തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമാണ്.
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവർ മനസ്സിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ നടപടികളിൽ നിന്ന് അവർ പിന്തിരിയുകയും വേണം.
മണിപ്പൂരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദത്തപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. അതാകട്ടെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയിലെ വർദ്ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയൻ സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താൻ അവർ തയ്യാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടുത്തെ സംസ്ഥാന സർക്കാരും യൂണിയൻ സർക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്