ജയരാജന്റെ ബുക്കും സുധാകരന്റെ നാക്കും ശശിയുടെ പോസ്റ്റും
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആരവങ്ങൾ ഉയരേണ്ട വർഷമാണ് 2025. കക്ഷികൾ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങേണ്ട കാലം. വർഷത്തിന്റെ മധ്യത്തോടെ രാഷ്ട്രീയ ചൂട് ഉന്നതിയിലെത്തും. ഉന്നത നേതാക്കൾക്ക് ഭാഗ്യ പരീക്ഷണ കാലം. ചെറുകിട നേതാക്കൾക്ക് അവസരം തുറക്കുന്ന നേരം. കൂറുമാറ്റങ്ങൾക്കും വില പേശലുകൾക്കും അരങ്ങൊരുക്കുന്ന, ചതുരംഗക്കളങ്ങൾ നിറയുന്ന സമയം.
എല്ലാ കക്ഷികൾക്കും 2025 പ്രധാന വർഷമാണ്
സംഘടനാ തലത്തിൽ കോൺഗ്രസ് അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. പല ശിരസുകളും മാറും. ഉറ്റുനോക്കുന്ന സംസ്ഥാന ഭരണമെന്ന സ്വപ്‌നത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കേരള നേതാക്കൾ. നിലവിൽ എൽ.ഡി.എഫിൽ നിൽക്കുന്ന മാണി കേരള കോൺഗ്രസ് യു.ഡി.എഫ് ക്യാമ്പിലെത്തുമോ എന്ന വലിയ ചോദ്യത്തിന് തൽക്കാലം ഇരുവശത്തും വ്യക്തതയില്ല. സെപ്തംബറിൽ ചണ്ഡീഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനായി ഒരുങ്ങുന്ന സി.പി.ഐ. ബി.ജെ.പിയുടെ സംഘടനാ സംവിധാനം വലിയ മാറ്റമൊന്നും കൂടാതെ തുടരും. എന്നാൽ സി.പി.എമ്മിന് ഇക്കൊല്ലും സുപ്രധാനമായ വർഷമാണ്. ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ് ചേരണം. സീതാറാം യച്ചൂരിയുടെ ഒഴിവിൽ നിൽക്കുന്ന പ്രകാശ് കാരാട്ട് പ്രായ പരിഗണനയിൽ മാറിയേക്കും. പകരം പാർട്ടി ജനറൽ സെക്രട്ടറി പദത്തിലേക്ക് മറ്റൊരു മലയാളി വരുമെങ്കിൽ അത് എം.എ. ബേബി തന്നെ എന്നാണ് സൂചന.
സി.പി.എം സംസ്ഥാന സമ്മേളനം ഏപ്രിലിൽ നടക്കുമ്പോൾ എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള രാഷ്ട്രീയ ചിത്രം തൽക്കാലമില്ല. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രീ മാച്ച് എന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ഏറ്റവും ജാഗ്രതയോടെ സമീപിക്കുന്ന രാഷ്ട്രീയ കക്ഷിയായി സി.പി.എമ്മിനെ വിലയിരുത്താം. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചുവപ്പിന്റെ വിസ്ത്രിതി കുറഞ്ഞു വരുന്ന ഘട്ടത്തിൽ അവർക്കിത് ജീവൻ മരണ പോരാട്ടമാണ്. ഇ.എം.എസിന്റെ കാലം മുതൽ ഭരണം കൈവന്ന നാളുകളിലൊക്കെ തുടർ ഭരണം സി.പി.എം സ്വപ്‌നം കണ്ടിരുന്നില്ല. എന്നാൽ ഇന്ന് അവർക്കത് സ്വപ്‌നം മാത്രമല്ല, ആവശ്യം കൂടിയാണ്.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പേരിൽ രാഷ്ട്രീയ എതിരാളികൾ പോലും പരസ്യമായി വാഴ്ത്തുന്നത് കേൾക്കാൻ ഭാഗ്യമുള്ളവരാണ് ഇന്ത്യൻ കമ്മൂണിസ്റ്റു പാർട്ടികൾ. അതിനാൽത്തന്നെ പാർട്ടി സമ്മേളനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യവും ചെറുതല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ വിവിധ തലങ്ങളിലെ സമ്മേളനങ്ങൾ. ബ്രാഞ്ചു തലം തൊട്ട് സംസ്ഥാന തലം വരെ നടക്കുന്ന സമ്മേളനങ്ങൾ പാർട്ടിയെ ഇരുമ്പു മറയ്ക്കു പുറത്തേക്ക് കൊണ്ടുവരുന്ന സംവിധാനമാണ്. പാർട്ടി സമ്മേളന ചർച്ചകൾ ചോർന്നുകൂടാ എന്നാണ് ധാരണയെങ്കിലും പുതുകാലത്ത് അത് അസാദ്ധ്യമാണ്.
സമ്മേളനങ്ങളിൽ പരസ്യ വിമർശനത്തിന് വിലക്കില്ലെങ്കിലും അത് മാധ്യമ വാർത്തകളാകുന്നത് അതാതു കാലത്തെ നേതൃത്വങ്ങൾക്ക് രസിക്കാറില്ല. പ്രത്യേകിച്ച്, ഒരോ ഘടകത്തിലേയും സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പു പ്രക്രിയ കൂടി നടക്കുന്നതിനാൽ പാർട്ടിയെ നയിക്കേണ്ടതാര് എന്ന സുപ്രധാന ചോദ്യത്തിനുള്ള മറുപടിയാണ് ഒരോ സമ്മേളനങ്ങളും. അക്കാരണത്തിൽ സി.പി.എമ്മിൽ ആത്മവിമർശനവും നേതൃവിമർശനവും പ്രവർത്തകർക്കെന്നപോലെ അണികൾക്കും സഹയാത്രികർക്കും അനുഭാവികൾക്കും ഒരുപോലെ പ്രധാന്യമുള്ളതാണ്. ഈ പരീക്ഷണഘട്ടത്തിൽ സി.പി.എമ്മിൽ എന്തു നടക്കുന്നുവെന്നത് തൊട്ടറിയാൻ താഴെത്തട്ടിലെ മുതൽ ചർച്ചകളിൽ ഉയരുന്ന എതിർശബ്ദങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
സാക്ഷാൽ പിണറായി വിജയൻ പോലും പേരെടുത്തു വിമർശിക്കപ്പെട്ടത് സമ്മേളന പ്രതിനിധികളുടെ മനസിലെ ഭരണ വിരുദ്ധ വികാരം സജീവ ചർച്ചയ്ക്ക് ഇടയാക്കി. അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച അന്വേഷിക്കാൻ സി.പി.എം പാർട്ടിയുടെ മുൻഗണനകൾ പട്ടികപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംസ്ഥാന കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണത്തിലെ കാലതാമസവും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ഒഴിവാക്കാൻ നടപടികൾ കൈക്കൊള്ളാത്തതിന് ധനകാര്യ വകുപ്പും വിമർശിക്കപ്പെട്ടു.
ആലപ്പുഴ പോലുള്ള ശക്തികേന്ദ്രങ്ങളിൽ പാർട്ടിയുടെ അടിത്തറയിൽ ഇടിവ് സംഭവിച്ചതായ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ തുടർച്ചയായി ബി.ജെ.പിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഈഴവ വോട്ടുകളിലുണ്ടായ ഇടിവും ചർച്ചയിൽ ഉയർന്നു വന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് നേതാക്കൾ നേതൃത്വത്തോട് അഭ്യർത്ഥിച്ചു. ഇ.പി. ജയരാജന്റെ ആത്മകഥയുടെ അംശങ്ങൾ ഉപതെരഞ്ഞെടുപ്പു ദിവസം പുറത്തു പോയത് പാർട്ടിക്കു വരുത്തി വച്ച ക്ഷീണം ചർച്ചകൾക്ക് വഴിമരുന്നിട്ടു. ജി. സുധാകരന്റെ നാക്കു വഴക്കത്തെ വിമർശിച്ച പത്തനംതിട്ടയിലെ സമ്മേളന പ്രതിനിധികൾക്ക് സുധാകരൻ പരസ്യമായി മറുപടി പറഞ്ഞപ്പോൾ അതും പൊതു മധ്യത്തിൽ ക്ഷീണമുണ്ടാക്കി.
എം.എൽ.എ യും മന്ത്രിയുമായിരുന്ന ശേഷം വിശ്രമ ജീവിതം നയിക്കുന്നവർ ശ്രദ്ധ കിട്ടാൻ വേണ്ടി വായിൽത്തോന്നിയത് പറയുന്നു, ജി. സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ കോഴഞ്ചേരിയിൽ നിന്നുള്ള അംഗത്തിന്റെ വിമർശനം. എന്നാൽ വിശ്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ശബ്ദമുയർത്തുന്നത് പാർട്ടിക്കു വേണ്ടിയാണെന്നും സുധാകരൻ തിരിച്ചടിച്ചു. 42 വർഷം ഒരു സ്ഥാനവുമില്ലാതെ പ്രവർത്തിച്ചു. ആലപ്പുഴ യിൽ 1400 ൽ പരം പൊതു പരിപാടിയിൽ പങ്കെടുത്തു. ഇതാണോ വിശ്രമ ജീവിതം? സുധാകരൻ ചോദിച്ചു. കട്ടപ്പനയിലെ നിക്ഷേപകന്റെ മരണത്തെ പുച്ഛിച്ചു സംസാരിച്ച എം.എം മണിയുടെ നാട്ടു ഭാഷയെ വിമർശിച്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തി. ആലപ്പുഴയിൽ ഒരു വിഭാഗം സി.പി.എം നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിൽ രഹസ്യയോഗം ചേർന്ന് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേർന്നത്. കുട്ടനാട്ടിലെ പാർട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളും നഗ്‌നദൃശ്യ വിവാദവും ചർച്ച ചെയ്യാനായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേർന്നത്.
മന്ത്രി സജി ചെറിയാൻ വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന രഹസ്യയോഗത്തിൽ പങ്കെടുത്തതെന്നും പരാതി ഉയർന്നു. സജി ചെറിയാൻ പക്ഷത്തോട് അടുപ്പം പുലർത്തുന്ന ആലപ്പുഴയിലെ ഒരു ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യയോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകിയത്. ആലപ്പുഴയിൽ വിഭാഗീയത രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചത്. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്കിടെ ബഹളമുണ്ടായത് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃസ്ഥാനത്ത് കൂടുതലും അടൂരിൽ നിന്ന് ഉള്ളവരാണെന്ന കാരണം പറഞ്ഞാണ്.
ഇതിനെതിരെ അടൂരിൽ നിന്നുള്ളവർ എത്തിയതോടെ സമ്മേളനം ബഹളമയമായി. പ്രസീഡിയം ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. അടൂർ ജില്ലാ സമ്മേളനം എന്ന് പേരിടണമെന്ന പരിഹാസവും ബഹളത്തിനിടയാക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും ബാലജനസംഘത്തിന്റെയും വിവിധ വർഗബഹുജനസംഘത്തിന്റെയും നേതൃത്വത്തിൽ ഉള്ളവരും അടൂരിൽ നിന്നുള്ളവരാണ്. ഇതാണ് വിമർശനത്തിനിടായാക്കിയത്. സി.പി.എം പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന് ഇരുവശമുള്ള നടപാത കൈയേറി ഫ്‌ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ച സംഭവം ഹൈക്കോടതിയുടെ വരെ വിമർശനത്തിനിടയാക്കി. പല സമ്മേളനങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു.
മൂന്ന് കിലോമിറ്ററോളം പാതയുടെ ഇരുവശവും കൈയേറിയാണ് കൊടിതോരണങ്ങൾ സ്ഥാപിച്ചത്.
വിവാദമായതോടെ കോന്നി ജില്ലാ പഞ്ചായത്ത് ചില ബോർഡുകൾ എടുത്ത് മാറ്റിയെങ്കിലും രാത്രിയോടെ പ്രവർത്തകർ വീണ്ടും പുന:സ്ഥാപിച്ചത് പാർട്ടിക്ക് തല വേദനയായി. നിരത്തിലോ പാതയോരത്തോ അനധികൃത ബോർഡ് കണ്ടാൽ പിഴചുമത്തണമെന്നും ഇല്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു.
മലപ്പുറത്ത് മുസ്‌ലിം ലീഗും കോൺഗ്രസുമുൾപ്പെടെയുള്ള പാർട്ടികളിൽനിന്നു കൂറുമാറിയെത്തിയ സ്വതന്ത്രരെ പലവട്ടം പരീക്ഷിച്ച സി.പി.എമ്മിന് ചില സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ചപ്പോൾ പല പരീക്ഷണങ്ങളും വിജയിച്ച ചരിത്രമുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ ടി.കെ.ഹംസ നേടിയ അട്ടിമറി വിജയം മലപ്പുറത്തു രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്താൻ സി.പി.എമ്മിനു ധൈര്യം നൽകി.
എന്നാൽ പരമ്പരാഗത വോട്ടുകളിലുണ്ടായ ചോർച്ചയാണു നിലവിൽ സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. ന്യൂനപക്ഷ കേന്ദ്രീകൃത രാഷ്ട്രീയ സമീപനം പൊളിച്ചെഴുതുന്നതിന്റെ സൂചനകൾ നേതാക്കളുടെ വാക്കുകളിൽ പ്രകടമാണ്. മൃദുസമീപനം വിട്ടു മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നയം മലപ്പുറത്ത് പ്രതിഫലിക്കും. പി.വി.അൻവർ ഉയർത്തിയ കലാപം സംഘടനാപരമായി വലിയ പരുക്കേൽപിച്ചില്ലെന്ന ആത്മവിശ്വാസമുണ്ടെങ്കിലും മേലിൽ സ്വതന്ത്രരെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന അഭിപ്രായം കീഴ്‌സമ്മേളനങ്ങളിലുണ്ടായി. ഇതിന്റെ അലയൊലികൾ തുടർ സമ്മേളനത്തിലുമുണ്ടായി.ഏതായാലും വിഭാഗീയതയുടെ രൂക്ഷത മുൻപത്തെപ്പോലെ ഇല്ല എന്നത് പാർട്ടിക്ക് ആശ്വസിക്കാനുള്ള വകയാണ്. പഴയ കഥകൾ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. 98 ൽ പാലക്കാട് നടന്ന വെട്ടിനിരത്തലും 2002ൽ കണ്ണൂരിലെത്തിയപ്പോൾ വിഎസിനെതിരെ പിണറായി ശക്തിയാർജിച്ചതും രാഷ്ട്രീയ കേരളം കണ്ടു. മലപ്പുറത്ത് 2005 ൽ സി.പി.എം രണ്ടായി പിളരുമെന്ന പോലെ വിഭാഗീയത രൗദ്രഭാവം പൂണ്ടപ്പോൾ ഒരു പക്ഷത്തിന്റെ നായകനായി വിഎസുണ്ടായിരുന്നു.
2008 കോട്ടയത്തും വാർത്തകളിൽ വി.എസ് നിറഞ്ഞു നിന്നു. 2012 ൽ തിരുവനന്തപുരം സമ്മേളനത്തിൽ ഒറ്റുകാരനെന്ന് വിശേഷിപ്പിക്കപ്പെട്ടു വി.എസ്. അച്യുതാനന്ദൻ. കാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് വരെ ചർച്ചയിൽ ആവശ്യം ഉയർന്നു. 2015 ൽ സ്വന്തം നാടായ ആലപ്പുഴയിൽ സമ്മേളനം ബഹിഷ്‌കരിച്ച് വേദിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വി.എസിനെയും നമ്മൾ കണ്ടു .2018 ൽ തൃശൂരിലെത്തിയപ്പോൾ നേതൃത്വവുമായി സൗഹാർദത്തിലായി വി.എസും അയഞ്ഞു.
ഏറ്റവും ഒടുവിൽ പുതുവർഷ പുലരി ദിനത്തിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി നവവർഷം ആശംസിച്ച് എഴുതിയ ഫേസ് ബുക്ക് കുറിപ്പും പാർട്ടിക്കു കുത്തായി. പാർട്ടിക്കെതിരെ ഒളിയമ്പുമായാണ് അച്ചടക്ക നടപടി നേരിട്ട കെ.ടി.ഡി.സി ചെയർമാൻ പോസ്റ്റിട്ടത്. മദ്യവും കഞ്ചാവുമടിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നല്ലകാലം കഴിയുന്നുവെന്ന് പി.കെ.ശശി ഫെയ്‌സ്ബുക്കിൽ കുറിച്ചു. പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് പ്രസ്ഥാനത്ത വെള്ളപുതപ്പിച്ചു. അങ്ങനെ ഉന്മാദിച്ചവർക്ക് പുതുവർഷം സന്തോഷത്തിന് വകനൽകില്ല. കൂടെനിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ടെന്നും ശശി പറഞ്ഞു. പാർട്ടി അച്ചടക്ക നടപടി നേരിട്ട ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. എന്നാൽ, താൻ പാർട്ടിയെയല്ല പാർട്ടി വിട്ടു പോയ ചതിയന്മാരെയാണ് ലക്ഷ്യമിട്ടതെന്ന് പ്രതികരിച്ച് ശശി വിവാദത്തെ തണുപ്പിച്ചു.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്