ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കത്തിനിൽക്കുന്ന തമിഴ്‌നാട്

APRIL 2, 2025, 5:56 AM

ഒരു ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശക്തിയെന്ന നിലയ്ക്കുള്ള ഡി.എം.കെയുടെ സമീപകാല വളർച്ചയാണ് തമിഴ്‌നാട്ടിൽ മറ്റൊരു സഖ്യത്തിനുള്ള ബി.ജെ.പിയുടെ വെപ്രാളത്തിന് കാരണം. നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ ഏറ്റവും ശക്തമായ രാഷ്ട്രീയനിലപാടെടുക്കുന്ന മുഖ്യമന്ത്രി സ്റ്റാലിനും സംസ്ഥാനം തമിഴ്‌നാടുമാണ്.

തമിഴ്‌നാട്ടിൽ സഖ്യത്തിന്റെ ബലത്താൽ വീണ്ടും അധികാരത്തിൽ എത്താനാകില്ലെന്ന് ഡി.എം.കെയെ വെല്ലുവിളിച്ച് തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് മുന്നേറുമ്പോഴും വിജയിയുടെ പാർട്ടിയെ ബി.ജെ.പി ഒരു പ്രധാന ശത്രുവായി ഇപ്പോഴും പരിഗണിക്കുന്നില്ല. എന്നുമാത്രമല്ല, പരാജയപ്പെട്ട സമീപകാല താരസംഘടനകളുടെ അവസ്ഥയിലേക്ക് തമിഴക വെട്രിക്കഴകവും പോകും എന്നാണ് ബി.ജെ.പി കരുതുന്നത്. ഡി.എം.കെയുടെ ബി ടീം ആണ് വിജയ് എന്ന അണ്ണാമലൈയുടെ പരിഹാസം ഈയൊരു കാഴ്ചപ്പാടിലൂടെയാണ് കാണേണ്ടത്.
എന്തായാലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ആരൊക്കെ തമ്മിലായിരിക്കും പ്രധാന മത്സരം? 

തമിഴക വെട്രിക്കഴകവും ഡി.എം.കെയും തമ്മിലായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിട്ടും ബി.ജെ.പിക്കത് വിശ്വസിക്കാനാകുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്‌നം തന്നെ തമിഴ്‌നാട് പിടിച്ചെടുക്കുക എന്നതുതന്നെയാണ്. സ്റ്റാലിനും വിജയിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ ആ സ്വപ്‌നസാക്ഷാൽക്കാരത്തിനുള്ള അവസാന വഴി എന്താണ്; എ.ഐ.എ.ഡി.എം.കെയുമായി വീണ്ടുമൊരു 'പ്രതീക്ഷ തീരെയില്ലാത്ത' സഖ്യം. വേണ്ടിവരുമോ..?

vachakam
vachakam
vachakam

ഒന്നും നഷ്ടപ്പെടാനില്ലാത്ത രണ്ട് പാർട്ടികളുടെ നിഷ്ഫല സഖ്യമെന്നുമാത്രമേ ഇപ്പോഴിതിനെക്കുറിച്ച് പറയാനാകു. ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ഇക്കാലത്ത് അംബേദ്കർ ജീവിച്ചിരുന്നുവെങ്കിൽ തല കുനിക്കുമായിരുന്നു. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാർ വരണം. ജനാധിപത്യം ശക്തിപ്പെടാൻ നീതിപൂർവമായി തിരഞ്ഞെടുപ്പ് നടത്തണം.

എന്നാൽ, കേന്ദ്ര സർക്കാർ ഇതിന് തയ്യാറാകുന്നില്ല. മണിപ്പുരിൽ അനീതി നടക്കുമ്പോൾ കേന്ദ്രം കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു എന്നു പറയാനും വിജയ് മടിച്ചില്ല. വിജയ് രൂപംകൊടുത്ത രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിലെ നിർണായക പൊളിറ്റിക്കൽ ഫാക്ടറായി മാറാൻ പോകുകയാണ്. ഒരു പ്രതിപക്ഷ പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും സ്വരമാണ് ഇപ്പോൾതന്നെ വിജയിയുടേത്. 

തുടക്കത്തിൽ തന്നെ ഡി.എം.കെ വിരുദ്ധ നിലപാട് പ്രഖ്യാപിച്ച വിജയ്, നരേന്ദ്രമോദിക്കും ബി.ജെ.പിയും കേന്ദ്ര സർക്കാറിനും എതിരെ കൂടി ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവെച്ചു എന്നതാണ് ശ്രദ്ധേയം. അങ്ങനെ, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റവും കരുതലോടെ കളിക്കുന്ന രാഷ്ട്രീയ പാർട്ടിയായി മാറുകയാണ് വിജയ്. എം.ജി.ആറിനും ജയലളിതക്കും ശേഷം ഒരു ചലച്ചിത്ര താരത്തിനും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാന രാഷ്ട്രീയത്തിലേക്കാണ് കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ 49-ാമത്തെ വയസിൽ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന 'തലപതി വിജയ്' തമിഴക വെട്രി കഴകം എന്ന പാർട്ടിയുണ്ടാക്കി കടന്നുവരുന്നത്. 

vachakam
vachakam
vachakam

മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കാതെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയ് 2026 ലെ സംസ്ഥാന നിയസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷവും ഉദയനിധി സ്റ്റാലിൻ, സീമാൻ, കെ. അണ്ണാമലൈ തുടങ്ങിയ പുതുതലമുറ എതിരാളികളെ ആയിരിക്കും നേരിടുക. മാത്രമല്ല ജയലളിതയുടെ മരണവും എ.ഡി.എം.കെ എടപ്പാടി പളനിസ്വാമിയുടെയും ഓ. പനീർ സെൽവത്തിന്റെയും നേതൃത്വത്തിൽ രണ്ടായി പിരിഞ്ഞതും സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യ പ്രതിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. ഈ അവസരം കൈമുതലാക്കി ഒരു രാഷ്ട്രീയ ബദൽ ആവാൻ ബി.ജെ.പി ശ്രമിക്കുന്ന അവസരത്തിലാണ് വിജയുടെ കടന്നു വരവ്.

യൂണിയൻ സർക്കാറിനെതിരായി തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന ശക്തമായ വികാരത്തെയും തമിഴ് സ്വത്വം ഉയർത്തിപ്പിടിച്ചുള്ള പോരാട്ടങ്ങളെയും സ്വന്തമാക്കാൻ ഡി.എം.കെ.യും മുഖ്യമന്ത്രി സ്റ്റാലിനും നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെ വിജയ് സമർഥമായി നേരിടുന്നുണ്ട്. അത് തിരിച്ചറിഞ്ഞാണ്, മുഖ്യശത്രുവായ ഡി.എം.കെയ്ക്ക് ഒപ്പം ബി.ജെ.പിയെയും നരേന്ദ്രമോദിയെയും വിജയ് ലക്ഷ്യം വെക്കുന്നത്. മാത്രമല്ല, കേന്ദ്രത്തിനോളം ഫാസിസ്റ്റാണ് ഡി.എം.കെ സർക്കാറും എന്ന വിജയിയുടെ ആക്രമണം തമിഴ്‌നാട് രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ പോന്ന ഒന്നാണ്.

ഹിന്ദി അടിച്ചേൽപ്പിക്കൽ, മണ്ഡല പുനർനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ കേന്ദ്ര നയങ്ങളെയെല്ലാം വിജയ് ആക്രമിക്കുന്നു:

vachakam
vachakam
vachakam

''മി. പ്രൈം മിനിസ്റ്റർ, തമിഴ്‌നാടിനെ വളരെ ശ്രദ്ധാപൂർവം വേണം കൈകാര്യം ചെയ്യാൻ. ഞങ്ങൾ വിഭജനശക്തികൾക്ക് എതിരാണ്, സാഹോദര്യത്തിനും സാമൂഹിക നീതിക്കും സാമുദായിക മൈത്രിക്കും വേണ്ടി നിലകൊള്ളുന്നവരാണ്'' മോദിയോട് പറയുന്നു.

