ഒളിഞ്ഞിരുന്ന് ഞെളിയുന്ന അളിഞ്ഞവന്മാരുടെ മൃദംഗ താളങ്ങൾ !

JANUARY 1, 2025, 6:37 AM

ഒരു കൊടുംക്രിമിനലിന് അമ്മയെ കാണാൻ, കോടതി വിധി ധിക്കരിച്ചും കീഴ്‌വഴക്കങ്ങൾ ലംഘിച്ചും 30 ദിവസം പരോൾ അനുവദിച്ചത്, നമ്മുടെ 'നവകേരള'ത്തിലെ ഏറ്റവും പുതിയ കുടില 'ദൃശ്യ'ങ്ങളിൽ ഒന്നാണ്. നാട്ടിലെ ക്രമസമാധാനം ഉറപ്പുവരത്തേണ്ടവർക്ക് തെറ്റ് പറ്റിയോ എന്ന ചിന്തകളാണ് ഈ വാർത്ത വായിച്ചപ്പോൾ ഉളിപ്പാട് പോലെ ജനഹൃദയങ്ങളിൽ വീണത്.

തൃശൂരിലെ പൂരപ്പറമ്പായ തേക്കിൻകാട് വച്ച് പെൺകുട്ടികളോടൊപ്പം കണ്ട പതിനാലുകാരനെയും പതിനാറുകാരനെയും ചോദ്യം ചെയ്ത മുപ്പതുകാരൻ, നവവത്സര ദിനരാത്രിയിൽ പതിനാലുകാരന്റെ കത്തേറ്റു മരിച്ചതാണ് ന്യൂ ഇയറിലെ തികച്ചും അൺ ഹാപ്പിയായ മറ്റൊരു വാർത്ത. വരാൻ പോകുന്ന 'സമൂഹ സുനാമി'കളുടെ ആദ്യവൻ തിരകൾ കണ്ട് മുൻകരുതൽ എടുക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് ഈ പ്രതിവാരക്കുറിപ്പ് എഴുതിത്തുടങ്ങുന്നത്.

തന്തവൈബും മാനദണ്ഡവും

vachakam
vachakam
vachakam

പോയ വർഷം മലയാളികൾ ഏറ്റവും കൂടുതൽ എടുത്ത് തേച്ചലക്കിയ വാക്കായി മനോരമ കണ്ടെത്തിയ വാക്ക് തന്തവൈബാണത്രെ. എന്നാൽ, ഈ സർവേയ്ക്കു ശേഷമുണ്ടായ സർക്കാരിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ മീറ്റർ റീഡിംഗിൽ ചിലരെല്ലാം കുറിച്ചിട്ട ഒരു വാക്കുണ്ട്: മാനദണ്ഡം. മായാവി എന്ന സിനിമയിൽ മലയാളം 'അരച്ചു കലക്കിക്കുടിച്ച' മഹി എന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് മാനദണ്ഡം എന്ന വാക്കിന് 'മനസ്സിന്റെ ദണ്ഡം' എന്ന് നിർവചനം നൽകിയത്. എ.ഡി.എം. നവീൻ ബാബുവിന്റെ ഭാര്യയും രണ്ട് പെൺമക്കളുടെ അമ്മയുമായ മഞ്ജുഷയുടെ 'മനസ്സിന്റെ ദണ്ഡം'കാണാതെ പോകുന്നതാണ് ഇപ്പോഴത്തെ ഭരണകർത്താക്കളുടെ മനസ്സിലെ ഉഡായിപ്പ്.

ടി.പി. വധക്കേസിലെ പ്രതികൾക്ക് മാസങ്ങൾക്കു മുമ്പ് പരോൾ അനുവദിക്കാതെ പോയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കേരളാ ഹൈക്കോടതി 20 വർഷത്തേയ്ക്ക് യാതൊരു വിധത്തിലുള്ള ഇളവും പരോളും ടി.പി. വധക്കേസ് പ്രതികൾക്ക് അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് പരോൾ നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ കൽപ്പന വന്നിട്ടും ജയിൽ അധികൃതർ ഉഴപ്പി. അന്ന് വഴങ്ങാതിരുന്ന ജയിൽ ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണെന്നാണ് മാധ്യമ വാർത്തകൾ. ഇങ്ങനെ സസ്‌പെൻഡ് ചെയ്താൽ തന്നെ 6 മാസത്തിനുള്ളിൽ അവരെ തിരിച്ചെടുക്കണമെന്ന് സർവീസ് റൂളുണ്ട്. പക്ഷെ, അതൊന്നും വകവയ്ക്കാതെ ഈ ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ശിക്ഷാ നടപടികൾക്ക് ഒരുങ്ങുകയാണ് സർക്കാർ.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണ് അന്നും ഇന്നും ഉത്തരവിറങ്ങിയിട്ടുള്ളത്. ജയിൽ സൂപ്രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി. അരുൺകുമാർ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് മുഖ്യമന്ത്രി 17-6-24ൽ സസ്‌പെൻഡ് ചെയ്തത്. ഏറെ രസകരമായ കാര്യമുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥർ വിവാദമുണ്ടായ ദിനങ്ങളിൽ ബന്ധപ്പെട്ട ജയിലിൽ സേവനമനുഷ്ഠിച്ചവരല്ല. 90 ദിവസത്തിനകം ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന സർവീസ് റൂളും ആഭ്യന്തര മന്ത്രാലയം കണക്കിലെടുത്തിട്ടില്ല. ഇപ്പോൾ ഈ ജയിൽ ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റും സ്ഥാനക്കയറ്റവും തടയാനുള്ള കുരുട്ടു ബുദ്ധിയാലോചിക്കുകയാണ് അധികൃതർ.

vachakam
vachakam
vachakam

മനുഷ്യാവകാശവും മണ്ണാങ്കട്ടയും

മനുഷ്യാവകാശവും മണ്ണാങ്കട്ടയുമെന്നെല്ലാം പറഞ്ഞ് ഓരിയിടുന്നവർ പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചതിന്റെ മാനദണ്ഡവും മാധ്യമങ്ങൾ ആഘോഷിച്ചുവെങ്കിലും, പി.ജയരാജൻ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങൾ മലയാളികൾക്ക് രുചിച്ചവോയെന്നറിയില്ല. പറഞ്ഞ് പറഞ്ഞ് പട്ടിയെ പേപ്പട്ടിയാക്കുന്നതുപോലെ ക്രിമിനലുകളെ തൊട്ടിലാട്ടി ചുവന്ന പൊട്ട് കുത്തി ജനമധ്യത്തിൽ നന്മനിറഞ്ഞവരാക്കി നിർത്തുന്ന ഏർപ്പാട് ചില നേതാക്കളെങ്കിലും തുടർന്നുകൊണ്ടേയിരിക്കുന്നു.

പ്രതിപക്ഷമാകട്ടെ, ഭരിക്കുന്നവരുടെ ഇത്തരത്തിലുള്ള 'തോന്ന്യാസങ്ങൾ'ക്ക് മറുപടിയായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് രണ്ട് ഡയലോഗ് കാച്ചിയാൽ മതിയെന്നു കരുതുന്നു.
പെരിയയിലെ ഇരട്ടക്കൊലക്കേസിൽ നിയമരംഗത്തെ രണ്ട് വേഷങ്ങളെ നമുക്ക് പരിചയപ്പെടാനായി. ഇതിൽ ഒരാൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു വേണ്ടി വാദിച്ച മുൻ പ്രോസിക്യൂട്ടർ ജനറൽ ടി. ആസഫലിയാണ്. കാര്യമായ പ്രതിഫലമൊന്നും വാങ്ങാതെയാണ് അദ്ദേഹം ഈ ദൗത്യം നിറവേറ്റിയതെന്ന് സമൂഹ മാധ്യമങ്ങളിൽ കേട്ടു.

vachakam
vachakam
vachakam

എന്നാൽ, കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്കുവേണ്ടി ആദ്യ ദിനങ്ങളിൽ വാദിച്ച അഡ്വ. സി.കെ. ശ്രീധരൻ ഇടക്കാലത്തുവച്ച് കൂറുമാറി പ്രതികൾക്കുവേണ്ടി വാദം തുടങ്ങിയത് അക്ഷരാർത്ഥത്തിൽ അഭിഭാഷക ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. അതിരൂക്ഷമായി അഡ്വ. ശ്രീധരനെതിരെ 'തിളച്ചത്' രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. ശ്രീധരനും, ചില സൈബർ പോരാളികളും രാഹുലിനെതിരെ രംഗത്തിറങ്ങിയെങ്കിലും ആ നീക്കങ്ങൾ പാളിപ്പോയതാണ് നാം കണ്ടത്.


തട്ടിക്കൂട്ട് പരിപാടികൾ, തരികിട നടത്തിപ്പ്...

എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ച് തൃക്കാക്കര എം.എൽ.എ. ഉമാ തോമസിന് ഗുരുതരമായി പരക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെങ്കിലും, അത് പലരുടെയും തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഇവന്റ് നടത്തിപ്പ് എന്നത് ഗൗരവാവഹമായി കാണാത്തവരെ കൊച്ചി നഗരത്തിലെ ആൾക്കൂട്ടത്തിൽ ചുണ്ണാമ്പ് തൊട്ട് എണ്ണാനൊന്നും പൊലീസിനു കഴിഞ്ഞെന്നു വരില്ല.

ഓരോ ആഘോഷ സീസണുകളിലും, മറ്റ് ജില്ലകളിൽ നിന്നുള്ളവർ പുതിയ ആശയങ്ങളുമായി നഗരത്തിലേക്ക് വരുമ്പോൾ, അത്തരക്കാരെ 'ഫിൽട്ടർ' ചെയ്യാൻ ഇവന്റിന് ആവശ്യമായ അനുമതി നൽകുന്ന ഏജൻസികളും പൊലീസ് അധികൃതരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം നിരവധി വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പടുകൂറ്റൻ ടാങ്കിനു മുകളിൽ അപരിചിതരായ യുവാക്കളെ കണ്ടപ്പോൾ നെട്ടൂരിലുള്ള നാട്ടുകാരാണ് ബഹളമുണ്ടാക്കി ആളെ കൂട്ടിയത്. ആ യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ അന്ന് പൊലീസിന് കഴിഞ്ഞതുമില്ല.

ഇപ്പോൾ ജി.സി.ഡി.എ. സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിക്കാനെത്തിയവരെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ നമ്മെ ഞെട്ടിക്കുന്നുണ്ട്. പ്രസ്തുത പരിപാടിക്കവേണ്ടി സ്റ്റേഡിയം ബുക്ക് ചെയ്തവരുടെ മേപ്പാടിയിലുള്ള ഓഫീസ്, രണ്ട് കസേരയും ഒരു മേശയും മാത്രമുള്ള ഒരു കടമുറിയാണത്രെ. ഒരു വാർത്തയിൽ ഈ കമ്പനിയുടെ പേര് മൃദംഗവിഷൻ എന്നും മറ്റൊരു വാർത്തയിൽ മൃദംഗ നാദമെന്നും കണ്ടു. രണ്ടിലും മൃദംഗമുണ്ട്. അത്രയും ആശ്വാസം. മേപ്പാടിയിലുള്ള ഒരാൾ ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനുള്ള നൃത്ത പരിപാടി സംഘടിപ്പിക്കണമെങ്കിൽ അതൊരു 'വൺമാൻ ഷോ' അല്ല.

കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് ഓർമ്മ വരുന്നു. പൊലീസ് കഴിയാവുന്നത്ര ജാഗ്രത പാലിക്കുന്നുണ്ട്. എന്നിട്ടും, ബൈക്കിൽ പോകുന്നവനെ പോലും കുത്തിവീഴ്ത്തി ലക്ഷങ്ങൾ കവരാൻ കഴിയുന്നവിധം, നഗരത്തിനു പുറത്തുനിന്നു വരുന്ന ക്രിമിനലുകൾ നല്ല 'നെറ്റ് വർക്ക്' ഉള്ളവരായി മാറിക്കഴിഞ്ഞു. കൂടുതൽ മദ്യപിച്ചാൽ അയാൾ പാമ്പായി ഭൂമിദേവിയാകുമെന്നേയുള്ളു. പക്ഷെ മയക്കുമരുന്നടിച്ചാലും അടിച്ചില്ലെങ്കിലും സുബോധം നഷ്ടപ്പെടുന്നവരുടെ ഇരുൾത്താവളങ്ങളായി കൊച്ചി നഗരം മാറിക്കൊണ്ടിരിക്കുകയാണ്.

ഇവർക്കെതിരെ ബഹുജന മുന്നേറ്റമുണ്ടാകണം. പൊലീസ് സ്റ്റേഷനു മുമ്പിൽ ജനമൈത്രി എന്നെഴുതിവച്ചാൽ പോരാ, പകരം ജനങ്ങളുമായി ഒത്തുചേർന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കണം. രാഷ്ട്രീയ പാർട്ടികളുടെ യുവജന വിഭാഗങ്ങൾക്കും, വിവിധ സമുദായ സംഘടനകൾക്കും ഇക്കാര്യത്തിൽ പൊലീസുമായി സഹകരിക്കാൻ കഴിയും. കുറ്റവാളികളെ പൊലീസ് സ്റ്റേഷനിൽ കടന്നുകയറി മോചിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ വൈകൃത ശൈലികൾക്ക് അറുതി വരുത്തുവാൻ രാഷ്ട്രീയ നേതാക്കൾ തന്നെയാണ് പാർട്ടി നോക്കാതെ മുന്നിട്ടിറങ്ങേണ്ടത്.

കലൂരിലെ അപകടത്തിൽ ജി.ഡി.സി.എ. യുടെയും സ്ഥലത്തുണ്ടായിരുന്ന അധികൃതരുടെയും നോട്ടപ്പിശക് ഗുരുതരമാണ്. സ്റ്റേഡിയത്തിന്റെ ഘടന മാറ്റിയാൽ, അത് സുരക്ഷിതമാണോയെന്ന്  ജി.സി.ഡി.എ.യുടെ എഞ്ചിനിയറിംഗ് വിഭാഗം പരിശോധിക്കേണ്ടതുണ്ട്. മന്ത്രി സജി ചെറിയാന്റെ ഗൺമാൻ ചൂണ്ടിക്കാട്ടിയിട്ടും സ്റ്റേജിന്റെ സുരക്ഷിതത്വം സംഘാടകർ കണക്കിലെടുത്തതുമില്ല.

ആര് ചത്താലും വേണ്ടില്ല, പത്തു കാശുണ്ടാക്കണം....

ഈ നൃത്ത പരിപാടിക്കായി വിറ്റ സാരികൾക്ക് 390 രൂപ മാത്രമേ വാങ്ങിയിട്ടുള്ളുവെന്ന കല്യാൺ സിൽക്ക്‌സിന്റെ ഏറ്റുപറച്ചിൽ ഫേസ്ബുക്കിൽ കണ്ടു. സാരി വിൽക്കുമ്പോൾ, അത് കെട്ടിത്തൂങ്ങാനാണോ തട്ടിപ്പിനാണോയെന്ന് അന്വേഷിക്കേണ്ട ചുമതല ഏതായാലും കല്യാൺ സിൽക്‌സിനില്ല. അത് ശരിയുമാണ്. എന്നാൽ ഇവന്റിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ഏതെങ്കിലും സർക്കാർ ഏജൻസികളുമായി സംഘാടകർ നടത്തിയോ? അപകട ദിനം കഴിഞ്ഞപ്പോൾ കൊച്ചിൻ കോർപറേഷൻ സംഘാടകർക്ക്  നോട്ടീസയച്ചതായി വാർത്ത വന്നു. അത് മതിയോ എന്ന് ചിന്തിക്കേണ്ടത് സിറ്റി മേയറാണ്. ഇത്തരമൊരു പരിപാടിക്ക് ഇൻഷ്വറൻസ് ഉണ്ടായിരുന്നവോ?

390 രൂപയുടെ സാരിക്ക് 1600 വരെ നർത്തകികൾക്ക് നൽകേണ്ടി വന്നു. മാത്രമല്ല, 2000 രൂപ മുതൽ 6000 രൂപ വരെ സംഘാടകർ നർത്തകിമാരുടെ കുടുംബങ്ങളിൽ നിന്ന് ഈടാക്കിയതായും പറയുന്നു. ഏത് ബാങ്കിലായിരുന്നു ഇവരുടെ അക്കൗണ്ട്? കൊച്ചിൻ മെട്രോ നർത്തികിമാർക്ക് ടിക്കറ്റ് ചാർജ് പകുതിയാക്കി കുറച്ചിരുന്നതായി വാർത്തകളുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത്, ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനുള്ള ഈ ഇവന്റിനു പിന്നിൽ വൻ സ്രാവുകളുണ്ടെന്നല്ലേ? പക്ഷെ, പുറം ലോകം അറിയുന്ന പൊടി മീനുകളുടെ ചുമലിൽ കുറ്റം ചുമത്തി ഇത്തവണയും 'വൻ സ്രാവുകൾ' രക്ഷപ്പെടും. മേപ്പാടിയിലെ കടമുറിയിൽ നിന്ന്, കൊച്ചി നഗരത്തിലേക്ക് 'വലിച്ചു കെട്ടിയ' വ്യാജ തോരണങ്ങൾക്ക് ദിവസങ്ങൾ കഴിയും തോറും നിറം മങ്ങുകയും ചെയ്യും.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam