കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളജില്‍ കഞ്ചാവ് എത്തിച്ച സംഭവത്തില്‍ ആലുവ സ്വദേശികളായ രണ്ട് പേര്‍കൂടി അറസ്റ്റില്‍. കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ ആഷിഖ്, ഷാലിഖ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കോളജില്‍ എത്തിച്ചു എന്ന കാര്യം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് തൃക്കാക്കര എ.സി.പിയായ പി.വി ബേബി പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്.
പ്രതികളില്‍ നിന്ന് കുറച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായിരിക്കുന്നവരാണ് കഞ്ചാവ് കോളജില്‍ എത്തിച്ചു നല്‍കിയത് എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി പൂര്‍ണമായി വിശ്വസിക്കാവുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടിയുള്ളൂ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത രണ്ട് പേര്‍ക്കും കേസില്‍ നേരിട്ട് പങ്കാളിത്തമുണ്ട്. കൂടുതല്‍ പേര് പ്രതികളാവാനും സാധ്യതയുണ്ട്. ഇത്രയും വലിയ അളവില്‍ ആദ്യമായാണ് കോളജിലേക്ക് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ നേരത്തെ ചെറിയ തോതില്‍ ഇവര്‍ കഞ്ചാവ് കോളജില്‍ എത്തിച്ചിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ടായും കഞ്ചാവ് വില്പന നടത്തിയിരുന്നു. 500 രൂപയുടെ കഞ്ചാവ് 300 രൂപ കൊടുക്കുക, അഡ്വാന്‍സ് പണം നല്‍കുന്നവര്‍ക്ക് മാത്രം നല്‍കുക തുടങ്ങിയ രീതികളായിരുന്നു കോളജില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത്, ആരാണ് വിതരണക്കാര്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷണത്തിലാണ്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്