'മുത്തുവേൽ കരുണാനിധി സ്റ്റാലിൻ' എന്ന മുഴുവൻ പേരും പറഞ്ഞ് സ്റ്റാലിനെ അഭിസംബോധന ചെയ്യുന്ന വിജയ്, ഡി.എം.കെയിലെ കുടുംബാധിപത്യത്തെയാണ് പ്രധാനമായും പ്രതിക്കൂട്ടിലാക്കുന്നത്. 'പാരമ്പര്യവാഴ്ചയുടെ ബഹുമാന്യനായ മുഖ്യമന്ത്രി' എന്നാണ് ജനറൽ കൗൺസിൽ യോഗത്തിൽ വിജയ് സ്റ്റാലിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് ഒരു കുടുംബത്തിനുമാത്രമാണ് രാഷ്ട്രീയമായി നേട്ടമുള്ളത് എന്നും വിജയ് പറയുന്നു. 

'നിങ്ങൾ ഒരു മന്ദമാരുതനെ തടയാൻ ശ്രമിച്ചാൽ അത് കൊടുങ്കാറ്റായി മാറും' എന്നാണ് സ്റ്റാലിനുള്ള മുന്നറിയിപ്പ്. ഏകനാപുരം ഗ്രാമത്തിൽ വിമാനത്താവള പദ്ധതിക്കെതിരായ സമരത്തെ അഭിസംബോധന ചെയ്യാനെത്തിയ തന്നെ അധികൃതർ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

വിജയ്യുടെ പാർട്ടി പരിപാടികൾക്കെത്തുന്നത് പ്രധാനമായും ഫാൻ സംഘങ്ങളാണെങ്കിലും സംസ്ഥാനത്തെ നിർണായക വോട്ടുബാങ്കുകളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും വിജയ് സമാന്തരമായി നടത്തുന്നുണ്ട്. വെള്ളിയാഴ്ച നടന്ന പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിൽ, വഖഫ് ബിൽ പിൻവലിക്കാൻ കേന്ദ്രത്തോട് വിജയ് ശക്തമായ ഭാഷയിലാണ് ആവശ്യപ്പെട്ടത്. ഈ ബിൽ മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കുമെന്നും അദ്ദേഹം പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് ശക്തി തെളിയിക്കുക എന്നതായിരിക്കും വിജയ്യുടെ ലക്ഷ്യം. 

അതിനായി, മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും മറ്റു സാമുദായിക വിഭാഗങ്ങളെയും ഉന്നമിടുന്നു. അധികാരത്തിലിരിക്കുന്നതിനാൽ ഡി.എം.കെയാണ് വിജയിയുടെ ഇപ്പോഴത്തെ മുഖ്യശത്രു. സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക വിലപേശൽ ശക്തിയാകുകയാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഡി.എം.കെയെ അധികാരത്തിൽനിന്നിറക്കാനുള്ള ഒരു ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടാൽ, അതിലെ പ്രബല ശക്തിയാകാനാണ് വിജയിയുടെ മത്സരം.
അതേസമയം, തനിക്കുമുന്നിലുള്ളത് തീർത്തും പരാജയപ്പെട്ട രണ്ട് താര മോഡലുകളാണ് വിജയ്കാന്ത്, കമൽഹാസൻ എന്ന യാഥാർത്ഥ്യവും വിജയ് തിരിച്ചറിയുന്നുണ്ട്. ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും, ദ്രവീഡിയൻ രാഷ്ട്രീയത്തിലൂന്നിയുള്ള ബദൽ എന്ന സാധ്യതയിലേക്ക് എത്താൻ കഴിയാതിരുന്നതാണ് വിജയ് കാന്തിനും കമലഹാസനും തിരിച്ചടിയായത്. 

വിജയ് ആകട്ടെ, ഡി.എം.കെയ്ക്ക് ഒരു ബദൽ എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്; ഡി.എം.കെക്കൊപ്പം ബി.ജെ.പിയെയും യൂണിയൻ സർക്കാറിനെയും ഒരേ ത്രാസിൽ തൂക്കിക്കൊണ്ട്. തമിഴ്‌നാട്ടിൽ ഇന്ന് ഏറ്റവും വിലപ്പോകുന്നത് കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും എതിരായ രാഷ്ട്രീയമാണെന്ന് സ്റ്റാലിനോളം വിജയിയും മനസ്സിലാക്കുന്നുണ്ട്.
ഒരു ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശക്തിയെന്ന നിലയ്ക്കുള്ള ഡി.എം.കെയുടെ സമീപകാല വളർച്ചയാണ് തമിഴ്‌നാട്ടിൽ മറ്റൊരു സഖ്യത്തിനുള്ള ബി.ജെ.പിയുടെ വെപ്രാളത്തിന് കാരണം. നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ ഏറ്റവും ശക്തമായ രാഷ്ട്രീയനിലപാടെടുക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസ്ഥാനം തമിഴ്‌നാടുമാണ്. 

മാത്രമല്ല, യൂണിയൻ സർക്കാറിനെതിരായ തമിഴ്‌നാടിന്റെ ഓരോ നീക്കവും മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടാണ് എന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട് നയിക്കുന്ന സമരത്തിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഒപ്പമുണ്ടായിരുന്നു. ശരിക്കുപറഞ്ഞാൽ, ദ്രാവിഡ പാർട്ടികളുമായുള്ള സഖ്യം ബി.ജെ.പിയെ സംബന്ധിച്ച് നഷ്ടക്കച്ചവടമായിരുന്നു എന്നും. ബി.ജെ.പിയെ സംസ്ഥാനത്ത് സ്വന്തം കാലിൽനിർത്താനാകുമെന്ന ആത്മവിശ്വാസം പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കുണ്ടെങ്കിലും, ദേശീയനേതൃത്വത്തിന് അത്ര വിശ്വാസം പോരാ. അതുകൊണ്ടാണ് കിട്ടാവുന്ന നേതാക്കളെയും പാർട്ടി ഘടകങ്ങളെയും ബി.ജെ.പി അരിച്ചുപെറുക്കുന്നത്. 

ഡി.എം.കെ ഭരണതലത്തിൽ മാത്രമല്ല സംഘടനാപരമായും ശക്തമായ നിലയിലാണ്. സ്റ്റാലിനെതിരെ ഒരു എതിർശബ്ദം പോലും പാർട്ടിയിലില്ല. 2026ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സമ്പൂർണ തകർച്ചയായിരിക്കും ഫലമെന്ന് പാർട്ടി തിരിച്ചറിയുന്നു. 2023ലാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. അതിനുശേഷം ഡി.എം.കെയ്ക്കുണ്ടായ സ്വാധീനമാണ് വീണ്ടുമൊരു സഖ്യത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റിൽ ഡി.എം.കെ 133 സീറ്റാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ സഖ്യം 66 സീറ്റിൽ ഒതുങ്ങി. ബി.ജെ.പി നാലും പി.എം.കെ അഞ്ചും സീറ്റ് നേടി.

തമിഴ്‌നാട്ടിൽ രൂപപ്പെട്ടുവരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ബി.ജെ.പിയെ ആശങ്കയിലാക്കാൻ പോന്നതാണ്. എല്ലാ നിലയ്ക്കും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കത്തിനിൽക്കുകയാണ് തമിഴ്‌നാട്ടിൽ

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam