ഡോ. മൻമോഹൻ സിംങ്ങ്; ഇന്ത്യയുടെ സാമ്പത്തീക പുരോഗതിയൂടെ ആണിക്കല്ല്

JANUARY 1, 2025, 9:50 AM

ഡോ. മൻമോഹൻ സിംങ്ങ്  തികച്ചും വിപ്ലവകരമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ട് ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളായി മാറി. സമാനതകളില്ലാത്ത സാമ്പത്തിക പരിഷ്‌ക്കാരങ്ങളും സമഗ്രതയും ഉള്ള ആവശ്യത്തിനു മാത്രം സംസാരിക്കുന്ന പച്ചയായ മനുഷ്യൻ.

ഇനി മൻമോഹൻ സിങ്ങ് എന്ന മാന്യരിൽ മാന്യനായ മനുഷ്യൻ ഇല്ല. കഴിഞ്ഞ കാലങ്ങളിലേക്കൊന്നു തിരിഞ്ഞു നോക്കൂ, ഇന്ത്യയിലെ ഇടതു പക്ഷവും സംഘ പരിവാറും പരിഷ്‌കരണങ്ങളുടെ ആദ്യ പതിറ്റാണ്ടിൽ ആഗോള മുതലാളിത്ത ചെകുത്താന്റെ പ്രതിരൂപമായി മൻമോഹൻ സിങ്ങിനെ അവതരിപ്പിച്ചത് ഓർമ്മയില്ലേ..? ലോക ബാങ്കിലെയും ഐ.എം.എഫിലെയും സൗത്ത് കമ്മിഷനിലെയും പൂർവ കാലത്തെ എത്ര ഭീകരമായണവർ അവതരിപ്പിച്ചത്...? നയപരവും വസ്തുനിഷ്ഠവുമായ എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം പാർലമെന്റിലും പുറത്തും മറുപടി നൽകി. വ്യക്തിഹത്യയെയും പുലഭ്യം പറച്ചിലുകളെയും തന്റെ സഹജമായ മാന്യത കൊണ്ട് രാജകീയമായി അവഗണിച്ചു.

പ്രധാനമന്ത്രി കാലത്ത്  ബി.ജെ.പിയും പ്രത്യേകിച്ച് സംഘപരിവാരങ്ങളും പറഞ്ഞു പരത്തിയ നുണകളും ട്രോളുകളും ഇന്നോർക്കുമ്പോൾ ഒരു ജനത എന്ന തലത്തിൽ നമുക്ക് ആത്മനിന്ദ തോന്നണം..! 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്നൊരു പുസ്തകം ഒരുവിദ്വാൻ പുറത്തിറക്കിയതോർക്കുന്നണ്ടോ..? നുണകളുടെ കുമ്പാരം കൊണ്ട് നിറഞ്ഞ ആ പുസ്തകത്തിൽ ആരാധ്യനായ മൻമോഹൻ സിങ്ങിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എന്തെല്ലാം തോന്യവാസങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരുന്നത്. വസ്തുത പരമായ തെറ്റുകളെയും വ്യക്തിപരമായ ആക്ഷേപങ്ങളെയും നിഷേധിച്ച് മൻമോഹൻ സിങ്ങിന്റെ മകൾ ചരിത്രകാരിയായ ഉപേന്ദ്രർ സിങ്ങ് ഒരു വാർത്താകുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

vachakam
vachakam
vachakam

അത്‌പോലും എത്ര കുലീനമായരീതിയിലാണെന്ന് അത് വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. അദ്ദേഹത്തിന്റെ കുടുംബം ആദ്യമായും അവസാനമായും പരസ്യമായി പ്രതികരിച്ചത് അങ്ങിനെയൊരിക്കൽ മാത്രം. ഒരുകാലത്ത് ദാരിദ്ര്യത്തിൽ മുങ്ങിനിന്ന രാജ്യമായിരുന്നില്ലേ നമ്മടേത്. ഇന്നുകാണുന്ന തരത്തിലുള്ള ഒരു മാറ്റം ഉണ്ടാകുമെന്ന് അന്നൊക്കെ ചിന്തിക്കാൻ കഴിയുമായിരന്നോ..? 35 വർഷം മുമ്പ് ഒരു ടെലിഫോൺ കണക്ഷനവേണ്ടി ഒരു ദശലക്ഷത്തോളം ആളുകളാണ് പണമടച്ച് കാത്തിരുന്നിട്ടുള്ളത്. ഒരു സ്‌ക്കൂട്ടറോ, കാറോ വാങ്ങണമെങ്കിൽ ബുക്ക് ചെയ്ത് കാലങ്ങളോളം കാത്തിരിക്കണം. എന്നാലിന്ന് എല്ലാം വിരൽത്തുമ്പിലുണ്ട്. പണം കൈയിലില്ലെങ്കിൽപോലും എല്ലാം വാങ്ങാനാകും..! ഈയൊരു മാറ്റത്തിന് തുടക്കമിട്ടത് 1991ൽ ആണ്.

അതേ, ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കരണം വേണമെന്ന ആശയം മൊട്ടിട്ടത് ആ കലയളവിലായിരുന്നു. നരസിംഹറാവു ആയിരുന്നു അന്ന് പ്രധാനമന്ത്രി, ധനമന്ത്രി മൻമോഹൻ സിങ്ങ്. ഇന്ത്യയുടെ സാമ്പത്തികനില വളരെ വഷളായ 1990കളിൽ മൻമോഹൻ സിങ്ങ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്‌കരണം. പ്രധാനമന്ത്രി  നരസിംഹ റാവുവിന്റെ മികച്ച പിന്തുണ അതിനുണ്ടായിരുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കൊന്ന് നോക്കിയാൽ അതിനു മുമ്പ് വർഷങ്ങളോളം നമ്മേ ഭരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയക്കാർ നമ്മിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന കാര്യം മറച്ചുവച്ചു.

ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പടുത്തുയർത്തേണ്ടത് കഠിനാദ്ധ്വാനത്തിൽക്കൂടിയാണ്. അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ഭരണകർത്താക്കളുടെ ചുമതല. അതിനുപകരം അദ്ധ്വാനിക്കാതെ സുഖമായി ജീവിക്കാമെന്ന പൊള്ളയായ വാഗ്ദാനമാണ് ജനങ്ങൾക്ക് അവർ നൽകിയത്. പരിമിതമാണ് നമ്മുടെ വിഭവശേഷി. അത് ആസൂത്രിത വികസനമെന്ന പേരിൽ അധികാരം കൈയടക്കിയവർ തോന്നിയതുപോലെ ദുർവ്യയം ചെയ്യുകയായിരുന്നു. അവർക്കിഷ്ടപ്പെട്ടവർക്ക് തഴച്ചു വളരാനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. അതുവഴി പണക്കാർ കൂടുതൽ പണമുണ്ടാക്കി. പാവപ്പെട്ടവർ കൂടുതൽ കൂടുതൽ പാപ്പരായി. പണക്കൊഴുപ്പ് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രാകൃതമായ രീതിയിൽ അഴിഞ്ഞാടി. എവിടേയും കള്ളവും കരിഞ്ചന്തയും മാത്രമായി.

vachakam
vachakam
vachakam

എത്ര ദാരുണമായ നിലയിലേക്കാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞുവീണുകൊണ്ടിരിക്കുന്നതെന്ന് 1989ൽ പോലും നാം അറിഞ്ഞിരുന്നില്ല. ആഴമേറിയ കടബാദ്ധ്യതക്കെണിയിൽ കുരുങ്ങിയിരിക്കുകയാണ് രാജ്യമെന്ന കാര്യം പ്രതിപക്ഷം പോലും പുറത്തുപറഞ്ഞില്ല. വി.പി. സിങ്ങ് പ്രധാനമന്ത്രിയായപ്പോൾ ഗിമ്മിക്കുകൾ കൊണ്ട് രക്ഷപെടാനാണ് ശ്രമിച്ചത്. പിന്നീട് വന്ന ചന്ദ്രശേഖർ സർക്കാർ രാജ്യത്തിന്റെ വിദേശ കടബാദ്ധ്യതയിൽ നിന്നുളവായ വലിയ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്കിൽ നിന്ന് ടൺ കണക്കിന് സ്വർണ്ണമെടുത്ത് പണയം വെച്ചു. അപ്പോഴാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇത്രക്ക് ഗുരുതരമായിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുന്നത്.  

1991ൽ പത്താമത്തെ പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. ഒമ്പതാമത്തെ തെരഞ്ഞെപ്പു കഴിഞ്ഞ് രണ്ടുവർഷം തികയുന്നതിനുമുമ്പായിരുന്നു അത്. രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത വേർപാടിനശേഷം തികച്ചും ആകസ്മികമായി നരസിംഹ റാവു പ്രധാനമന്ത്രിയാകുന്നു. രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് എഴുപതാം വയസ്സിൽ സ്വദേശമായ ആന്ധ്രയിലേക്ക് മടങ്ങാനിരുന്ന വേളയിലാണ് പ്രധാനമന്ത്രി പദം അദ്ദേഹത്തെ തേടിയെത്തിയത്. ആ അവസരം നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇന്ത്യയുടെ സാമ്പത്തീക നവീകരണത്തിന് തുടക്കമിട്ടു. സ്വതന്ത്രാ പാർട്ടിയുടെ ശില്പിയായ രാജഗോപാലാചാരി എന്ന രാജാജിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സത്യത്തിൽ റാവു നടപ്പിൽ വരുത്തിയത്.

1931ൽ കറാച്ചിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യലിസ്റ്റ് അഭിനിവേശം ആരംഭിക്കുന്നത്. 1956ആവഡിയിൽ അത് കോൺഗ്രസിന്റെ ഔദ്യോഗിക ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു. കോൺഗ്രസിന്റെ നീക്കം സോഷ്യലിസത്തിലേക്കായപ്പോൾ രാജഗോപാലാചാരിയും കൂട്ടരും കോൺഗ്രസ് വിട്ടു. സോഷ്യലിസ്റ്റുവഴികളിലൂടെ സഞ്ചരിച്ചാൽ ഇന്ത്യ ഒരുകാലത്തും രക്ഷപെടുകില്ലെന്ന് അറിയാമായിരുന്ന രാജാജിയും കൂട്ടരും ചേർന്ന് സ്വതന്ത്ര പാർട്ടി രൂപീകരിക്കുകയായിരുന്നു. 1991ലാണ് സോഷ്യലിസത്തോട് കോൺഗ്രസ് ഔപചാരികമായി വിടപറഞ്ഞത്. നാടെങ്ങും നിന്ന് മോക്ഷം തേടി തീർത്ഥാടകരെത്തുന്ന ആന്ധ്രയിലെ ക്ഷേത്രനഗരമാണ് തിരുപ്പതി. സാമ്പത്തികമോക്ഷം തേടുന്ന പ്രയാണത്തിൽ  റാവുവും കോൺഗ്രസുകാരും എത്തിച്ചേർന്നത് തിരുപ്പതിയിലായിരുന്നു.

vachakam
vachakam
vachakam

അതേ, 1991ലെ സമ്പൂർണ്ണ കോൺഗ്രസ് സമ്മേളന വേദിയായ തിരുപ്പതിയിൽ 40 വർഷത്തെ സോഷ്യലിസ്റ്റ് പാപക്കറ കഴുകിക്കളഞ്ഞ് പുതിയ സാമ്പത്തീക നയം രുപീകരിക്കുകയായിരുന്നു. ആവഡിയിലെ തെറ്റ് കോൺഗ്രസ് തിരുത്തി. എന്നാൽ അവിടെ രാജാജി സ്മരിക്കപ്പെട്ടില്ല. പക്ഷെ, ശരിവയ്ക്കപ്പെടുകതന്നെ ചെയ്തു. 1959ൽ ചേർന്ന സ്വതന്ത്ര പാർട്ടിയുടെ പ്രഥമ സമ്പൂർണ്ണ സമ്മേളനത്തിൽ 21 ഇന പരിപാടി അവതരിപ്പിച്ചു. ലൈസൻസ ്‌പെർമിറ്റ് ക്വോട്ട എന്ന് രാജാജി വിശേഷിപ്പിച്ച നിയന്ത്രിത വ്യവസ്ഥയിൽനിന്നു ഭിന്നമായി സ്വാതന്ത്രോദ്യമത്തിന്റെ പാതയിലൂടെ രാജ്യത്തെ സ്വാശ്രത്വത്തിലേക്കും ശ്രേയസ്സിലേക്കും നയിക്കുന്നതിനുള്ള പരിപാടിയായിരുന്നു അത്.
അന്ന് രാജാക്കന്മാരടേയും പണക്കാരടേയും പാർട്ടിയായി സ്വതന്ത്ര പാർട്ടി മുദ്രകുത്തപ്പെട്ടു. വിവേകത്തിന്റെ പാത നിരാകരിക്കപ്പെട്ടു.

ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ സ്ഥാനം ഇവിടെ കോൺഗ്രസിനും കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനം സ്വതന്ത്ര പാർട്ടിക്കും നൽകാനായിരുന്നു ക്രാന്തദർശിയായ രാജാജിയുടെ നീക്കം. അന്നത് ഫലം കണ്ടില്ല. 1971ലെ തെരഞ്ഞെടപ്പോടെ സ്വതന്ത്ര പാർട്ടി അപ്രസക്തമായി, അന്നത്തെ രാജാജിയുടെ ഔഷധക്കൂട്ട് തന്നെയാണ് നരസിംഹ റാവു-മൻമോഹൻ സിങ്ങ് കൂട്ടുകെട്ട് നടപ്പിൽ വരുത്തിയത്. ഭൂരിപക്ഷമില്ലാത്ത കക്ഷി ഔദ്യോഗിക നയം വെടിഞ്ഞ് പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങൾ ഇത്ര ഫലപ്രദമായി നടപ്പാക്കുന്നത് പാർലമെന്റററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അത്ഭുതകരവും അഭൂതപൂർവ്വവുമായ ഒരു പ്രതിഭാസമാണ്.

സത്യത്തെ സത്യമായി കാണാനുള്ള ആർജവമാണ് നരസിംഹറാവുവിനെ ശ്രദ്ധേയനാക്കിയത്. ആ സത്യം കാണിച്ചുകൊടുത്തത് ഐ.എം.എഫും ലോക ബാങ്കും ചേർന്നായിരിക്കാം. എന്തായാലും റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന മൻമോഹൻസിങ്ങിനെ ധൈര്യപൂർവ്വം റാവു ധനമന്ത്രിയാക്കാക്കി. 1991ലെ നരസിംഹ റാവു സർക്കാരിൽ ധനകാര്യ മന്ത്രിയായാണ് മൻമോഹൻസിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ ഗവർണറായും പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയ വിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും മികവ് തെളിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള വിളിയെത്തിയത്.
സിങ്ങ് ധനമന്ത്രിയാകുമ്പോൾ കാലിയായ ഖജനാവ്, തീർത്താൽ തീരാത്ത വിദേശ കടം, രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും ഇത്തരമൊരു സങ്കീർണ്ണ സാഹചര്യത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റാവു ഒരു രാഷ്ട്രീയക്കാരനെയല്ല, മറിച്ച് ഇന്ത്യൻ സാഹചര്യങ്ങളെ അടുത്തറിയാവുന്ന ഒരു സാമ്പത്തീക വിദഗ്ദ്ധനെയാണ് നിയോഗിച്ചത്.

സർക്കാരിന്റെ ദൈനംദിനാവശ്യങ്ങൾക്ക് പണം കണ്ടെത്തുക എന്ന ദുർഘടം പിടിച്ച പണി മുന്നിലുള്ളപ്പോഴും ദീർഘവീക്ഷണമുള്ള ഒരു സാമ്പത്തിക നയം രൂപീകരിച്ച് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനാണ് മൻമോഹൻ സിങ്ങ്  തീരുമാനിച്ചത്. ഏതുപ്രശ്‌നത്തിനും അത്യാകർഷകമായ മിനുക്കുപണിയിലൂടെ ജനപ്രീതി നേടുക എന്ന രാഷ്ട്രീയക്കാരുടെ തന്ത്രത്തിന് ചുട്ട മറുപടി കൂടിയായിരുന്നു സിംഗിന്റെ കർക്കശ സമീപനം.
രൂപയുടെ മൂല്യം പലവട്ടം കുറച്ചു. ഇറക്കുമതി കയറ്റുമതി നയങ്ങളിൽ ഉദാരവൽക്കരണം നടപ്പാക്കി. അന്താരാഷ്ട്ര നാണയനിധിയുമായും ലോക ബാങ്കുമായും ചർച്ച നടത്തി. അങ്ങിനെ വേണ്ടത് വേണ്ടസമയത്ത് മുഖം നോക്കാതെ നടപ്പിൽ വരുത്തി. ഇത് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കി. ആദ്യഘട്ടത്തിലുണ്ടായ വൈതരണികൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. പ്രതിപക്ഷം സിംഗിനെതിരെ വാളോങ്ങി. ഐ.എം.എഫ് ഏജന്റാണെന്നുവരെ മുദ്രകുത്തി. നെഹ്‌റുവിന്റെ സോഷ്യലിസത്തോട് കോൺഗ്രസ് വിടപറയുന്നുവെന്ന് പറഞ്ഞ് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ എതിർപ്പുണ്ടായി. സിങ്ങ് പതറിയില്ല. ഇതെല്ലാം ബാലാരിഷ്ടതകൾ മാത്രമാണെന്നും, പുതിയ നയം സമീപഭാവിയിൽ ഗുണം ചെയ്യുമെന്നും  അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു.

കേന്ദ്ര ധനകാര്യ വകുപ്പിൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് സിങ്ങ്. അദ്ദേഹത്തിന്റെ നയം സോഷ്യലിസത്തിൽ നിന്നുള്ള വ്യതിയാനമാണെന്നു പറഞ്ഞവർക്കറിയാത്തൊരു കാര്യമുണ്ട്. സിങ്ങ് പഠിക്കുന്നകാലം മുതൽക്കെ അടിയുറച്ച സോഷ്യലിസ്റ്റ് വിശ്വാസിയായിരുന്നു..! വി.പി. സിങ്ങ് സർക്കാരാണ് അദ്ദേഹത്തെ സാമ്പത്തിക കാര്യകമ്മറ്റി ചെയർമാനാക്കിയത്. തുടർന്നുവന്ന ചന്ദ്രശേഖർ സർക്കാർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദ്ഷ്ടാവാക്കി. പിന്നീട് യു.ജി.സി ചെയർമാന്റെ പദവി വഹിച്ചു. അതിനുശേഷമാണ് ധനമന്ത്രിയാകുന്നത്. 2004ൽ കോൺഗ്രസ് അധികാരത്തിൽ തിരികെയെത്തിയപ്പോൽ, സോണിയഗാന്ധി പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാതെ ഇന്ത്യയെ നയിക്കാൻ തെരഞ്ഞെടുത്തത് മൻമോഹൻ സിങ്ങിനെയായായിരുന്നു. രണ്ടുവട്ടമാണ് അദ്ദേഹം പ്രധാനമന്ത്രിയായായത്.

കടുത്ത പ്രതിസന്ധിയിൽ രൂപംകൊണ്ട ഉദാരവൽക്കരണത്തെ ദേശീയരാഷ്ടീയത്തിലുണ്ടായ അസ്ഥിരത കാര്യമായ ദോഷമോന്നും ഉണ്ടാക്കിയില്ലെന്നതാണ് വസ്തുത. എന്നുമാത്രമല്ല, 1997ലെ സ്വപ്‌ന ബജറ്റിലൂടെയാണ് ആദായനികുതി 30%  ആക്കുന്നത്. അതോടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് പുതിയ വാതായനം തുറന്നുകിട്ടി. ലോകത്തിലെ തന്നെ ശ്രദ്ധേയമായ സാമ്പത്തിക ശക്തികളിലൊന്നായി വളരാൻ ആ നയം ഇന്ത്യയെ സഹായിച്ചു. കഴിഞ്ഞ മുപ്പതിലേറെ സംവത്സരക്കാലത്തിനിടെ 30 കോടിയിലേറെ ഇന്ത്യാക്കാർ ദാരിദ്യത്തിൽ നിന്നു മോചിതരായി. ചില മേഖലകളിലെങ്കിലും നമ്മുടെ രാജ്യം ആഗോളശക്തിയായി മാറിയിരിക്കുന്നു. ഒരുകാര്യം കൂടി അറിയുക. ഉദാരവൽക്കരണത്തിലൂടെ ഉരുത്തിരിഞ്ഞത് ഒരു ചട്ടക്കൂടുമാത്രമാണ്. 'മറ്റൊരു ബിഗ് ബാങ്' പദ്ധതിയല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നതിലാണ് വിജയപരാജയങ്ങളുടെ കിടപ്പ്.

വളരെ കുറച്ചുമാത്രം സംസാരിച്ചതിന് മൻമോഹൻ സിംഗ് എല്ലായ്‌പ്പോഴും പരിഹസിക്കപ്പെട്ടിരുന്നുവെങ്കിലും വിമർശനങ്ങൾ സ്വീകരിക്കാനും പത്രസമ്മേളനങ്ങൾ അഭിസംബോധന ചെയ്യാനും ചോദ്യങ്ങൾ കേൾക്കാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു.  ഇന്ത്യയെ കൊടിയ ദാരിദ്രത്തിൽ നിന്നും കരകയറ്റിയ രാഷ്ടീയക്കാരനല്ലാത്ത ദീർഘവീക്ഷമമുണ്ടായിരുന്ന, അതുല്യപ്രതിഭയായിരുന്നു ഡോ. മൻമോഹൻ സിംങ്ങ്. ഒരുകാലത്തും ഇന്ത്യയ്ക്ക് മറക്കാനാകാത്ത ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam