ഉമ്മൻചാണ്ടിയുടെ അമൃത എക്‌സ്പ്രസ് യാത്രയും കൃഷ്ണദാസ് എംപിയുടെ ഉണ്ടയില്ലാ വെടിയും

APRIL 2, 2025, 5:53 AM

അമൃത എക്‌സ്പ്രസ്സിലെ യാത്രയിൽ ഉമ്മൻചാണ്ടിയോടൊപ്പം ഒരു യുവതി ഉണ്ടായിരുന്നു എന്നതായിരുന്നു കിംവദന്തി. 2004 മാർച്ച് ഏഴാംതീയതി തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ട അമൃത എക്‌സ്പ്രസ് ട്രെയിനിൽ ശീതീകരിച്ച രണ്ടാം ക്ലാസ് മുറിയിൽ ഒരു സീറ്റ് ചർച്ച നടന്നു എന്ന രീതിയിലാണ് വാർത്ത പുറത്തുവന്നത്. സർക്കാരിന്റെ 100 ഇന പരിപാടിയുടെ ശോഭകെടുത്താൻ പ്രതിപക്ഷം കണ്ടുപിടിച്ച മയക്കുവെടി..!

ഉമ്മൻചാണ്ടിയുടെ നൂറിന പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ അതിന്റെ ശോഭ  ഏതുതരത്തിലും കെടുത്തിക്കളയാനുള്ള തീവ്രമായ ശ്രമമാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തത്. ഏതാണ്ട് 104 ഇന പരിപാടികൾ തീർത്ത ആ ദിവസം തന്നെയാണ് അദ്ദേഹത്തെ കരിവാരിതേക്കാൻ ഒരു വിഫലശ്രമം നടന്നത്. അതിങ്ങനെയായിരുന്നു. നാളുകൾക്കു മുമ്പേ ഉമ്മൻചാണ്ടി നടത്തിയ അമൃത ട്രെയിൻ യാത്ര. അതിനെ ഒരു വിവാദമാക്കി കൊണ്ടുവന്നു. അമൃത എക്‌സ്പ്രസ്സിലെ യാത്രയിൽ ഉമ്മൻചാണ്ടിയോടൊപ്പം ഒരു യുവതി ഉണ്ടായിരുന്നു എന്നതായിരുന്നു കിംവദന്തി. 2004 മാർച്ച് ഏഴാംതീയതി തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ട അമൃത എക്‌സ്പ്രസ് ട്രെയിനിൽ ശീതീകരിച്ച രണ്ടാം ക്ലാസ് മുറിയിൽ ഒരു സീറ്റ് ചർച്ച നടന്നു എന്ന രീതിയിലാണ് വാർത്ത പുറത്തുവന്നത്. 

സീറ്റ് നിർണയിക്കാൻ കഴിവുള്ള നേതാവും സുന്ദരിയായ യുവതിയും തമ്മിലായിരുന്നു ചർച്ചയെത്രെ. രണ്ടുപേരും സഹപ്രവർത്തകരും ആണ്. എന്നാൽ ആ സീറ്റ് ചർച്ച തീവണ്ടിയിലെ സഹയാത്രികരെ അലോസരപ്പെടുത്തുന്നതിലേക്ക് വളർന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയത് എന്നാണ് ഒരു പ്രസിദ്ധീകരണം എഴുതിയത്. നേതാവും യുവതിയും തമ്മിലുള്ള ചർച്ച എസി ക്യാബിനിലെ കമ്പാർട്ട്‌മെന്റിൽ അവിരാമം തുടർന്നപ്പോൾ ശബ്ദമുയർത്തിയത് റെയിൽവേയിലെ ഉദ്യോഗസ്ഥ ആയിരുന്നുവത്രെ! നേതാവിനെ അലോസരപ്പെടുത്തിയ ഈ വിവാദത്തിന്റെ വിശദാംശങ്ങൾ കേരളത്തിലെ ഒരു മന്ത്രിക്ക് കിട്ടിയപ്പോൾ, അദ്ദേഹത്തിന് ലഭിച്ചത് തനിക്കെതിരെ രൂപപ്പെട്ട ഒരു രാഷ്ട്രീയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പായിരുന്നുവത്രെ..!

vachakam
vachakam
vachakam

2004 ഡിസംബർ മൂന്നിന് പാലക്കാട്ട് നിന്നുള്ള പാർലമെന്റ് അംഗവും സി.പി.എം നേതാവും ആയ എൻ.എൻ. കൃഷ്ണദാസ് റെയിൽവേ മന്ത്രി ലല്ലു പ്രസാദ് യാദവിന് ഒരു കത്ത് അയച്ചു. ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നത് ആയിരുന്നു ആ കത്ത്, ഒരുപക്ഷേ മറ്റൊരു വിവാദത്തിന് തുടക്കം. കുറിക്കാവുന്നതരത്തിൽ വളർത്തിയെടുക്കാൻ നോക്കിയ സംഭവത്തിന്റെ ഉറവിടം ഒരു പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തയായിരുന്നു. അതാണ് കൃഷ്ണദാസിനെ അങ്ങിനെയൊരു കത്ത് അയക്കാൻ പ്രേരിപ്പിച്ചത് അത്ര!

2004 മാർച്ച് ഏഴാം തീയതി തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച അമൃത എക്‌സ്പ്രസിൽ തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇടയിൽ വച്ച് ഒരു വി.ഐ.പി കൂടെ ഉണ്ടായിരുന്നുവെന്നും ഇത് സഹയാത്രികരുടെ പ്രതിഷേധങ്ങൾക്ക് കാരണമായി എന്നും പറയുന്നു. പക്ഷേ തുടർനടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആ ദിവസത്തെ യാത്രാവിവരപ്പട്ടിക റെയിൽവേയിൽ അന്വേഷിച്ചു. എങ്കിലും ആ ചാർട്ട് അപ്രത്യക്ഷമായി എന്നാണ് അധികൃതർ നൽകിയ മറുപടി എന്നും കൃഷ്ണദാസ് കത്തിൽ പറയുന്നു. യാത്രക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ചാർട്ട് കാണാതായതിനെ പറ്റിയും ആരോപിക്കപ്പെടുന്ന സംഭവങ്ങളെപ്പറ്റിയും വിശദമായി അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണമെന്ന് എൻ.എൻ. കൃഷ്ണദാസ് ആവശ്യപ്പെടുന്നത്.


vachakam
vachakam
vachakam

പെൺവാണിഭ സംഭവങ്ങളും അതിനെ ചൊല്ലിയുള്ള വി.വി.ഐ.പി പ്രശ്‌നങ്ങളും ചൂടുപിടിച്ചിരിക്കുന്ന രാഷ്ട്രീയ മണ്ഡലത്തിൽ കേരളത്തിൽ നിന്നും ഒരു പാർലമെന്റ് അംഗം റെയിൽവേ മന്ത്രിക്ക് രേഖാമൂലം നൽകിയിരിക്കുന്ന പരാതി അതീവ ഗൗരവം ആണെന്നതിൽ സംശയമില്ല. കഴിഞ്ഞ ലോകസഭ പൊതു തിരഞ്ഞെടുപ്പിന് മുൻപ് ആണ് സംഭവം നടന്നിരിക്കുന്നത്. ആരോപിക്കപ്പെടുന്ന ദിവസം അമൃത എക്‌സ്പ്രസിൽ കേരള രാഷ്ട്രീയത്തിൽ പ്രമുഖനായ ഒരാൾ യാത്ര ചെയ്തിരുന്നതായി പറയപ്പെടുന്നു. ഷോർണൂർ വരെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത അദ്ദേഹവും കൂടെ ഉണ്ടായിരുന്നവരും സംഭവത്തിനുശേഷം തൃശ്ശൂരിൽ ഇറങ്ങിയതായി പാലക്കാട്ട് നിന്നുള്ള ഒരു പ്രസിദ്ധീകരണം ആരോപിച്ചിരുന്നു. 

സംഭവം നടന്നു എന്ന് പറയപ്പെടുന്ന നാളുകളിൽ അധികാര കേന്ദ്രത്തിന് പിന്നിൽ പ്രധാനപ്പെട്ട ചരട് വലിക്കാരനായും ഇപ്പോൾ അധികാര ശ്രേണിയിൽ പ്രധാനപ്പെട്ട ആളുമായി തീർന്നിരിക്കുന്ന ആ ഖദർ രാഷ്ട്രീയക്കാരൻ ഇപ്പോൾ സംശയത്തിന്റെയും ആരോപണത്തിന്റെയും മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. കേരള രാഷ്ട്രീയത്തിൽ ഇനിയും പിറക്കാൻ ഇരിക്കുന്ന വിവാദത്തിന്റെ വിത്താണ് കൃഷ്ണദാസ് ആ കത്തിലൂടെ നിക്ഷേപിച്ചിരിക്കുന്നത്. 

സംഭവ ദിവസത്തെ യാത്രക്കാരുടെ പേര് വിവരങ്ങൾ അടങ്ങിയ ചാർട്ട് അപ്രത്യക്ഷമായിരിക്കുന്നു എന്ന വിവരം കൂടി കൃഷ്ണദാസ് കത്തിൽ സൂചിപ്പിക്കുന്നുണ്ട.് അത് റെയിൽവേയുടെ വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ് നിയമമനുസരിച്ച് ആറുമാസത്തിനുശേഷം നശിപ്പിക്കാവുന്ന ചാർട്ടുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ നശിപ്പിക്കപ്പെട്ടത് എന്നത് അറിയാൻ കഴിഞ്ഞത്. ഇവിടെ ഈ ആരോപണം ശരിയെന്ന് വന്നാൽ ഈ കളികൾ റെയിൽവേയും കൂട്ടുചേർന്നു എന്നുവേണം കരുതാൻ. എന്തായാലും കൃഷ്ണദാസിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ അമൃത എക്‌സ്പ്രസ്സിലെ ആരോപിതനായ വി.വി.എ.പിയെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

vachakam
vachakam
vachakam

വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും ശക്തമായി രംഗത്ത് ഇറങ്ങിയും ജനാഭിപ്രായം തന്നെ ഉയർന്നു വരികയും ചെയ്തിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറല്ല എന്നുള്ള വസ്തുത രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നുകൂടി പ്രതിപക്ഷനേതാവ് അവിടെ തട്ടിമൂളിച്ചു.  ഉമ്മൻചാണ്ടി ഐക്യ ജനാധിപത്യ മുന്നണിയേയും കേരള രാഷ്ട്രീയത്തെയും ഏതു വഴികളിലൂടെയാണ് തെളിയിച്ചുകൊണ്ട് പോകുന്നത്. അല്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയിൽ ഉറപ്പിച്ചു നിർത്തുക എന്ന ശക്തമായ തീരുമാനമെടുക്കാൻ ഉമ്മൻചാണ്ടിയെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം എന്താണ്. 

മുഖ്യമന്ത്രി പല ഘടകങ്ങളെയും ഭയപ്പെടുന്നതായി തലസ്ഥാന നഗരിയിലെ രാഷ്ട്രീയ ഉപജാപ കേന്ദ്രങ്ങളിൽ വാർത്ത പരക്കുന്നുണ്ട് ഒരു വശത്ത് അദ്ദേഹം ലീഗിന്റെ സംഖ്യാ ബലത്തെ കുറിച്ച് തികച്ചും ബോധവാനാണ്. 19 എം.എൽ.എമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചെറിയ രാഷ്ട്രീയ ശക്തിയല്ല എന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അവരുമായുള്ള ബന്ധത്തിന് അലോസരം സൃഷ്ടിക്കുക വർത്തമാനകാല രാഷ്ട്രീയത്തിൽ തനിക്ക് ഗുണകരമാകും എന്ന് അദ്ദേഹം കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

അമൃതാ എക്‌സ്പ്രസ്സ് തീവണ്ടിയിൽ തന്നോടൊപ്പം ഒരു സ്ത്രി ഉണ്ടായിരുന്നു എന്നത് സത്യമാണന്നു ഉമ്മൻ ചാണ്ടി തന്നെ സമ്മതിച്ചതാണ് ഇതിന് മറ്റൊരു ട്വിസ്റ്റ് ഉണ്ടായത്. അവരുടെ പേര് മറിയാമ്മ എന്നാണെന്നും അത് തന്റെ ഭാര്യയാണെന്നും ഉമ്മൻചാണ്ടിക്ക് തെളിയിക്കാനായി.
ആഭാസകരമായ പരാതിയുമായെത്തിയ കൃഷ്ണദാസ് എംപി ഇതിലൊരു ഖേദം പോലും പ്രകടിപ്പിച്ചില്ലെന്നതാണ് വിചിത്രമായ സംഗതി..!

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam