ഡാളസ് : ഏതൊരു വ്യക്തിയിലും അവന്റെ ജീവിതം വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവർക്ക് ബോധ്യപ്പെട്ടിട്ടുള്ള ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. അല്ലാത്തവർ ദൈവമില്ല എന്ന് വിശ്വസിക്കുന്നു. അപ്പോൾ വിശ്വാസം എന്നുള്ളത് ജീവജാലങ്ങളിൽ മനുഷ്യർക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്. വിശ്വാസം എന്നുള്ളതു ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളിലുള്ള നിശ്ചയമാണ്. ചിലർ അവർക്കുള്ള വിശ്വാസത്തെ പ്രായോഗികജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്നു. അല്ലാത്തവർ വിശ്വാസത്തെ നിർജീവ അവസ്ഥയിൽ പ്രയോജനപ്പെടുത്താതെ ജീവിക്കുന്നു.
നമ്മുടെ ദിനം തോറുമുള്ള ജീവിതത്തിൽ വിശ്വാസത്തിനു പ്രാധാന്യം കൊടുക്കുന്നവർക്ക് അത് ഒരു പോസിറ്റീവ് എനർജിയാണ്. ഇങ്ങനെയുള്ളവർ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകുവാൻ അവർക്കു പ്രചോദനം നൽകും. ഇന്നുള്ള പുതിയ തലമുറയ്ക്ക് പ്രതിസന്ധികൾ അറിയാതെ വളരുന്നവരാകയാൽ ചെറിയ പ്രശ്‌നങ്ങൾ പോലും അവരെ വളരെയധികം മാനസിക സംഘർഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നമ്മൾ പറയാറുണ്ടല്ലോ. പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാതെ വളർന്നുവന്നിട്ടുള്ളവർ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ അവർ പ്രൊഫഷണൽ ആയിട്ടുള്ള കൗൺസിലിനെ ആശ്രയിക്കുന്നു. പ്രശ്‌നങ്ങളും പ്രതികൂലങ്ങളും ജീവിതത്തിൽ ആഞ്ഞടിക്കുമ്പോൾ പതറിപോകാതെ ഭ്രമിച്ചു പോകാതെ മുന്നോട്ടു പോകുവാൻ ഓരോ വ്യക്തിയിലുമുള്ള ദൈവവിശ്വാസത്തിനു സാധിക്കും.
യേശുവും ശിഷ്യന്മാരും പടകിൽ കയറി യാത്ര ചെയ്യുമ്പോൾ അമാനുഷികമായ ഒരു കൊടുങ്കാറ്റടിച്ചു ശിഷ്യന്മാർ ഭയപ്പെട്ടു തിര തള്ളുക മൂലം ശിഷ്യന്മാർ ഭയവിഹ്വലരായി. ഗുരു ഞങ്ങൾ പോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ എന്ന് പറഞ്ഞു. എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു അടങ്ങാതെ ഇരിക്ക എന്ന് കൽപ്പിച്ചു അവിടെ വലിയ ശാന്തത ഉണ്ടായി. ശിഷ്യന്മാരുടെ ഭയത്തിന് കാരണം അവരുടെ ആത്മവിശ്വാസമായിരുന്നു അല്പവിശ്വാസമാത്രമാണ് എങ്കിൽ അത് വിശ്വാസമില്ലാത്തതിനു തുല്യമായി പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ ഭയപ്പെടുത്തും.
എന്നാൽ തികഞ്ഞ ദൈവ വിശ്വാസം ഭയത്തെ ഇല്ലാതാക്കുന്നു. വിശ്വാസത്തിന് അന്ധത പിടിച്ചുകഴിഞ്ഞാൽ അതു അന്ധവിശ്വാസമായി തീരും. ഇതു വിപരീത ദോഷങ്ങളാണ് ഉണ്ടാക്കുക. അന്ധവിശ്വാസത്താൽ മനുഷ്യർ ചെയ്തുകൂട്ടുന്ന തിന്മകൾ വളരെയാണ്. ഇത് സമൂഹത്തിൽ സംഭവിച്ചിട്ടുള്ള ഒരു അർബുദമാണ്. ഇതിനെ ഇല്ലായ്മ ചെയ്യുവാൻ രാജ്യത്തെ നിയമം കൊണ്ട് മാത്രം സാധ്യമാവുകയില്ല. വിദ്യാഭ്യാസവും ശാസ്ത്രബോധവും സമൂഹത്തിൽ വളർത്തിയെടുക്കണം. എന്നാൽ അത് യാഥാർത്ഥ്യ ദൈവവിശ്വാസത്തെ തന്നെ മലിനപ്പെടുത്തുന്നതാകരുത് അതുകൊണ്ട് മഹാ പ്രതിഫലമുള്ള ദൈവവിശ്വാസത്തെ തള്ളിക്കളയുവാൻ ഇടയാകരുത് പണമോ ബുദ്ധിശക്തിയോ ഉണ്ടെങ്കിൽ ദൈവവിശ്വാസത്തെ ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരാകരുത്.
അടുത്ത 50 വർഷത്തിനുശേഷം മനുഷ്യ ദൈവവിശ്വാസം ഉണ്ടാകില്ല എന്ന് ചിന്തിക്കുന്ന നിരീശ്വരവാദികൾ ഉണ്ട് ജീവിതം എന്ന ദൈവദാനത്തെ കുറിച്ച് ചിന്തിച്ചാൽ പണത്തിനും ബുദ്ധിക്കും മുകളിൽ നിൽക്കുന്നതാണ് വിശ്വാസം അത് മനുഷ്യൻ ഉള്ള കാലത്തോളം നിലനിൽക്കുകയും ചെയ്യും.
മനുഷ്യൻ മരണത്തിന് വിധേയപ്പെട്ടവർ ആകയാൽ മരണത്തിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചാൽ ശോഭനമായ മറ്റൊരു അവസ്ഥ ഉണ്ട് എന്നുള്ള വിശ്വാസം ഇപ്പോഴുള്ള ജീവിതത്തിനു പോലും എത്രയോ അനുഗ്രഹമാണ്. അതുകൊണ്ട് മനുഷ്യരിൽ ദൈവവിശ്വാസം നല്ലത് തന്നെ അത് നഷ്ടപ്പെടുന്നവർക്ക് കഷ്ടം എന്നല്ലാതെ മറ്റൊന്നും ഇല്ല.
ജോയ് കൊള്ളന്നൂർ, ഡാലസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്