ്ങൾ പരസ്യമായി ഉയർന്ന അവസരത്തിൽ പോലും അവരിൽ പലരും അതിനോട് വിയോജിച്ചു. ആ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത താനടക്കമുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇക്കാര്യത്തിലുള്ള വിയോജിപ്പ് ക്രൂഷ്‌ചേവിനെ അറിയിക്കുകയുണ്ടായി എന്ന് ഇ.എം.എസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സി.എച്ച്. കണാരനെപ്പോലെ വി.എസ്സും മറ്റൊരു പാതയിലൂടെയാണ് കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ സ്വായത്തമാക്കിയതും അവയെ സ്വന്തം വ്യക്തിജീവിവിതത്തിൽ ആവിഷ്‌കരിച്ചതും പൊതുപ്രവർത്തനത്തിൽ അവയെ മാതൃകയാക്കിയതും. കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ആഞ്ഞടിച്ച കീഴാള സമുദായ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഇരുവരുടെയും വ്യക്തിത്വത്തിൽ തെളിഞ്ഞുകാണാനുണ്ട്. വടക്കേ മലബാറിൽ അങ്ങനെയൊരു സ്വാധീനസ്തംഭമായി നിന്നത് വാഗ്ഭടാനന്ദൻ എന്നു മലയാളികൾ വിളിച്ച വി.കെ. കുഞ്ഞിക്കണ്ണൻ ഗുരുക്കളായിരുന്നു. അദ്ദേഹം ഒരു സോഷ്യലിസ്റ്റ് ആധ്യാത്മികവാദി ആയിരുന്നു. തീണ്ടൽജാതിക്കാരായ സ്വന്തം അനുയായികൾക്കു ഉന്നതജാതിക്കാർ വയലിൽ പണി നിഷേധിച്ചപ്പോൾ അതിനെ നേരിടാനായി ഗുരുക്കൾ വടകര ഊരാളുങ്കലിൽ തൊഴിലാളികളുടെ സഹകരണസംഘം സ്ഥാപിച്ചു.
ബ്രിട്ടിഷ് സർക്കാരിൽ നിന്നും റോഡ് പണിയിലും മറ്റും കോൺട്രാക്ടുകൾ നേടി അവർ സ്വാശ്രയത്വം നേടി. അതാണ് പിന്നീട് പ്രസിദ്ധമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആയി മാറിയത്. വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തിയ്യർ ഒരു പ്രധാന ശക്തയായി മാറിയതിനുള്ള ഒരു കാരണവും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സാന്നിധ്യവും സ്വാധീനവും തന്നെ. വി.എസിനെ സംബന്ധിച്ചും ശ്രീനാരായണീയ ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ വലിയ തോതിൽ ആകർഷിച്ച ഘടകമാണ് എന്നു വ്യക്തമാണ്. ആലപ്പുഴ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പകാലങ്ങളിൽ. അതും കൃഷ്ണപിള്ളയടക്കമുള്ള ആദ്യകാല കമ്മ്യൂണിസ്റ്റുകളുമായുള്ള ബന്ധങ്ങളുമാണ് വി.എസിന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഘടകങ്ങൾ.
അതായതു അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയപ്പോഴും അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചത് സ്റ്റാലിനും അദ്ദേഹത്തിന്റെ വരട്ടുതത്വവാദ മാർക്‌സിസവും ആയിരുന്നില്ല. മറിച്ചു കൂടുതൽ ആധ്യാത്മികമായതും ഭാരതീയമായ പാരമ്പര്യങ്ങളിൽ നിന്നും ഉയർന്നുവരുന്നതുമായ ഒരു ജീവിത വീക്ഷണമാണ് വി.എസിനെ നയിച്ചത്. അത് കൂടുതൽ ജനകീയമായ, കൂടുതൽ ജൈവമായ ഒരു പുതുമാതൃകയായി നമ്മുടെ ഇടയിൽ വിരാജിക്കുകയും ചെയ്തു. വി.എസിന്റെ ജീവിതത്തിലെ രാഷ്ട്രീയ പരിണാമങ്ങളിൽ ഇത് കൃത്യമായി വായിച്ചെടുക്കാൻ കഴിയും. എമ്പതുകളിലും തൊണ്ണൂറുകളിലും വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് പോരാളി എന്ന നിലയിൽ അദ്ദേഹം വെട്ടിവീഴ്ത്തിയ രാഷ്ട്രീയ ജീവിതങ്ങൾ എണ്ണമറ്റതാണ്. എം.വി. രാഘവൻ മുതൽ എം.എം. ലോറൻസ് വരെയും ഇ.കെ. നായനാർ മുതൽ ഗൗരിഅമ്മ വരെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്രമണം നേരിട്ടിട്ടില്ലാത്ത നേതാക്കൾ അപൂർവമാണ്.
അതേ വി.എസ് തന്നെയാണ് ഇരുപതാം നൂറ്റാണ്ടിൽ പുതിയ കാലത്തിന്റെ രാഷ്ട്രീയനൈതിക ആശയങ്ങളുടെ വക്താവും പ്രയോക്താവുമായി വരുന്നത്. അദ്ദേഹം കീഴാള സമൂഹങ്ങളുടെ പ്രശ്‌നങ്ങളും പ്രകൃതിയുടെ സംരക്ഷണവും അഴിമതിയെ തൂത്തെറിഞ്ഞു ഒരു ജനകീയ രാഷ്ട്രീയം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞു. അതിനാൽ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ കണ്ണും കരളുമായി കൊണ്ടാടി. സ്റ്റാലിന് പകരം നാരായണ ഗുരുസ്വാമിയുടെ ദർശനങ്ങൾ വി.എസ്സിന് വഴി തെളിയിച്ചു എന്നതാണ് അദ്ദേഹത്തെ കേരളത്തിലെ മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വേർതിരിച്ചു നിർത്തുന്ന ഘടകം.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്