പാലക്കാട്: വല്ലപ്പുഴയിൽ 15 കാരിയെ കാണാതായ സംഭവത്തിൽ നിർണായക രേഖാചിത്രം പുറത്ത്. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. പട്ടാമ്പി പൊലീസാണ് രേഖാ ചിത്രം പുറത്തുവിട്ടത്.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പൊലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്.
ഷഹാനയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിൻ്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മുഖം മറച്ച രീതിയിൽ വസ്ത്രം ധരിച്ചതിനാൽ സിസിടിവിയിലുള്ളത് ഷഹാന തന്നെയാണോ എന്ന് കണ്ടെത്താനായിട്ടില്ല. ട്രെയിനിൽ കയറി കുട്ടി പോയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും പൊലീസിന് വിവരം ലഭിച്ചിട്ടില്ല.
കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഇവിടങ്ങളിലൊന്നും കുട്ടിയെത്തിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 30നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. ഒൻപത് മണിക്ക് ക്ലാസ് കഴിഞ്ഞിരുന്നു. ശേഷം കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു. കൂട്ടുകാർക്ക് മുന്നിൽ നിന്ന് തന്നെയായിരുന്നു വസ്ത്രം മാറിയതും. സ്കൂളിൽ എത്താതായതോടെ സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്