തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ കൈരളി ചിപ്പ് നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റ് ക്യാമ്പയിൻ കമ്മിറ്റി. വിവിധ പ്രൊജക്റ്റുകൾക്കായി കോടികളുടെ കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതിന്റെ ഇടനില സ്ഥാപനമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സർക്കാരും സംയുക്തമായി പ്രഖ്യാപിച്ച 'കൈരളി ചിപ്പ്'(കെ.ചിപ്പ്) നിർമ്മാണത്തെച്ചൊല്ലി ദുരൂഹതയും ആരോപണങ്ങളും ഉയരുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഇന്ത്യയെ ചിപ്പ് നിർമ്മാണത്തിൽ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കിടെ, കേരളം കഴിഞ്ഞ വർഷം തന്നെ ചിപ്പ് നിർമ്മാണം ആരംഭിച്ചുവെന്ന വാദവും, ഈ കണ്ടെത്തൽ കേന്ദ്രത്തെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഡിജിറ്റൽ യൂണിവേഴ്സിറ്റി കെ.ചിപ്പ് നിർമ്മിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തി.
ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സർക്കാരുമാണ് 'കൈരളി ചിപ്പ്' ഇന്ത്യയിലാദ്യമായി നിർമ്മിച്ചതായി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകിയ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അലക്സ് പാപ്പച്ചൻ ജെയിംസിന് മുഖ്യ മന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികമായും നൽകിയിരുന്നു.
സാങ്കേതിക പരിമിതികളും തെളിവില്ലായ്മയും
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യാനോ നിർമ്മിക്കാനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 'കൈരളി ചിപ്പുമായി' ബന്ധപ്പെട്ട് ഔദ്യോഗിക പരിശോധനാ ഫലങ്ങളോ, ഉപയോഗപരിധിയിലേക്കുള്ള സ്ഥിരീകരണങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ചിപ്പിന്റെ ഡിസൈൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ പാറ്റന്റ് ലഭിക്കുകയോ വാണിജ്യപരമായി ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല.
സാങ്കേതിക പരിമിതികളും തെളിവുകളുടെ അഭാവവും കണക്കിലെടുക്കുമ്പോൾ, ഇതിന് 'ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്വദേശി ചിപ്പ്' എന്ന വിശേഷണം നൽകാനാവില്ല.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നേട്ടങ്ങളോ ഉപയോഗയോഗ്യതയോ പരിശോധിക്കാതെയാണ് സർക്കാർ ഈ ചിപ്പിന്റെ നിർമ്മാണത്തിന് ഫണ്ടുകളും അവാർഡും അനുവദിച്ചത്.
ചിപ്പ് നിർമ്മാണത്തിനായി കേന്ദ്രസർക്കാ ർ കോടികൾ നിക്ഷേപിച്ചുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുമ്പോൾ ഒരു വർഷം മുൻപ് തന്നെ കേരളം ഈ സാങ്കേതിക നേട്ടം കൈവരിച്ചുവെന്ന അവകാശവാദം പൊതുജനങ്ങളോടോ കേന്ദ്ര സർക്കാരിനോടോ ഔദ്യോഗികമായി അവതരിപ്പിക്കാൻ സർക്കാരോ ഡിജിറ്റൽ യൂണിവേഴ്സിറ്റി യോ തയ്യാറാകുന്നില്ല. കേരളം കൈവരിച്ച ഈ നേട്ടം ദേശീയ തലത്തിൽ പ്രഖ്യാപിക്കുന്നുമില്ല.
'കൈരളി ചിപ്പ്' ഒരു വ്യാവസായിക ഉൽപ്പന്നമല്ലെന്നും, ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമിലൂടെ രൂപകൽപ്പന ചെയ്ത് സമർപ്പിച്ച ഒരെണ്ണം മാത്രമാണെന്നും അറിയുന്നു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും ഗവേഷകരും ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ചിപ്പ് ഡിസൈൻ പരിശീലിക്കാറുണ്ട്.
ഒരു മധ്യസ്ഥന്റെ ചുമതല മാത്രം വഹിക്കുന്ന ഡിജിറ്റൽ സർവകലാശാലയ്ക്ക് കിഫ്ബി വഴി ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ ഏറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ നിർദ്ദേശനുസരണം ഡിജിറ്റൽ യൂണിവേഴ്സിറ്റി അധികൃതർ, കെ.ചിപ്പ് കണ്ടെത്തിയ പ്രൊഫ: അലക്സ് പാപ്പച്ചൻ ജെയിംസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കമ്പനികൾക്ക് നൽകുന്നതായുംആരോപണമുണ്ട്.
ഡിജിറ്റൽ സർവ്വകലാശാലയിൽ നടന്ന സാമ്പത്തിക തിരിമറികൾ അന്വേഷിക്കാൻ സിഎജി യെ ചുമതലപെടുത്തി ഗവർണർ ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിൽ, കെ. ചിപ്പ് നിർമ്മാണവും അന്വേഷണവിധേയമാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്