2026 ന്റെ പുലരിയില്‍ പുത്തന്‍ സ്വപ്‌നങ്ങളുമായി നമ്മള്‍ജീവിതം തുടങ്ങുമ്പോള്‍ സ്വന്തമായ സമയത്ത് ഇഷ്ടത്തിന് ജീവിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഈ 2026 ല്‍ 2018 ല്‍ ജീവിക്കുന്നവരും ഉണ്ടെന്ന് ചുരുക്കം.
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും അങ്ങനെ ചിലര്‍ നമ്മുക്കിടയില്‍ ഉണ്ട്. ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന ആഗോള ആധിപത്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ ജീവിക്കുന്ന ചില വിമത രാജ്യങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെ യാണെന്ന് നോക്കാം. എന്തുകൊണ്ടാണ് അവര്‍ ഇന്നും കാലത്തിന് പിന്നിലോ അതോ ഏറെ മുന്നിലോ സഞ്ചരിക്കുന്നത്? നിഗൂഢതകള്‍ നിറഞ്ഞ ആ സമയസഞ്ചാരം എന്താണെന്ന് നോക്കാം.
ഭൂരിഭാഗം രാജ്യങ്ങളും ഗ്രിഗോറിയന്‍ കലണ്ടറിനെ കെട്ടിപ്പിടിച്ച് നടക്കുമ്പോള്‍, എത്യോപ്യ എന്ന രാജ്യം ഇന്നും തങ്ങളുടെ പൗരാണികമായ എത്യോപ്യന്‍ കലണ്ടറിലാണ് വിശ്വസിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ പിന്നിലാണ് ഇവരുടെ കാലഗണന എന്നതാണ് സത്യം. വിസ്മയിപ്പിക്കുന്ന മറ്റൊരു വസ്തുത, ഇവര്‍ക്ക് ഒരു വര്‍ഷത്തില്‍ 12 മാസങ്ങളല്ല, മറിച്ച് 13 മാസങ്ങളുണ്ട് എന്നതാണ്. സെപ്റ്റംബര്‍ 11 അല്ലെങ്കില്‍ 12 തീയതികളില്‍ 'എന്‍കുട്ടാറ്റാഷ്' എന്ന പേരില്‍ അവര്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍, അത് വെറുമൊരു ആഘോഷമല്ല, മറിച്ച് പള്ളികളിലെ പ്രാര്‍ത്ഥനകളും കുടുംബ വിരുന്നുകളും ചേര്‍ന്ന തനതായ ഒരു സംസ്‌കാരത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
അതേസമയം നേപ്പാള്‍ എന്ന ഹിമാലയന്‍ രാജ്യം നമ്മളേക്കാള്‍ 57 വര്‍ഷം മുന്‍പേയാണ് ഓടുകയാണ്. 'ബിക്രം സംബത്' എന്ന കലണ്ടര്‍ പിന്തുടരുന്ന നേപ്പാളില്‍ പുതുവത്സരം വരുന്നത് ഏപ്രില്‍ പകുതിയോടെയാണ്. കാഠ്മണ്ഡുവിലെയും ഭക്തപൂരിലെയും തെരുവുകള്‍ പരേഡുകളും ആചാരങ്ങളും കൊണ്ട് നിറയുമ്പോള്‍ അവിടെ സമയം നമ്മളേക്കാള്‍ ബഹുദൂരം മുന്നിലാണ്.
എന്നാല്‍ ഇറാനും അഫ്ഗാനിസ്ഥാനും പിന്തുടരുന്നത് ലോകത്തിലെ തന്നെ ഏറ്റവും കൃത്യതയുള്ള സോളാര്‍ ഹിജ്രി കലണ്ടറാണ്. സൂര്യന്റെ ചലനത്തെ അണുവിട തെറ്റാതെ പിന്തുടരുന്ന ഈ സംവിധാനം വസന്തകാലത്തെ 'നൗറൂസ്' എന്ന ആഘോഷത്തോടെയാണ് വര്‍ഷം തുടങ്ങുന്നത്. പ്രകൃതി പുതുജീവന്‍ പ്രാപിക്കുന്ന മാര്‍ച്ച് 20 അല്ലെങ്കില്‍ 21 തീയതികളില്‍ അവര്‍ വസന്തവിഷുവത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു.
അതേസമയം ഉത്തരകൊറിയയുടെ കാര്യം വരുമ്പോള്‍ സമയം പോലും രാഷ്ട്രീയമായി മാറുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടരുമ്പോഴും അവര്‍ക്ക് സ്വന്തമായി 'ജൂച്ചെ' (Juche) എന്ന കലണ്ടര്‍ കൂടിയുണ്ട്. ഇവരുടെ വര്‍ഷം തുടങ്ങുന്നത് 1912-ല്‍ കിം ഇല്‍-സുങ്ങിന്റെ ജനനം മുതലാണ്. അതായത് മാസങ്ങളും ദിവസങ്ങളും ഗ്രിഗോറിയന്‍ രീതിയിലാണെങ്കിലും, വര്‍ഷത്തിന്റെ എണ്ണം കിം രാജവംശത്തിന്റെ ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്.
സൗദി അറേബ്യയെപ്പോലുള്ള രാജ്യങ്ങള്‍ ഇന്ന് ഭരണപരമായ കാര്യങ്ങള്‍ക്ക് ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, റമദാന്‍, ഈദ് തുടങ്ങിയ വിശുദ്ധ ദിനങ്ങള്‍ നിശ്ചയിക്കാന്‍ ഇന്നും ഇസ്ലാമിക് ഹിജ്രി കലണ്ടറിനെയാണ് ആശ്രയിക്കുന്നത്. സോളാര്‍ ഹിജ്രി എങ്ങനെയാണ് ഇത്ര കൃത്യമാകുന്നത് എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ ശാസ്ത്രീയതയിലാണ്.
ഭൂമിയുടെ ഋതുക്കളുമായി ഈ കലണ്ടര്‍ അത്രമേല്‍ യോജിച്ചുപോകുന്നു. മറ്റ് കലണ്ടറുകളേക്കാള്‍ മികച്ച രീതിയില്‍ അധിവര്‍ഷങ്ങള്‍ (Leap years) ക്രമീകരിക്കുന്ന ഈ സംവിധാനം ഇന്നും ലോകത്തുള്ള ഏറ്റവും കൃത്യമായ സമയഗണനകളില്‍ ഒന്നാണ്. സമയം എന്നത് കേവലം കടന്നുപോകുന്ന നിമിഷങ്ങളല്ല, അത് ഓരോ സമൂഹത്തിന്റെയും തനത് സംസ്‌കാരമാണ്. കാര്‍ഷിക ചക്രങ്ങളും ഉത്സവങ്ങളും സാമൂഹിക ആസൂത്രണവും ഇന്നും ഈ പ്രാദേശിക കലണ്ടറുകളെ അടിസ്ഥാനമാക്കിയാണ് പലയിടത്തും നടക്കുന്നത്.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രിഗോറിയന്‍ കലണ്ടര്‍ ലോകം കീഴടക്കുമ്പോഴും എത്യോപ്യയും നേപ്പാളും ഇറാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ തനിമ നിലനിര്‍ത്തുന്നത് അഭിനന്ദനാര്‍ഹമാണ്. സമയം എന്നത് അളക്കാനുള്ള ഒരു ഉപകരണം മാത്രമല്ല, അത് ചരിത്രത്തിലേക്കുള്ള ഒരു കണ്ണാടി കൂടിയാണെന്ന് ഈ രാജ്യങ്ങള്‍ തെളിയിക്കുന്നു. സമയം ഒന്നുതന്നെയാണെങ്കിലും അതിനെ അടയാളപ്പെടുത്താന്‍ പല വഴികളുണ്ടെന്ന് ഈ രാജ്യങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
