റൂഹും റസൂലും

OCTOBER 25, 2025, 1:19 AM

'ബാ... റസൂ...ഇങ്ങട്ട്', പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ. അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ പ്രതാപം, പണക്കൊഴുപ്പിൽ ഉയർത്തിപ്പിടിക്കാൻ മത്സരിക്കുന്ന ഒരുക്കങ്ങൾ. വലിയ പന്തലും തൂങ്ങിയാടുന്ന അലങ്കാരങ്ങളും കണ്ണ് ചിമ്മുന്ന വിളക്കുകളും ആ പ്രദേശമാകെ വർണ്ണ പ്രഭയിൽ കുതിർത്തു.

കുഞ്ഞു റസൂലിന് പന്തലിനു അകത്തു പോയി കാഴ്ചകൾ കാണാനും അവിടെ  കളിക്കുന്ന കുട്ടികളോടൊപ്പം ചേർന്നു കളിക്കണമെന്നും വല്ലാതെ കൊതിയുണ്ടായിരുന്നു.

'ഇച്ചു ആത്തു പോണം...', അവൻ ചിണുങ്ങി.

vachakam
vachakam
vachakam

'മാണ്ടാന്ന് പറഞ്ഞില്ലേ... റസൂ?'

അവനെ കാണുമ്പോൾ കെട്ടഴിയുന്ന കഥകളും ചൂഴ്ന്നിറങ്ങുന്ന നോട്ടങ്ങളും പാത്തുമ്മ ഭയന്നു. ആ ഓർമ്മകൾ അവരെ വേട്ടയാടി. അവൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഉമ്മൂമ്മയോടൊപ്പം നടന്നു.

'ഉമ്മൂമ്മ മുട്ടായി വാങ്ങി തരാട്ടോ... മുത്ത് നടക്ക്.'

vachakam
vachakam
vachakam

അവന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു. അവൻ ഓടിയോടി നടക്കാൻ തുടങ്ങി.

***

'ന്റെ... മുത്ത്... ന്തേ പെഴച്ചെ??', അവന്റെ ചന്തമുള്ള മുഖത്തു ഉമ്മ വെച്ച് പാത്തുമ്മ കരച്ചിലിനിടയിൽ പറയാറുള്ളത്, എന്താണെന്ന് റസൂലിന് മനസ്സിലായില്ല. ഇടയ്ക്കിടെ ഒഴുകുന്ന കണ്ണീർ തട്ടത്തിന്റെ അഗ്രം കൊണ്ട് തുടച്ചെടുത്ത് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ഉമ്മൂമ്മയെ അവൻ കാണാറുണ്ട്.

vachakam
vachakam
vachakam

ഉമ്മറത്ത് ഫ്രെയിം ചെയ്തു വെച്ച ഫോട്ടോകളിൽ ഉമ്മൂമ്മയ്ക്കും ഉപ്പാപ്പക്കും ഇടയിൽ നിൽക്കുന്ന പാവാടക്കാരിയെ ചൂണ്ടി ഉമ്മൂമ്മ പറയും

'ന്റെ മോളു ഷംന... ഓള് പോയി...',

തേങ്ങലിൽ അടർന്നു വീഴുന്ന ചില വാക്കുകൾ വിങ്ങലായി, ഉമ്മയുടെ നെഞ്ചകം കത്തിക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പൂഴിമണലിൽ കളിച്ചു കൊണ്ടിരുന്ന റസൂൽ കൈയിലെ കളിപ്പാട്ടം ദൂരെയെറിഞ്ഞു ഉമ്മൂമ്മയുടെ മടിയിൽ വന്നിരിക്കും.

'കരയല്ലേ... ഉമ്മൂമ്മ', അവന്റെ കുഞ്ഞു വിരലുകൾ ആ കണ്ണീർച്ചാലുകളിലൂടെ ഉരസ്സിയിറങ്ങും.

'ഓളും... ഇങ്ങിനെയായിരുന്നു... ന്റെ കണ്ണില് വെള്ളം പൊടിയണത് ഓൾക്കും സഹിക്കൂല്ലായിരുന്നു'.

'ഇയ്യ് എന്തൊക്കെയാ പറയണെ...ആ ചെക്കനെ മക്കാറാക്കണ്ടി ഇങ്ങട്ട് കേറി പോന്നോളി', ജലീൽ തന്റെ ബീവിയെ വിളിച്ചു.

നരച്ച താടിരോമങ്ങൾ അയാളുടെ വിരലുകൾക്കിടയിലൂടെ അലസമായി ഒഴുകിയിറങ്ങി. വലിയ കണ്ണുകളിൽ വിഷാദം തളംകെട്ടി. വെയിൽ കൊണ്ടു നിറം മങ്ങിയ തൊലിയിൽ നിന്നും ഉപ്പുകാറ്റ് ജലാശം ഊറ്റിയെടുത്തു, ചുളിവുകൾ വീഴ്ത്തിയിരുന്നു. അധികം ദൂരെയല്ലാതെ ആർത്തിരിമ്പുന്ന കടൽ അയാളുടെ മനസ്സിലും ഇരുമ്പിയാർത്തു.

'എല്ലാം ഓൾക്ക് വേണ്ടിയായിരുന്നല്ലോ...' അയാളിൽ നിന്നും നെടുവീർപ്പുയർന്നു.

ഷംന അവരുടെ ഏക മകൾ, അതെ അവളായിരുന്നു അവർക്കെല്ലാം. അധ്വാനിയായ ജലീൽ ഓരോ ദിവസവും കടലിൽ തുഴയെറിഞ്ഞതും വീശിപ്പിടിച്ചതും ആ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ ആയിരുന്നു.

'ഷംനാന്റെ നിക്കാഹ്...' അയാൾ വിശ്രമമില്ലാതെ ചോര നീരാക്കിയതും ഉറുമ്പിനെ പോലെ സ്വരുക്കൂട്ടി വെച്ചതും പുന്നാരമോളുടെ നല്ല ഭാവിക്കു വേണ്ടി മാത്രയായിരുന്നു.

'ഔ... ഒരു ഹൂറി... ഏതു സുൽത്താന്യാ അന്റെ ഉപ്പ കണ്ടുവെച്ചിരിക്കണേ, പുന്നാര മോൾക്ക്?',

ഷംനയുടെ കൂട്ടുകാരികൾ കളിയാക്കി ചിരിച്ചു.

'ഒന്നു പോണുണ്ടോ... ന്റെ ഉമ്മേം വാപ്പച്ചേ വിട്ടു ഒരിടത്തും ഞാൻ പൂവൂല്യ.'

അവളുടെ വെള്ളാരം കണ്ണുകൾക്ക് കുറുകെ പറന്ന നീളൻ മുടിയിഴകൾ മാടിയൊതുക്കി തട്ടത്തിൽ തിരുകി അവൾ ചിരിച്ചു.

'ഉം.. ഉം.. കാണാലോ... അവരുടെ ചിരിയിൽ കുപ്പിവള കിലുക്കം താളമിട്ടു.

തട്ടം പറപ്പിക്കുന്ന കടൽക്കാറ്റ് അവർക്കിടയിൽ കുസൃതികാട്ടി.

ചുവന്ന സന്ധ്യയുടെ തുടിപ്പിൽ, വെയിൽ ചാഞ്ഞപ്പോൾ, ഷംനയും ഉമ്മയും വിശേഷങ്ങൾ പങ്കുവെച്ചു ഉറക്കെ ചിരിക്കുമ്പോളാണ് ജലീൽ കയറിവന്നത്. കാലിലെ പൂഴി തട്ടിക്കുടഞ്ഞു, മൊന്തയിലെ വെള്ളമെടുത്തു കാൽ കഴുകി, അയാൾ ചാരുകസേരയിൽ ഇരുന്നു.

പാത്തുമ്മ കൊണ്ടുവന്നു വെച്ച പലഹാരം ഉപ്പയും മോളും മെല്ലെ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.

'ഭേഷായിട്ടുണ്ട് ഉമ്മ...', അവൾ വിരലുകൾക്കിടയിലെ മധുരം നക്കി തുടച്ചു.

'ഈ പലഹാരം കയ്യിട്ടുവാരി പെണ്ണിന് ഒരു പുയ്യാപ്ലെ കണ്ടു പിടിച്ചിരിക്കുണ്', അയാൾ തെളിഞ്ഞ ചിരിയോടെ ഭാര്യയേയും മകളേയും നോക്കി.

'ങ്... ഇതാര്?, പാത്തുമ്മ കൈകൊണ്ടു ആഗ്യം കാണിച്ചു.

'സുബൈർ... അറക്കലെ കുഞ്ഞുകുട്ടി ഇക്കയുടെ മോൻ, ചെക്കൻ ഓളെ കണ്ടിട്ടുണ്ട് ത്രെ.'

'അനക്ക് മുട്ടില്ലാണ്ട് കയ്യാം, ഓന്റെ കച്ചോടം നല്ല ഉഷാറാണ്', അയാൾ ഷംനയെ ചേർത്തിരുത്തി.

'അന്റെ പൂതി പടച്ചോനറിയാന്നു തോന്നുണു. ഒരു രണ്ട് കിലോമീറ്ററു പോയാല് ഓന്റെ വീടായി. അനക്ക് തോന്നുമ്പം ഉമ്മെ കാണാൻ ഓടി ബരാം'.

'ന്റെ വാപ്പച്ചീനീം...', ഷംന കൂട്ടിച്ചേർത്തു.

കാറ്റിൽ ഒരേ ദിശയിൽ ഉലയുന്ന തെങ്ങോലകൾ സീൽക്കാരത്തോടെ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.

അലങ്കാരത്തുന്നൽ മനോഹരമാക്കിയ വിവാഹവസ്ത്രത്തിൽ മൈലാഞ്ചി ചോപ്പ് പടർത്തിയ കൈത്തലം ചേർത്തുവെച്ചു, ചുറ്റും ഒപ്പന പാടി കളിക്കുന്ന കൂട്ടുകാരികൾക്ക് നടുവിൽ, മൊഞ്ചുള്ള മണവാട്ടി, ചക്രവാളത്തിൽ മറയുന്ന സൂര്യനെപ്പോലെ പൊൻപ്രഭ പരത്തി.

സുബൈറും ഷംനയും പ്രതീക്ഷിക്കാത്ത നേരത്ത് വന്നു കയറിയപ്പോൾ പാത്തുമ്മ അത്ഭുതപ്പെട്ടു.
'ഉമ്മാക്ക് ഒരു ഉമ്മൂമ്മ ആകണ്ടേ? ഷംന ഉമ്മയുടെ കവിളിൽ നുള്ളി.

'എന്റെ റബ്ബേ...', പാത്തുമ്മ മകളെ കെട്ടിപിടിച്ചു.

ഷംനയുടെ വെള്ളിക്കൊലുസ്സുകൾ കിലുങ്ങി.

ആശുപത്രി വരാന്തയിൽ വേവലാതിയോടെ കാത്തുനിന്ന അവരുടെ കൈയിലേക്ക് വെച്ചുകൊടുത്ത കുഞ്ഞിനെ പാത്തുമ്മ മാറോടു ചേർത്തു. അവനു റസൂൽ എന്ന പേര് ഷംന കരുതിവെച്ചിരുന്നു.

ജോലിത്തിരക്കുകൾക്കിടയിലും പാത്തുമ്മ ഷംനയുടെ മുറിയിൽ ഇടയ്ക്കിടെ ഓടിയെത്തി.

കുഞ്ഞിനെ ഒട്ടും ശ്രദ്ധിക്കാതിരിക്കുന്ന ഷംന കനലായി പാത്തുമ്മയുടെ ഉള്ളിൽ പുകഞ്ഞു.

'എന്താ അനക്ക് പറ്റ്യേ... ദീനം വല്ലതും?'

ഉമ്മയുടെ ചോദ്യങ്ങൾക്ക് നേരെ അവൾ പ്രതികരിച്ചില്ല. മൗനത്തിന്റെ വലിയ താഴിട്ടു പൂട്ടിയ ദിനങ്ങൾ അവളിലൂടെ കടന്നുപോയി.

റസൂലിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കടൽക്കാറ്റിന്റെ ഇരുമ്പലിൽ മുറിയിൽ ചുറ്റിത്തിരിഞ്ഞു. അലറിക്കരയുന്ന കുഞ്ഞിനരികിൽ നിശ്ചലയായി ഷംന ഇരുന്നു. അവന്റെ കരച്ചിൽ അവളെ അസ്വസ്ഥയാക്കി.

'ഇതിനെ കൊണ്ടുപോയി കളയുമ്മ', അവൾ പാത്തുമ്മയോടു കെഞ്ചിക്കരഞ്ഞു.

'എന്റെ റബ്ബേ...', പാത്തുമ്മ നടുങ്ങി.

ഷംന വെളിച്ചത്തിനു നേരെ മുറുമുറുത്തു. ജാലകപ്പാളികൾ കൊട്ടിയടച്ചു, ഇരുട്ടിൽ അഭയം തേടി. അവളുടെ കാതിൽ ആയിരം കടന്നലുകൾ മൂളി.

അവളെ വേട്ടയാടുന്ന ആൾക്കൂട്ടത്തെ വെറുത്തു, അവരിൽ നിന്നും ഓടിയകലാൻ കൊതിച്ചു. അവൾ ഏകാന്തതയിൽ ശാന്തയായി. വിഷാദം അവൾക്കു ചുറ്റുമുള്ള ഇരുട്ടിൽ കോട്ട പണിതു.
അയല്പക്കത്തെ സ്ത്രീകളും ബന്ധുക്കളും അടക്കം പറഞ്ഞു, മൂക്കത്തു വിരൽ വെച്ചു.

'ഓള്ക്ക് നൊസ്സിളകി..., അല്ലങ്കില് കുട്ടിക്ക് മൊല കൊടുക്കാണ്ടിരിക്കോ?'

അവർ കൂട്ടം കൂട്ടമായി ചർച്ച ചെയ്തു. പല അഭിപ്രായങ്ങളും എടുത്തിട്ടു.

'ആരെങ്കിലും കൈവിഷം കൊടുത്തത്താവും... അസൂയക്കാര്', വെളിച്ചം മങ്ങി തുടങ്ങിയ, തിമിരക്കണ്ണുകളുള്ള മറിയുതാത്തയുടെ വാക്കുകൾ ഷംനയുടെ കൂട്ടുകാരി മുംതാസ് നീരസത്തോടെ വിലക്കി.

'ഇങ്ങള് മുണ്ടാതിരി താത്ത, ഇത് ഒരു ദീനാണ്ന്നു കേട്ടിടുക്കുണ്.'

'പിന്നെ ദീനം... ഈ ദുനിയാവില് എല്ലാരേം ഓരോ തള്ളമാര് പെറ്റതല്ലേ? ആരിക്കും ഇല്ലാത്ത ഒരിനം ദീനം...ഒരു ദീനക്കാരി വന്നിരിക്കുണ്... പോ പെണ്ണേ', വൃദ്ധ മുംതാസിനു നേരെ കയ്യോങ്ങി.

'ന്നാലും.. ജലീലിക്കാന്റെ പൊരേല് ഇങ്ങിനെ വന്നല്ലോ...'. ചിലർ സഹതപിച്ചു

ചിന്തകൾ വിഴുങ്ങിയ ഉറക്കം, പാത്തുമ്മയുടെയും ജലീലിന്റെയും കൺപോളകളിൽ തൂങ്ങി നിന്നു.

'നിക്ക് പേട്യവുണ്...', പാത്തുമ്മ ജലീലിനെ നോക്കി വിമ്മികരഞ്ഞു.

'ഓളെ ഒരു ഡാക്കിട്ടരെ കാട്ടാം, ഈയ്യ്  സമാധാനപ്പെട്', ഭാര്യയെ ആ വാക്കുകൾ

സമാധാനിപ്പിച്ചുവെങ്കിലും മനോവ്യഥയിൽ അയാളുടെ തൊണ്ട വരണ്ടു. അയാൾ കുടിനീരിനായി പരതി.

ഷംനയുടെ വീട്ടുമുറ്റത്തു വന്നു നിന്ന കാറിൽ നിന്നും സുബൈറിന്റെ ബന്ധുക്കൾ ഇറങ്ങിവന്നു.

പാത്തുമ്മയുടെ നെഞ്ചിൽ ഭയം അരിച്ചിറങ്ങി. ബന്ധുക്കളുടെ മുഖങ്ങളിൽ കനൽ ജ്വലിച്ചു.

'നിങ്ങള് സൂക്കേട്കാരിയെ ന്റെ മോന്റെ തലേല് കെട്ടിവെച്ചേ?', സുബൈറിന്റെ ഉമ്മ പാത്തുമ്മയുടെ നേരെ വിരൽ ചൂണ്ടി.

'അയ്യോ... നിങ്ങള് പടച്ചോന് നെരക്കാത്തത് പറയല്ലേ... ഓൾക്ക് ഒരു കൊഴപ്പം ഇല്യാർന്നു.

നിങ്ങള്ക്കും അറിയണതല്ലേ', പാത്തുമ്മയുടെ ശബ്ദം ഇടറി.

'ഓളുടെ പിരാന്തു ഇപ്പ പൊറത്തു ചാടില്ലെ? ഓളെ കാത്തിരിക്കാൻ ഇനി എന്റെ മോനെ കിട്ടൂല്ല', അവർ ഷംനയുടെ മുറിയിലേക്ക് പാളി നോക്കി, തീർത്തും അവജ്ഞയോടെ ചിറികോട്ടി.

സൽക്കാരത്തിനായി ഒരുക്കിയ ചായയും പലഹാരങ്ങളും കണ്ണാടിപ്പാത്രങ്ങളിൽ തണുത്തു വിറങ്ങലിച്ചു. പാട കെട്ടിയ ചായയിൽ പൊടീച്ചകൾ ചത്തു കിടന്നു. ഉറഞ്ഞ പഞ്ചസാര തരികൾക്കു ചുറ്റും ഉറുമ്പുകൾ മെല്ലെ അരിച്ചുനീങ്ങി.

അടുപ്പിനടുത്തു ചൂടുപ്പറ്റി ചുരുണ്ടു കിടന്നിരുന്ന കുറിഞ്ഞി പൂച്ച തന്റെ ചുറ്റും കളിക്കുന്ന നാലു കുഞ്ഞുങ്ങളേയും മാറി മാറി നക്കി തോർത്തി. കുഞ്ഞുങ്ങളുടെ കരച്ചിൽ അവളെ അസ്വസ്ഥയാക്കിയില്ല. പകരം അവയുടെ രോമക്കുപ്പായത്തിൽ മുഖമുരസ്സി അവൾ അവരെ ചേർത്തു നിർത്തി.

രാവിലെ പടിക്കടന്നു വരുന്ന അഹമദ് ഹാജിയെ കണ്ടു ജലീൽ മുറ്റത്തിറങ്ങി. ഉമ്മറത്തെ കസേര പൊടിതട്ടി ഇരിക്കാൻ ക്ഷണിച്ചു.

'...ന്റെ ഷംനേടെ കാര്യം, പൊരേല് പെണ്ണുങ്ങള് പറയണ കേട്ടു', അയാൾ ചോദ്യഭാവത്തിൽ ജലീലിനെ നോക്കി.

'ഉം... ഓളെ ഒരു ഡാക്കിട്ടരെ കാണിക്കാം ന്നു കരുതാ...', ജലീൽ താഴോട്ട് നോക്കി. ഹാജിയുടെ വെള്ളകുപ്പായം തിളങ്ങി.

'ജ്ജ് ന്താ പറയണേ?'

'അതൊന്നും മാണ്ട ജലീലെ...', അയാൾ എഴുന്നേറ്റു ജലീലിന്റെ കാതിൽ സ്വകാര്യം പറഞ്ഞു.

'ഞാൻ ഇറങ്ങണു.', അയാൾ കയ്യിലുള്ള ചന്ദനം കൊണ്ടു തീർത്ത വടി കുത്തി പോകാൻ എണീറ്റു. പ്രമാണിയുടെ സ്വർണച്ചുറ്റുള്ള വടി പൂഴിമണലിൽ ചെറിയ കുഴികൾ തീർത്തു പടികടന്നു പോയി.
ഷംനക്ക് വേണ്ടി എഴുതിയ തകിടുകളും, ഏലസ്സുകളും, മന്ത്രിച്ചു ഊതിയ ചരടുകളും അവളുടെ ശരീര ഭാഗങ്ങളിൽ തൂങ്ങിക്കിടന്നു. അവയ്‌ക്കൊന്നിനും അവളുടെ ചുറ്റുമുള്ള ഇരുട്ടിന്റെ കോട്ട തകർക്കാനായില്ല.

രാത്രിമഴയുടെ സംഗീതം ഷംനയെ വിളിച്ചുണർത്തി. അവൾ മുറി തുറന്നു തനിയെ പുറത്തിറങ്ങി. ഭയം അവൾക്കു അന്യമായി തീർന്നിരുന്നു. ശക്തമായ വേലിയേറ്റത്തിൽ കടലിൽ കുതിച്ചു പൊന്തിയ തിരകൾ ആ ഇരുട്ടിലും അവൾ കണ്ടു. പാറക്കെട്ടുകൾക്കു ചുറ്റും  വെള്ളിപാദസരം തീർത്തു പതഞ്ഞു പൊന്തുന്ന നുരകൾ അവളുടെ പാദം നനച്ചു. അദൃശ്യമായ നീരാളി കൈകൾ ഊക്കിൽ അവളെ ഉള്ളിലേക്ക് വലിച്ചെടുത്തു. കടലാഴങ്ങളിലെ ഇരുട്ടിന്റെ ലോകത്തേക്ക് അവളെ കൂട്ടി കൊണ്ടുപോയി.

ഷംനയുടെ മുറിയുടെ വാതിൽ തുറന്നു കിടന്നു. പാത്തുമ്മയുടെ നെഞ്ചിൽ മിന്നൽ പാഞ്ഞു.

'പടച്ചോനെ...ഓള്...?,അവരുടെ അലമുറ മുറ്റവും തൊടിയും കടന്നു കടൽക്കരയിലെത്തി.

മരണവീട്ടിൽ ആളുകൾ തിങ്ങി നിറഞ്ഞു. അകത്തു തൊട്ടിലിൽ റസൂൽ ഉച്ചത്തിൽ അലറി കരഞ്ഞുകൊണ്ടിരുന്നു. ഉമ്മറത്തെ കസേരയിൽ അഹമ്മദ് ഹാജി വന്നിരുന്നു. ആളുകൾ ബഹുമാനത്തോടെ ഒഴിഞ്ഞു നിന്നു.

'ന്താ പഹയന്റെ കീറല്...',അയാൾ അസ്വസ്ഥതയോടെ  മുഖം ചുളിച്ചു, കൈ വിരലുകൾ ചുരുട്ടിനിവർത്തി.

'റസൂല്... ഓൻ മാലാഖ... മലക്ക് ന്നെ, ഉമ്മാന്റെ റൂഹ് വലിച്ചെടുക്കാൻ വന്ന അസറായീല് മലക്ക്.'

'ഇനി ആര്‌ടെ പെരുവിരലാവോ തരിക്ക്യ...', ചുറ്റും കൂടിയ ആളുകൾ ഭയപ്പാടോടെ പരസ്പരം നോക്കി.

'ഹാജ്യാരെ... ഓനല്ല... ന്റെ മോളെ കൊണ്ടുപോയത്. ഇങ്ങടെ വാക്ക് കേട്ടതാ എനിക്ക് തെറ്റീത്. ഇനി ഓൾടെ കുഞ്ഞിനെ പറഞ്ഞാലുല്ലോ', ജലീൽ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകൾ പുറത്തേക്കു തള്ളി,വാക്കുകൾ തീ തുപ്പി.

നടുക്കം പുറത്തുകാണാതിരിക്കാൻ ഹാജിയാർ പണിപ്പെട്ടു. അയാൾ പെരുവിരൽകൊണ്ടു അസുഖകരമായ ശബ്ദത്തിൽ തറയിൽ ഉരസി.

***

മെല്ലെ വീശുന്ന കടൽക്കാറ്റിൻ  താരാട്ടിനൊപ്പം ഉപ്പൂപ്പയുടെ നെഞ്ചിൽ തലച്ചേർത്തു കുഞ്ഞുമാലാഖ സ്വപ്‌നം കണ്ടുറങ്ങി. സ്വപ്‌നത്തിൽ, ഉമ്മയുടെ തലോടൽ ഏറ്റിട്ടാവും, അവൻ   ഉറക്കത്തിൽ പുഞ്ചിരിക്കുന്നതെന്ന്, ജലീലും പാത്തുമ്മയും തങ്ങളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.
ആകാശത്തെ കോണിൽ അവരെ നോക്കി ഒരു നക്ഷത്രം മിന്നിത്തിളങ്ങി. അവൾക്കു ചുറ്റും ഇരുട്ടിന്റെ കരിമ്പടത്തിൽ അനവധി നക്ഷത്രകുഞ്ഞുങ്ങളെ പെറ്റിട്ടിരുന്നു.

* * *

തിരിച്ചറിയാൻ കഴിയാതെ പോയ രോഗാവസ്ഥ തട്ടിപ്പറിച്ച സ്ത്രീ ജന്മകളും അതിനു പഴി കേട്ട കുഞ്ഞുങ്ങളും അവരെ കുറിച്ച് വേദനിച്ച കുറെ നല്ല മനുഷ്യരും നമുക്കു ചുറ്റുമുണ്ട്.

ജോയ്‌സ്  വർഗീസ്, കാനഡ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam