രുചി കൂട്ടാന്‍ മാത്രമല്ല, ജയിലില്‍ എത്തിക്കാനും ഈ കുഞ്ഞന്‍ വിത്തിന് കഴിയും; വിദേശത്തേക്ക് പോകും മുന്‍പ് ഇതറിയുക

JULY 6, 2026, 10:19 PM

നമ്മുടെ നാട്ടിലെ അടുക്കളകളില്‍, പ്രത്യേകിച്ച് പായസങ്ങളിലും ബേക്കറി പലഹാരങ്ങളിലും രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് കസ്‌കസ്. എന്നാല്‍ ഇന്ത്യക്കാരുടെ ഭക്ഷണത്തിലെ ഈ പ്രിയപ്പെട്ട വിഭവം ചില വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയാല്‍ കടുത്ത നിയമക്കുരുക്കുകളിലും ജയില്‍ ശിക്ഷയിലും വരെ ചെന്നെത്തിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രാജ്യാന്തര അതിര്‍ത്തികള്‍ കടക്കുമ്പോള്‍ ഈ സുഗന്ധ വ്യഞ്ജനം വലിയൊരു ലഹരി മരുന്നായിട്ടാണ് പല രാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ കണക്കാക്കുന്നത്. കറുപ്പ് ചെടിയില്‍ (Opium Poppy) നിന്നാണ് കസ്‌കസ് വേര്‍തിരിച്ചെടുക്കുന്നത് എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. കസ്‌കസ് നേരിട്ട് പരിശോധിച്ചാല്‍ ദോഷകരമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും ഇവയുടെ പുറംതോടില്‍ മോര്‍ഫിന്‍, കൊഡീന്‍ തുടങ്ങിയ ഓപിയേറ്റ് സംയുക്തങ്ങളുടെ അംശം നേരിയ അളവില്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

കസ്‌കസ് ചേര്‍ത്ത ഭക്ഷണം കഴിച്ച ശേഷം നടത്തുന്ന ലഹരി മരുന്ന് പരിശോധനകളില്‍ പലപ്പോഴും അനാവശ്യമായി 'പോസിറ്റീവ്' ഫലം കാണിക്കുന്നത് ഇതേ കാരണത്താലാണ്. ലഹരി മരുന്ന് ദുരുപയോഗം പൂര്‍ണ്ണമായും തടയുന്നതിന്റെ ഭാഗമായി പല വിദേശ രാജ്യങ്ങളും കസ്‌കസിന് മേല്‍ കടുത്ത നിരോധനവും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ കസ്‌കസ് കൈവശം വയ്ക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്. കറുപ്പുമായി ബന്ധമുള്ള ഒരു വസ്തുവിനെയും പ്രവേശിപ്പിക്കാത്ത കര്‍ശനമായ നിയമവ്യവസ്ഥയാണ് ഇവിടെയുള്ളത്. സിംഗപ്പൂരിലെ സെന്‍ട്രല്‍ നാര്‍ക്കോട്ടിക് ബ്യൂറോയും കസ്‌കസിനെ പൂര്‍ണ്ണമായി നിരോധിച്ച ഉല്‍പ്പന്നങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തായ്വാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇതിന്റെ കൃഷിക്കും വിതരണത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് കൃഷി ചെയ്യുന്ന അഫ്ഗാനിസ്ഥാനില്‍ പോലും കസ്‌കസിന്റെ വ്യാപാരം കര്‍ശനമായ നിരീക്ഷണത്തിലാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ പാചക ആവശ്യങ്ങള്‍ക്കായി കസ്‌കസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും പോപ്പി ചെടി കൃഷി ചെയ്യുന്നതിന് കര്‍ശനമായ വിലക്കുണ്ട്. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ടെക്‌സസ്, അരിസോണ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ പ്രത്യേക അനുമതിയില്ലാതെ പോപ്പി ചെടികള്‍ വളര്‍ത്തുന്നത് വലിയ നിയമലംഘനമാണ്.

വിപണിയില്‍ ലഭ്യമാകുന്ന കസ്‌കസ് സാധാരണയായി രാസ പ്രക്രിയകളിലൂടെ കറുപ്പിന്റെ അംശം നീക്കം ചെയ്തവയാണെങ്കിലും, ചിലയിടങ്ങളില്‍ ലഭിക്കുന്ന 'കഴുകാത്ത വിത്തുകള്‍' കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ ഇത്തരം കഴുകാത്ത വിത്തുകളുടെ വില്‍പന സ്വമേധയാ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവര്‍ തങ്ങളുടെ ബാഗുകളില്‍ അബദ്ധത്തില്‍ പോലും കസ്‌കസ് ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam