റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചി(എന്‍സിഎഇആര്‍)ന്റെ ഡയറക്ടര്‍ ജനറലാണ് പൂനം. മൂന്നുകൊല്ലമാണ് ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍സ്ഥാനത്ത് പൂനത്തിന്റെ സേവന കാലാവധി. ഏപ്രില്‍ ഏഴ് മുതല്‍ ഒന്‍പതാം തീയതിവരെ നടക്കുന്ന ആര്‍ബിഐയുടെ നിര്‍ണായക ധനനയ സമിതി (എംപിസി) യോഗത്തിന് മുന്നോടിയായാണ് പൂനത്തിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്.
1989-ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ പൂനം, ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍നിന്നാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയത്. ശേഷം യുഎസിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തബിരുദം കരസ്ഥമാക്കി. മാക്രോ എക്കണോമിക്സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ട്രേഡ് എന്നിവയില്‍ സ്പെഷലൈസേഷനുകളുള്ള പൂനം, 1998-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയതും മേരിലാന്‍ഡ് സര്‍വകലാശാലയില്‍നിന്നാണ്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗമായ പൂനം, 16-ാം ധനകമ്മിഷന്റെ ഉപദേശക സമിതിയുടെ കണ്‍വീനറുമാണ്. ഐഎംഎഫിലെയും ലോകബാങ്കിലെയും ഉയര്‍ന്ന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവര്‍ 2021-ലാണ് എന്‍സിഎഇആറിന്റെ (നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച്) ഭാഗമാകുന്നത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സിലും മേരിലാന്‍ഡ് സര്‍വകലാശാലയിലും അധ്യാപികയായും പൂനം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(ഐഎസ്ഐ)ലും വിസിറ്റിങ് ഫാക്കല്‍ട്ടി മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെയും ഗ്ലോബല്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്കിന്റെയും ബോര്‍ഡുകളില്‍ പൂനം അംഗമാണ്. കൂടാതെ ലോകബാങ്കിന്റെ പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി, വേള്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് എന്നിവയിലും അവര്‍ അംഗമാണ്. നീതി ആയോഗിന്റെ ഡെവലപ്മെന്റ് അഡൈ്വസറി കമ്മിറ്റിയുടെ ഭാഗമായ പൂനം, എഫ്ഐസിസിഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമുണ്ട്. ഇന്ത്യ ജി 20യുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന സമയത്ത് മാക്രോ എക്കണോമിക്സ് ആന്‍ഡ് ട്രേഡിന്റെ ടാസ്‌ക്ഫോഴ്സ് നേതൃസ്ഥാനത്തും പൂനമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്