നിർധനരും നിരാലംബരുമായ രോഗികൾക്ക് അർഹമായ ചികിത്സാസഹായം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കാനഡയിലെ മലയാളി പ്രവാസിസമൂഹത്തിന്റെ കൂട്ടായ്മയിൽ രൂപം കൊണ്ട ജീവകാരുണ്യ സംഘടനയാണ് 'തണൽ കാനഡ'.
ആരോഗ്യസംരക്ഷണം ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്ന ദൃഢബോധ്യത്തിൽ, ജാതി-മത-വർഗ്ഗഭേദമില്ലാതെ, വിവിധ രോഗങ്ങളാൽ വലയുന്ന മനുഷ്യർക്ക് പ്രത്യാശയുടെ തണലാകുകയാണ് ഈ സംഘടനയുടെ ദൗത്യം.
ആതുരശുശ്രൂഷാരംഗത്തും രോഗനിർണയത്തിലുമെല്ലാം വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീമമായ ചികിത്സാ ചെലവുകൾ ശരിയായ ചികിത്സയിൽ നിന്നും പൂർണ്ണ സുഖപ്രാപ്തിയിൽ നിന്നും സാധാരണ ജനങ്ങളെ അകറ്റി നിർത്തുന്നു.
സങ്കുചിത ചിന്തകൾക്കതീതമായി വിവിധ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്ന, നാട്ടിലും കാനഡയിലും ഉള്ള നമ്മുടെ സഹോദരങ്ങൾക്ക് അർഹമായ ചികിത്സാസഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2014ൽ പ്രവർത്തനം ആരംഭിച്ച 'തണൽ കാനഡ' എന്ന തണൽ കാനഡ ഹെൽത്ത് സപ്പോർട്ട് ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കാനഡയുടെ നിയമങ്ങൾക്ക് വിധേയമായി സുതാര്യവും നിസ്വാർത്ഥവുമായ സേവനങ്ങളിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
2018ൽ നോൺപ്രോഫിറ്റ് ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തതോടെ പ്രവർത്തനപരിധി ഓരോ പ്രൊവിൻസുകളിലേക്കും കൂടുതൽ വിപുലീകരിച്ച്, കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സാസഹായം ആവശ്യമുള്ള നിരവധി അർഹരായ രോഗികൾക്ക്, വർഷം തോറും നേരിട്ട് ധനസഹായം എത്തിക്കുന്ന വിശ്വസനീയ സംവിധാനമായി 'തണൽ കാനഡ' മാറിക്കഴിഞ്ഞിട്ടുണ്ട്.
തണൽ കാനഡയിലെ അംഗങ്ങൾ വഴി നേരിട്ട് ലഭിക്കുന്ന അപേക്ഷകരിൽ നിന്നും അർഹതപ്പെട്ടവർക്കാണ് ധനസഹായം നൽകുന്നത്. ഏകദേശം 25,000 രൂപയുടെ ധനസഹായം, ഇടനിലക്കാരെ ഒഴിവാക്കി അർഹരായ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
അംഗങ്ങളുടെ പക്കൽ നിന്നും മാസംതോറും 10 ഡോളർ വീതം സമാഹരിച്ചു കൊണ്ടാണ് ഈ ധനസഹായം നൽകി വരുന്നത്.
ധനസഹായം ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ
തങ്ങളുടെ വ്യക്തിപരമായ അസൗകര്യങ്ങൾ അവഗണിച്ച്, ജനിച്ച നാടിനും സഹജീവികളുടെ ക്ഷേമത്തിനുമായി നിസ്വാർത്ഥമായി ഇടപെടുന്ന കാനഡയിലെ മലയാളി പ്രവാസിസമൂഹത്തിന്റെ ത്യാഗോജ്വലമായ പ്രവർത്തനമാണ് 'തണൽ കാനഡ'യുടെ വിജയമന്ത്രം. ഏഴ് വർഷങ്ങൾ കൊണ്ട് അഞ്ഞൂറിലധികം വ്യക്തികൾക്ക് ധനസഹായം നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞുവെന്നത് ഈ കൂട്ടായ്മയുടെ, നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്.
'തണൽ കാനഡ'യുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുമായി വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന 'തണൽ സന്ധ്യ' എന്ന കലാപരിപാടി ഉദ്ദേശശുദ്ധി കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് ഒരു കലാവിരുന്ന് സമ്മാനിക്കുന്നു.
കാനഡയിലെ മികച്ച കലാപ്രതിഭകലൾ അണിനിരക്കുന്ന 'തണൽ സന്ധ്യ'യിൽ രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രഗൽഭരായ നിരവധി ആളുകൾ പങ്കെടുക്കുന്നു. സ്‌പോൺസർമാരുടെ സഹകരണത്തോടെ നടത്തപ്പെടുന്ന തണൽ സന്ധ്യയിൽ നിന്നും സമാഹരിക്കപ്പെടുന്ന തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു.
അംഗീകാരങ്ങൾ
കോവിഡ് മഹാമാരിയുടെ സമയത്ത് ഒന്റോറിയോ ഹീറോസിന്റെ പങ്കാളിത്തത്തോടെ 'തണൽ കാനഡ' നടത്തിയ സാമൂഹ്യസേവനപ്രവർത്തനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്‌സലൻസ് 2023 കോവിഡ് വാറിയർ അവാർഡ് ലഭിച്ചു.
ഇന്ത്യയിലും കാനഡയിലുമായി അറുപതിലേറെ ആളുകൾക്കു നൽകിയ ചികിത്സാ ധനസഹായവും അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകിയ സാമ്പത്തിക സഹായവും ഭക്ഷ്യ കിറ്റ് വിതരണവുമൊക്കെയാണ് പ്രസ്തുത നേട്ടത്തിന് സംഘടനയെ അർഹമാക്കിയത്.
തണൽ കാനഡ: വിശ്വാസ്യതയുടെ കരുത്ത്
ജീവകാരുണ്യസംഘടനകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ സുതാര്യമായി നടപ്പാക്കുന്ന ധനസഹായ വിതരണത്തിലൂടെ 'തണൽ കാനഡ' മുന്നോട്ട് പോകുന്നു. ഡയറക്ടർ ബോർഡിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഭാവനകൾ കൃത്യമായി ഏകോപിപ്പിച്ച് അർഹരായവർക്ക് മാത്രം എത്തിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് നടത്തപ്പെടുന്നത്.
സംഘടനയുടെ വരവ്‌ചെലവുകൾ എല്ലാ വർഷവും ആഭ്യന്തര/ബാഹ്യ ഓഡിറ്റർമാർ പരിശോധിച്ച് (ഓഡിറ്റ് ചെയ്ത്) അംഗീകാരത്തിനായി കാനഡയിലെ റവന്യൂ ബോർഡിന് സമർപ്പിക്കുകയും ധനവിനിയോഗത്തിന്റെ സുതാര്യതയും ഫലപ്രദമായ വിനിയോഗവും ഉറപ്പുവരുത്തുകയും ചെയ്തു വരുന്നു. 'തണൽ കാനഡ' ഇന്ന് കാനഡയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖമായി മാറിയിരിക്കുന്നു.
'തണൽ കാനഡ' എന്ന ഈ സംഘടനയ്ക്ക് കേരളത്തിലോ കാനഡയിലോ മറ്റു രാജ്യങ്ങളിലോ 'തണൽ' എന്ന പേരിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനകളുമായി യാതൊരു ബന്ധവും ഇല്ല.
കാനഡയിലെ എല്ലാ മലയാളി സുമനസ്സുകളെയും കരുണയുടെ ഈ തണലിലേക്ക് ഏറെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ഒരു ജീവൻ രക്ഷിക്കുമ്പോൾ ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നത് എന്ന ബോധ്യത്തിൽ സഹജീവികളോടൊപ്പം നമുക്കും വളരാം.. സഹജീവികളുടെ നിസ്സഹായതയിൽ അവരെ സഹായിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് 'തണൽ കാനഡ' നടത്തുന്ന ജീവകാരുണ്യ യാത്രയിൽ നമുക്കും അണിചേരാം.
തണൽ കാനഡയിൽ അംഗമാകുന്നതിന് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ ഝഞ രീറല സ്‌കാനിങ്ങിലൂടെയോ സാധിക്കുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSdSDwQVhD2O1nus88ekfke4yoEnVxW3NhwusYwE0GieB8I9gw/viewform?usp=preview
കൂടുതൽ വിവരങ്ങൾക്ക്: 647-856-9965, 647-895-3078, 416-877-2763
Email: [email protected], Website: www.thanalcanada.com
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
