'ഉടന്‍ രാജ്യം വിടണം'; അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

APRIL 1, 2025, 2:05 PM

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തില്‍ എത്തിയ ശേഷം അമേരിക്കയിലെ ഗാസ അനുകൂല പ്രക്ഷോഭങ്ങള്‍ക്കു നേരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഹമാസിനെ അനുകൂലിച്ചെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ത്ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അതില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.

ഹമാസിനെ പിന്തുണച്ചു എന്നാരോപിച്ച് തുര്‍ക്കിയില്‍നിന്നുള്ള റുമൈസ ഓസ്ടര്‍ക്ക് എന്ന വിദ്യാര്‍ഥിനിയുടെ വിസ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. റുമൈസയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഇതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നത് പഠിക്കാനാണെന്നും അല്ലാതെ ആക്ടിവിസത്തിനല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ ഒട്ടേറെ വിദേശ വിദ്യാര്‍ഥികളെ ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമുണ്ട്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇപ്പോള്‍ യുഎസിലെ നിരവധി വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകള്‍ ഇ-മെയില്‍ വഴി ലഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഒഎസ്) നിന്നാണ് ഇത്തരം ഇ-മെയില്‍ സന്ദേശങ്ങള്‍ വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും രാജ്യം വിടണമെന്നുമാണ് ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നത്.

ക്യാമ്പസുകളില്‍ പാലസ്തീന്‍ അനുകൂല പരിപാടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ദേശ വിരുദ്ധമെന്നാരോപിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ലൈക്ക് ചെയ്തവരെയും ഷെയര്‍ ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നത്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ ഗാസ യുദ്ധത്തിനെതിരേ വലിയ പ്രതിഷേധ പരിപാടികളാണ് നടന്നത്.

ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പിന്തുണയ്ക്കുന്നവരെ കണ്ടത്താനും വീസ റദ്ദാക്കാനും ലക്ഷ്യമിട്ട് എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാച്ച് ആന്‍ഡ് റിവോക്ക് എന്ന നിരീക്ഷണ ആപ് യുഎസ് അധികൃതര്‍ രംഗത്തിറക്കിയിരുന്നു. പുതിയ വിസകള്‍ക്കായുള്ള അപേക്ഷകളിന്മേലും ഇത്തരത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ട്.

എ.ഐ അടിസ്ഥാനമാക്കിയാണ് 'ക്യാച് ആന്റ് റിവോക്ക്' എന്ന നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.

അതേസമയം പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുക്കാതെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ലൈക്ക് ചെയ്തവരെയും 'ദേശ വിരുദ്ധമെന്ന്' ആരോപിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരെയുമൊക്കെ ഇത്തരത്തില്‍ ലക്ഷ്യമിടുന്നതായും ആരോപണമുയരുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ഇ-മെയില്‍ വഴി അറിയിപ്പ് കിട്ടയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ പഠനം നടത്തുന്ന 11 ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികളില്‍ 3.31 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നാണ് കണക്കുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam