നവോത്ഥാന മുഖത്ത് കാക്കപ്പുള്ളികൾ

APRIL 2, 2025, 9:24 AM

മലയാളികൾക്കു കറുപ്പിനോട് ഇപ്പോഴും കലിപ്പു തന്നെയോ? 'അതേ'യെന്നു സ്ഥാപിക്കാൻ സഹായകമായ സംഭവങ്ങൾ ഇടയ്ക്കിടെ അരങ്ങേറുന്നു. 'എനിക്കൊരു സ്വപ്‌നമുണ്ട്. ഒരു ദിവസം എന്റെ നാല് മക്കൾ അവരുടെ തൊലിയുടെ നിറം നോക്കിയല്ലാതെ, അവരുടെ സ്വഭാവത്തിന്റെ ഉള്ളടക്കം നോക്കി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ജീവിക്കണമെന്ന സ്വപ്‌നം' അമേരിക്കയിലെ കറുത്ത വർഗക്കാരുടെ നേതാവായ മാർട്ടിൻ ലൂതർ കിംഗ് വർണ്ണ വെറി അനുഭവിച്ചറിഞ്ഞ വേദനയോടെ 1963ൽ പറഞ്ഞ വാക്കുകൾ 'സാക്ഷര സുന്ദര' കേരളത്തിന് ഈ നാളുകളിലും ഓർമ്മിക്കേണ്ടിവരുന്നു.

മാർട്ടിൻ ലൂതർ കിംഗിന്റെ മാനസികവ്യഥ അനുഭവിക്കുന്ന മലയാളികളുടെ എണ്ണം ക്രമേണ കുറയുന്നുവെന്നു തീർച്ച. പക്ഷേ, ഇതിനിടെയും നിറത്തിന്റെ പേരിൽ മുറിവേൽക്കുന്നവരുടെ പട്ടികയിൽ താനുമുണ്ടെന്നു വ്യക്തമാക്കിയിരിക്കുന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഔദ്യോഗികാവശ്യവുമായി വന്നയാൾ, നിറത്തെ കൂട്ടുപിടിച്ചു നടത്തിയ നെഗറ്റീവ് പരാമർശം ചീഫ് സെക്രട്ടറി പരസ്യപ്പെടുത്തിയതോടെ സാമൂഹിക മാധ്യമങ്ങളിൽ തീവ്ര പ്രതികരണങ്ങൾ പെരുകി. ഫേസ്ബുക്കിൽ ശാരദ കുറിപ്പിട്ടതിനു പിന്നാലെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നിന്നുൾപ്പെടെ നൂറുക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്.

ഉന്നതപദവിയിലിരിക്കുന്ന ഒരാൾപോലും നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുമ്പോൾ തൊലി വെളുപ്പില്ലാത്തതിനാൽ സാധാരണക്കാരായ എത്രയേറെപ്പേർ നിരന്തരം കളിയാക്കപ്പെടുന്നുണ്ടെന്ന ചോദ്യം സമൂഹത്തിനു മുന്നിലുയർന്നു. സാക്ഷരതയിൽ മുന്നിൽനിൽക്കുന്നുവെന്നു മേനിനടിക്കുന്ന നവോത്ഥാന കേരളത്തിലാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കറുപ്പിനോടുള്ള അസ്പൃശ്യത കൂടുതലെന്ന് പലരും പരിതപിച്ചു. കറുപ്പിന്റെ എതിർപക്ഷത്ത് വെളുപ്പ് പ്രതിഷ്ഠിക്കപ്പെടുന്നു. നിറംകൊണ്ടും രൂപംകൊണ്ടും ധരിച്ച വസ്ത്രംകൊണ്ടും ആരെക്കുറിച്ചും മുൻവിധി സൃഷ്ടിക്കപ്പെടുന്നു. കറുത്തവരോടും ദലിതരോടും ഭിന്നശേഷിക്കാരോടും പലരും പുലർത്തുന്ന തൊട്ടുകൂടായ്മയും ക്രൂരപരിഹാസങ്ങളും ചികിത്സ തേടേണ്ട മനോവൈകല്യം തന്നെയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

vachakam
vachakam
vachakam

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദാ മുരളീധരന്റെ പ്രവർത്തനത്തിനു കറുപ്പു നിറമാണെന്നായിരുന്നു സന്ദർശകന്റെ കണ്ടെത്തൽ. അതേസമയം, മുൻഗാമിയും ഭർത്താവുമായ ഡോ. വി. വേണുവിന്റെ പ്രവർത്തന ശൈലി വെളുപ്പു പരത്തുന്ന തരത്തിലായിരുന്നത്രേ. ചീഫ് സെക്രട്ടറിയെ ആഴത്തിൽ വേദനിപ്പിക്കുന്നതായി കറുപ്പിനെ ഇകഴ്ത്തിയുള്ള ഈ നിരീക്ഷണം. 'എന്റെ കറുപ്പ് എനിക്കു സ്വീകാര്യമാണ്' എന്ന് ശാരദ ഫേസ്ബുക്കിൽ ആമുഖ കുറിപ്പിട്ടു, സന്ദർശകന്റെ പേരുപറയാതെ. വിവാദമാകുമെന്ന സൂചന വന്നതോടെ ഈ പോസ്റ്റ് വൈകാതെ പിൻവലിക്കുകയും ചെയ്തു. വെറുമൊരു സാധാരണക്കാരനല്ല ആ സന്ദർശകൻ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനിടെ പരന്നു.   

പിന്നീട് വിശദമായ പോസ്റ്റുമായെത്തി ശാരദ. നിലപാട് ഉറക്കെപ്പറയണമെന്നും പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ നിരുത്സാഹപ്പെടുത്തണമെന്നും ഭർത്താവ് ഉൾപ്പെടെയുള്ള അഭ്യുദയകാംക്ഷികളിൽനിന്ന് ആവശ്യമുയർന്നതോടെയാണവർ വിഷയം വീണ്ടും ചൂടാക്കിയത്. ചീഫ് സെക്രട്ടറിക്കസേരയിലെത്തിയതിനു പിന്നാലെ, ഇരുണ്ട നിറത്തിന്റെ പേരിലും സ്ത്രീ എന്ന നിലയിലും മുൻഗാമിയുമായുള്ള താരതമ്യം സാധാരണ സംഭവമാണെന്ന് കുറിപ്പിലൂടെ അവർ തുറന്നുപറഞ്ഞു. 'മുനവച്ച പരിഹാസങ്ങൾ എനിക്കു ശീലമായിരിക്കുന്നു.' ഇത്തരം പരിഹാസവും അധിക്ഷേപവും പുതിയ വാർത്തയല്ല കേരളത്തിൽ. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പലരും നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നത് രഹസ്യ കാര്യവുമല്ല.

കലാഭവൻ മണിയുടെ അനുജൻ കൂടിയായ പ്രശസ്്ത മോഹിനിയാട്ട നർത്തകൻ ഡോ.ആർഎൽവി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ വിമർശിച്ചത് വൻ വിവാദമായിരുന്നു. 'വെളുത്ത സുന്ദരികളാണ് മോഹിനിയാട്ടം ആടേണ്ടതെന്നും കറുത്തവർ ആടുന്നത് അരോചക'മാണെന്നുമായിരുന്നു പരസ്യ അധിക്ഷേപം. നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞ് എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മോഹിനിയാട്ടത്തിൽ എം.എ റാങ്ക് ഹോൾഡറാകുകയും കലാമണ്ഡലത്തിൽ നിന്ന് എംഫിൽ ടോപ് സ്‌കോററായി പാസ്സാകുകയും ചെയ്തയാളാണ് രാമകൃഷ്ണൻ. ഒരു വിശ്രുത കലാകാരനുണ്ടായ അനുഭവം. ജാതിയുടെയും മതത്തിന്റെയും പേരിൽ മാത്രമല്ല നിറത്തിന്റെ പേരിലും കേരളത്തിൽ അകറ്റിനിർത്തലുകളും അപമാനങ്ങളും നടമാടുന്നുവെന്നത് ഒരോ മലയാളിയുടെയും ശിരസ് കുനിപ്പിക്കണം.

vachakam
vachakam
vachakam

അതേസമയം, 2013 ൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസിൽ കലാഭവൻ മണിക്ക് എ.ഡി.ജി പി.ടി. പി സെൻകുമാറിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിക്കാൻ ഹേതുവായി കറുപ്പു നിറം. മണിക്കെതിരെ പരാതി നൽകിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സെൻകുമാർ വിമർശിച്ചത്. വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന പോലീസ് മനോഭാവം മാറിയിട്ടില്ല എന്നും കൊല്ലത്ത് പോലീസ് അസോസിയേഷന്റെ സമ്മേളനത്തിൽ സെൻകുമാർ പറഞ്ഞു. അതിരപ്പിള്ളിയിൽ വാഹനപരിശോധനയ്ക്കിടെ വനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കലാഭവൻ മണി മർദ്ദിച്ചു എന്നായിരുന്നു പരാതി. 

മണിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. കറുത്ത വർഗക്കാരനായതുകൊണ്ടാണോ കലാഭവൻ മണിയെ വേട്ടയാടുന്നത് എന്നായിരുന്നു സെൻകുമാറിന്റെ ചോദ്യം. കലാഭവൻ മണിക്ക് പകരം മോഹൻലാലോ, മമ്മൂട്ടിയോ, ജയറാമോ, ദിലീപോ പോലെയുള്ള സൂപ്പർ സ്റ്റാറുകൾ ആയിരുന്നെങ്കിൽ ഇതായിരിക്കുമോ സ്ഥിതി എന്നും സെൻകുമാർ ആരാഞ്ഞു. വർണവിവേചനം അഥവാ വംശത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴിവിലും വ്യത്യാസമുണ്ടെന്ന മിഥ്യാധാരണ ലോകത്ത് മിക്ക ജനതയിലും നിലിനിൽക്കുന്നുവെന്നതാണു യാഥാർത്ഥ്യം. ചാതുർവർണ്യ വ്യവസ്ഥയുടെ ദേശീയതലത്തിലുള്ള സ്വാധീനമാണ് ശാരദാ മുരളീധരൻ അനുഭവിച്ച അധിക്ഷേപത്തിനു പിന്നിലെന്ന് സി.പി.ഐ ദേശീയ നേതാവ് ആനി രാജ വിലയിരുത്തിയിരുന്നു. 

രാജ്യത്ത് ഇപ്പോഴും രൂഢമൂലമായ ചാതുർവർണ്യ സിദ്ധാന്തത്തിന്റെ ഭാഗമാണ് വർണവിവേചനം. 'വർണധർമം ഈശ്വര നിശ്ചയവും അലംഘനീയ വ്യവസ്ഥയുമാണ്. ഈശ്വരൻ ഏർപ്പെടുത്തിയ ഈ വ്യവസ്ഥ പാലിക്കേണ്ടത് മനുഷ്യ ധർമമാണ്. ആ സ്വതസിദ്ധ ധർമത്തെ നിരാകരിക്കാവതല്ലെ'ന്ന് സിദ്ധാന്തിച്ചു കൊണ്ടാണ് ഭഗവത് ഗീത (ശ്ലോകം 13) വർണസിദ്ധാന്തത്തിന് സ്ഥിരീകരണം നൽകുന്നത്. ചാതുർവർണ്യവും ബ്രാഹ്മണ്യവുമൊക്കെ നാടുനീങ്ങിയെന്നു വലിയവായിൽ പറയുമ്പോഴും 'സാംസ്‌കാരിക' കേരളത്തിന്റെ ഉള്ള് ഇക്കാലത്തും ജാതി, മത, വർണ ചിന്തകളിൽ നിന്നു മുക്തമായതിന്റെ സൂചനകൾ ഇനിയും വേണ്ടത്ര ലഭ്യമല്ല. അത്രമേൽ വെറുക്കപ്പെടേണ്ട, അകറ്റിനിർത്തേണ്ട നിറമാണ് കറുപ്പ് എന്നത് മനുവാദത്തോളം പോന്നൊരു അശ്ലീല കാഴ്ചപ്പാടാണ്. 

vachakam
vachakam
vachakam

സൗന്ദര്യത്തിന്റെ അഴകളവുകളിൽ വെളുപ്പിന് എങ്ങനെയാണ് മേൽക്കൈ വരുന്നതെന്നുകൂടി ചിന്തിക്കണം. കറുപ്പ് അശ്ലീലവും വെളുപ്പ് ശ്ലീലവുമാകുന്നത് ഏത് മാനദണ്ഡത്തിലാണെന്നതുകൂടി അന്വേഷിക്കുമ്പോൾ മാത്രമേ ശാരദാ മുരളീധരനെപ്പോലെയുള്ളവർ അനുഭവിക്കുന്ന വർണവെറിയുടെ ആഴമറിയാൻ കഴിയൂ.

ട്രംപ്, മണിയാശാൻ

തൊലിനിറം വെളുപ്പല്ലാത്തതിന്റെ പേരിൽ സ്‌കൂളിലും കുടുംബത്തിലും അധിക്ഷേപം നേരിടുന്ന കുട്ടികൾ കുറച്ചൊന്നുമല്ല. തൊലിനിറം അൽപ്പം മങ്ങിപ്പോയ കുട്ടികളെ സഹപാഠികൾ  'കറുമ്പൻ' എന്നു വിളിക്കാറുണ്ട്. എത്രമാത്രം മാനസിക പീഡനമായിരിക്കും ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്നതെന്ന് അധ്യാപകരും ഗൗരവമായി ചിന്തിക്കാറില്ല. രണ്ടു വർഷം മുമ്പ് നിയമസഭയിൽ കെ-റെയിൽ വിഷയത്തിൽ ചർച്ച മൂത്തുവരുന്നതിനിടെ മുൻമന്ത്രി എം.എം.മണി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരാമർശിക്കവേ  കറുപ്പ് നിറം കൂട്ടിച്ചേർത്തത് വാർത്തയായിരുന്നു. മണിയാശാന്റെ പരിഹാസത്തിന് ചുട്ട മറുപടി നൽകി തിരുവഞ്ചൂർ: 'ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള പാഴ് വാക്ക് പറയുന്നവരുണ്ട്. നമ്മൾ അവരെ അവഗണിക്കുക.'

തൊലിവെളുപ്പില്ലാതിരുന്നിട്ടും മലയാള സിനിമയിൽ സത്യൻ ഇതിഹാസ നടനായി. കലാഭവൻ മണി തുടങ്ങി ഏതാനും നടന്മാർക്കാകട്ടെ കറുത്ത നിറം വിജയം എളുപ്പമാക്കി. വെളുപ്പിൽ പ്രത്യേക അഴകു കാണാത്ത തമിഴിൽ രജനീകാന്തിന്റെ നിറമെന്തെന്നത് ആർക്കും വിഷയമായില്ല. 'പറങ്കിമല'യിലൂടെ ഭരതൻ രംഗത്തിറക്കിയ സൂര്യക്ക് പത്മരാജനും കെ.ജി. ജോർജ്ജും അധിക തിളക്കമേകിയെങ്കിലും ശാരി തുടങ്ങി ചുരുക്കം നടിമാർക്കു മാത്രമേ മലയാളത്തിൽ 'കറുമ്പി' താരങ്ങളായി മാറാൻ കഴിഞ്ഞുള്ളൂ. 

കേരള രാഷ്ട്രീയത്തിലും സാംസ്‌കാരിക രംഗത്തും വരെ തൊലിവെളുപ്പില്ലായ്മ മൂലം വിജയപാത തടസപ്പെട്ടതിന്റെ അനുഭവങ്ങൾ ചിലരെങ്കിലും പങ്കുവയ്ക്കാറുണ്ട്. ഒരാൾ സുന്ദരനോ സുന്ദരിയോ ആകുന്നത് വെളുത്ത നിറംകൊണ്ടുകൂടിയാണെന്നത് ജനിക്കുമ്പോൾ മുതൽ മിക്ക പേരുടേയും ഉള്ളിൽ പച്ചകുത്തിയ ധാരണയാണ്. തൂത്തുമായ്ക്കാൻ വയ്യാത്തവിധം ആ അധമ ചിന്തയ്ക്ക് വെള്ളവും വളവും നൽകി പൊലിപ്പിച്ചെടുക്കുന്നതിൽ കുടുംബവും കൂട്ടുകാരും കലാലയങ്ങളും അയൽവീട്ടുകാരും മത്സരിക്കുന്നു. മഹത്വത്തിന്റെയോ കഴിവിന്റെയോ സൗന്ദര്യത്തിന്റെയോ മാനദണ്ഡമായി തൊലിനിറം മാറുന്നതിങ്ങനെയാണ്. 

വിവാഹ കമ്പോളത്തിൽ മാത്രമല്ല സൗന്ദര്യമത്സരത്തിലും റിസപ്ഷനിസ്റ്റ് തുടങ്ങിയ ജോലികളിലും സഹിതം എല്ലായിടത്തും കറുപ്പിനെ നിരാകരിക്കുന്ന സ്ഥിതിവിശേഷമാണ് പൊതുവേയുള്ളത്. ഒരു കുഞ്ഞ് ഗർഭ പാത്രത്തിലായിരിക്കുമ്പോൾ തന്നെ നിറം കറുപ്പാകുമോ എന്ന് പല മാതാപിതാക്കളും കുടുംബങ്ങളും ആശങ്കപ്പെടുന്നു. കറുപ്പിനോടുള്ള വെറുപ്പും ജാതിവെറിയുമെല്ലാം ഇന്നും പലരുടെയും ഉള്ളിൽ തിടംവച്ചു കിടക്കുന്നു. അവിചാരിതമായാണ് ചിലരിലൂടെ അതൊക്കെ പുറത്തുവരുന്നത്. അത് തിരിച്ചറിഞ്ഞ്, തിരുത്തലുകൾക്ക് ഇടംകൊടുക്കുമ്പോൾ മാത്രമേ നിറത്തെക്കുറിച്ചുള്ള അധമചിന്തകൾക്കു വിരാമമാകൂ.

തൊലിയുടെ നിറമല്ല, മനസ്സിന്റെ നിറമാണ് ശ്രേഷ്ഠതയുടെയും ഉന്നത വ്യക്തിത്വത്തിന്റെയും മാനദണ്ഡമെന്ന് മനുഷ്യ വർഗത്തെ ബോധ്യപ്പെടുത്താൻ കെൽപ്പുറ്റ പ്രത്യയ ശാസ്ത്രങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും അധിക ജാഗ്രത പുലർത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നു സാമൂഹിക നിരീക്ഷകർ.  ഇരുളനെന്നും കറുമ്പനെന്നും കരിംഭൂതമെന്നുമൊക്കെ സംഘാതമായിത്തന്നെ ചിലർക്ക് പേരുചാർത്തിക്കൊടുക്കപ്പെടുന്നു. ആ അവഹേളനങ്ങൾ ആരുടെയൊക്കെ മനസിനെ മുറിപ്പെടുത്തിയിട്ടുണ്ടാകുമെന്ന് അധികം പേർ ചിന്തിക്കാറില്ല. മക്കൾ കറുത്തതിന്റെ പേരിൽ മാതാപിതാക്കളും അച്ഛനമ്മമാർക്ക് നിറം കുറഞ്ഞുപോയതിന്റെ പേരിൽ മക്കളും ആധിയിലാഴുന്നു. പ്രയോഗിക്കപ്പെടുന്ന തെറിവാക്കുകളിലും തമാശകളിലും കറുപ്പ് വല്ലാതെ മുഴച്ചുനിൽക്കുന്നു.

'വെള്ളപൂശലും' 'കറുത്ത കൈകളും' 'ഇരുട്ടിന്റെ സന്തതികളു'മൊക്കെയായി ഭാഷയിൽവരെ വർണഭേദം പ്രകടം. നാടൊട്ടുക്ക് മുളച്ചുപൊന്തുന്ന ബ്യൂട്ടി സലൂണുകളും ഫെയർ ക്രീം പരസ്യങ്ങളുമൊക്കെ കറുപ്പിനോടുള്ള തൊട്ടുകൂടായ്മ മാർക്കറ്റ് ചെയ്യുന്നു. നാളുകൾക്കുശേഷം കാണുന്ന സുഹൃത്തിനോടും ബന്ധുവിനോടും 'ആകെ കറുത്ത് കരുവാളിച്ചുപോയല്ലോ' എന്ന് ആധിയോടെ മലയാളി തിരക്കവേ പുറത്തുവരുന്നുണ്ട് കറുപ്പിനോടുള്ള വിഷംതീണ്ടിയ വിരോധം.
തൊലി കറുത്തതിന്റെ പേരിൽ പല യുവതീയുവാക്കളും വിവാഹക്കമ്പോളത്തിൽ എടുക്കാച്ചരക്കാകുന്നുണ്ട്. 

പ്രകടനപരതയ്ക്കപ്പുറത്ത് വർണവെറിക്കെതിരേ, സമത്വത്തിന്റെ ശരിയായ ആശയങ്ങൾ എത്രപേർ ആത്മാർഥമായി സ്വാംശീകരിച്ചിട്ടുണ്ടെന്നത് ചോദ്യമായവശേഷിക്കുന്നു. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള നിറമാണ് കറുപ്പെന്ന് ശാരദാ മുരളീധരന്റെ കുറിപ്പിലുണ്ട്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്; എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തം. ഊരുവിലക്കോ തീണ്ടായ്മയോ കൽപ്പിക്കേണ്ടതില്ല എണ്ണക്കറുപ്പിന്. ശാരദാ മുരളീധരന് ഐക്യദാർഢ്യവുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന എത്രപേരാണ് തങ്ങളുടെ മുഖം വെളുപ്പിക്കാൻ ഫിൽറ്റർ ആപ്പുകളെ ആശ്രയിക്കുന്നതെന്നതാണ് ഇതിനിടെ ഉയരുന്ന മറ്റൊരു പ്രസക്ത ചോദ്യം.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam