തിരുവല്ല: തിരുമൂലവിലാസം യു.പി സ്‌കൂളിൽ മൂന്നു വർഷമായി കുട്ടികൾക്ക് കേരളാ സർക്കാർ നൽകുന്ന മുട്ടയും പാലും കൊടുക്കുന്നതിനുള്ള ഫണ്ട് കൈപ്പറ്റുകയും കുട്ടികൾക്ക് മുട്ടയും പാലും കൊടുക്കാതെയും ഹെഡ്മിസ്ട്രസ് ലക്ഷങ്ങൾ കൈക്കലാക്കി. ഈ വർഷം ജൂൺ മുതൽ സെപ്തംബർ മാസം വരെ ഉള്ളത് മാത്രം ഡി.ഡി.ഇ ഓഫീസിലെ ഉദ്യോഗസ്ഥർ വന്ന് അന്വേഷിച്ച് ക്രമക്കേടുകൾ കണ്ടെത്തി. കുട്ടികൾക്ക് കൊടുക്കുന്ന കറികൾ വേണ്ട ചേരുവകൾ ചേർക്കാതെ കൊടുക്കുന്നുണ്ടെന്നും പാലും മുട്ടയും ഒരിക്കൽപ്പോലും കൊടുത്തിട്ടില്ലെന്നും കണ്ടെത്തി. ഹെഡ്മിസ്ട്രസ് ജോളി ജോർജ്ജ് ഒന്നാം പ്രതിയാണ്, കൂട്ട് പ്രതിയായ നൂൺ മീൽ ഇൻചാർജ് ബിന്ദു സ്‌കറിയ എന്നിവർ ചേർന്നാണ് ഈ വൻ തട്ടിപ്പ് നടത്തിയത്.
509 കുട്ടികളുടെ ലിസ്റ്റ് അനുസരിച്ചുള്ള തുക സർക്കാരിൽ നിന്നും മൂന്നു വർഷമായി കൈപ്പറ്റി, എന്നാൽ ഒരിക്കൽപ്പോലും കുട്ടികൾക്ക് പാലോ മുട്ടയോ കൊടുത്തതുമില്ല, ഉച്ചഭക്ഷണ കമ്മറ്റി എന്ന ഒരു കമ്മറ്റി രൂപീകരിച്ചിരിക്കണമെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദേശത്തെ അവഗണിച്ചുകൊണ്ട് അങ്ങനെയൊരു കമ്മറ്റി രൂപീകരിക്കാതെ ഹെഡ്മിസ്ട്രസ് തനിയെ ഒരു ബുക്കിൽ ഉച്ചഭക്ഷണക്കമ്മറ്റി റിപ്പോർട്ട് എല്ലാ മാസവും എഴുതി തനിയെ എല്ലാവരുടെയും വ്യാജ ഒപ്പും ഇട്ട് അധികൃതർ ചെക്ക് ചെയ്യാൻ വരുമ്പോൾ ഹാജരാക്കിയിരുന്നു.
അങ്ങനെ വ്യാജരേഖ ചമയ്ക്കൽ, സർക്കാരിന്റെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത സർക്കാർ പണാപഹരണം എന്നിവ പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കേണ്ട ഗുരുതരമായ നിയമ ലംഘനമാണ്. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് അഴിമതി കാണിച്ച ഈ ഹെഡ്മിസ്ട്രസ് ജോളി ജോർജ്, ഈ അഴിമതിക്ക് കൂട്ട് നിന്ന നൂൺ മീൽ ഇൻചാർജ് ബിന്ദു സ്‌കറിയ എന്നിവർ വലിയ തെറ്റാണ് കുട്ടികളോട്, സമൂഹത്തോട് ചെയ്തിരിക്കുന്നത് എന്നും ഇവർ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടത് ഇനിയും ഇങ്ങനെയുള്ള തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ അത്യാവശ്യമാണെന്നും രക്ഷകർത്താക്കൾ അടങ്ങിയ പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടികൾക്ക് മുട്ടയും പാലും എന്താണ് കൊടുക്കാത്തത് എന്ന് ചോദിക്കുമ്പോൾ ഫണ്ട് കിട്ടുന്നില്ല എന്ന മറുപടിയാണ് ഹെഡ്മിസ്ട്രസ് ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്, ഇതിനു പിന്നിൽ ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്നും കൈപ്പറ്റിക്കൊണ്ട് അത് സ്വയം തട്ടിച്ചെടുക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത മാതാപിതാക്കൾ പറഞ്ഞു.
നിലവാരം കുറഞ്ഞ കളർ യുണിഫോം (ആഴ്ചയിലൊരിക്കൽ ഇടാനുള്ളത്) കൂടിയ വിലയ്ക്ക് കുട്ടികളെക്കൊണ്ട് മേടിപ്പിക്കുക, ഏഴാം ക്ലാസിൽ നിന്നും ടി.സി വാങ്ങി പോകുന്ന കുട്ടികളിൽ നിന്നും നിർബന്ധിച്ച് ഗുരു ദക്ഷിണയായി പണം വാങ്ങുക ഇതൊക്കെ ഈ ഹെഡ്മിസ്ട്രസിന്റെ പണത്തോടുള്ള ആർത്തിയുടെ ചില ഉദാഹരണങ്ങൾ മാത്രം ആണ്. സമൂഹത്തിലെ താഴെക്കിടയിലുള്ള പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്, അങ്ങനെയുള്ള കുട്ടികളെ വടി ഉപയോഗിച്ചും കൈ കൊണ്ടും അടിക്കുക, സഭ്യമല്ലാത്ത വാക്കുകൾ കൊണ്ട് വേദനിപ്പിക്കുക, എന്തെങ്കിലും അപകടം പറ്റുന്ന കുട്ടികളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ മണിക്കൂറുകൾ സ്‌കൂളിൽ ഇരുത്തി വൈകിട്ട് സ്‌കൂൾ ബസിൽ കയറ്റി വിടുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്ന ഇവരുടെ മാനസിക നില വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധർ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
പല പ്രാവശ്യം പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസം തിരുവല്ല ഡിവൈ.എസ്.പി കേസ് സ്വീകരിച്ചു. പക്ഷെ പത്തനംതിട്ട ഡി.ഡി.ഇ, കേസ് പോലീസിന് കൈമാറിയാൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ എന്നാണ് ഡിവൈ.എസ്.പി. പറയുന്നത്. കുറെ ഏറെ നാളായിട്ടും ഡി.ഡി.ഇ എന്തുകൊണ്ട് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കണ്ട ഈ കേസ് പോലീസിന് കൈമാറാതിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള ശിക്ഷ ലഭിക്കേണ്ട ഈ കേസ് ഡി.ഡി.ഇ അല്ലല്ലോ ശിക്ഷ നടപ്പാക്കേണ്ടത്. കുറ്റാരോപിതയായ ഹെഡ്മിസ്ട്രസിനെ അവരുടെ മാനേജ്‌മെന്റിലെ തന്നെ ഒരു സ്‌കൂളിലേയ്ക്ക് സ്ഥലം മാറ്റം നൽകി ആളുകളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ ചെയ്തത്.
അവർ ആ സ്‌കൂളിലും ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്യുന്നു. അവർ ഒരു അധ്യാപികയായി ജോലി നോക്കാൻ ഒട്ടും യോഗ്യ അല്ലാതിരിക്കെ അവരെ ഹെഡ്മിസ്ട്രസ് ആയിട്ട് തന്നെ തുടരാൻ അനുവദിക്കുന്നത് ഇവിടുത്തെ നിയമസംവിധാനത്തിന് നേരെ ഉള്ള വെല്ലുവിളി ആണ്. ഇവിടെ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ സമന്മാരാണ്. പരാതി കൊടുത്ത് വിദ്യാഭ്യാസവകുപ്പ് അന്വേഷിച്ചതുകൊണ്ടും കുറ്റം തെളിഞ്ഞതുകൊണ്ടും ഇപ്പോൾ മൂന്നു വർഷങ്ങൾക്കു ശേഷം ഇപ്പോൾ കുട്ടികൾക്ക് നല്ല ഭക്ഷണവും മുട്ടയും പാലും ഒക്കെ കൃത്യമായി ലഭിക്കുന്നുമുണ്ട്. പക്ഷെ ഈ മൂന്നു വർഷക്കാലം കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ വൻ അഴിമതി കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത ജോളി ജോർജ്, കൂട്ടുനിന്ന ഇൻചാർജ് ടീച്ചർ ഇവർ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള അന്വേഷണവും ശിക്ഷയും നേരിടേണ്ടവർ തന്നെ.
ഒരു തരത്തിലും ഒരു അധ്യാപികയോ പ്രധാന അധ്യാപികയോ ആയി ഒരു സ്‌കൂളിലും സേവനമനുഷ്ഠിക്കുവാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു സ്ത്രീ ആണിവരെന്ന് ഒരു രക്ഷാകർത്തൃസമിതി അംഗം അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള ചതി കുഞ്ഞുങ്ങളോടും പൊതുസമൂഹത്തോടും സർക്കാറിനോടും കാണിച്ച ഇവരെ അദ്ധ്യാപകവൃത്തിയിൽ നിന്നുതന്നെ മാറ്റി ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് എന്നാണ് അവിടുത്തെ മുഴുവൻ രക്ഷകർത്താക്കളുടെയും ആവശ്യം, മാതൃകാപരമായി ഇവരെ ശിക്ഷിക്കുന്നതിന് വേണ്ടി മാതാപിതാക്കളും കുട്ടികളും കൊടുത്ത പരാതികളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പും പോലീസും വിജിലൻസ് അടക്കമുള്ള വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. അനേകം കുട്ടികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും മൊഴികൾ സ്വീകരിക്കുകയും മറ്റു വകുപ്പുതലത്തിൽ ആരെങ്കിലും ഈ തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നേരിട്ടുള്ള പരാതിയിലാണ്, ഇപ്പോൾ വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കുന്നത്.
താൽക്കാലികമായി ചാർജെടുത്ത പുതിയ ഹെഡ്മിസ്ട്രസ് കുട്ടികൾക്കുള്ള എല്ലാ ആനുകൂകല്യങ്ങളും പുനഃസ്ഥാപിക്കുകയും ഉച്ച ഭകഷണം അടക്കമുള്ള സൗകര്യങ്ങൾ നല്ല രീതിയിൽ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തതിൽ രക്ഷാകർത്തൃസമിതി സ്‌കൂൾ മാനേജ്‌മെന്റിന് നന്ദിയർപ്പിച്ചു. അനേകം മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിൽ നിന്ന് മറ്റു സ്‌കൂളുകളിലേക്ക് ടിസി വാങ്ങി മാറ്റുവാൻ തീരുമാനമെടുത്തതിനിടെയാണ് അഴിമതി നടത്തിയ ടീച്ചറിനെ സ്ഥലം മാറ്റുകയും പുതിയ ഹെഡ്മിസ്ട്രസ് താൽക്കാലികമായി ചുമതലയേൽക്കുകയും ചെയ്തത്.
പക്ഷെ ഈ മാർച്ചിൽ റിട്ടയർ ആകുന്ന പുതിയ ഹെഡ്മിസ്ട്രസിന് പകരം അഴിമതിക്കാരിയായ അധ്യാപികയെ വീണ്ടും തിരികെ കൊണ്ടുവരുവാനുള്ള എല്ലാ നടപടികളെയും ശക്തമായി എതിർത്തുകൊണ്ട് സമരങ്ങൾ അടക്കമുള്ള വലിയ പ്രതിഷേധങ്ങളിലേക്ക് പോകുമെന്ന് പിടിഎയുടെ നേതൃത്വത്തിൽ കൂടിയ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ അടങ്ങുന്ന സംയുക്ത സമര സമിതി അറിയിച്ചു.
ശ്രീകുമാർ പുതുമന
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്