കൊച്ചി: ലാന മുൻ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജൻ ആനിത്തോട്ടത്തിന്റെ അഞ്ചാമത്തെ പുസ്തകമായ 'ഹിമ'യുടെ ഔദ്യോഗിക പ്രകാശനം കൊച്ചിയിൽ നടന്നു. മാതൃഭൂമി ബുക്സിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ കഥാകൃത്ത് ഫ്രാൻസീസ് നൊറോണയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.
കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, എഴുത്തുകാരനും ഗാന്ധിയനുമായ പി.ഐ. ശങ്കരനാരായണൻ എന്നിവർ ആശംസാപ്രസംഗം നടത്തി. മലയാള സാഹിത്യത്തിന് പ്രവാസഭൂമിയിൽ നിന്നും ലഭിക്കുന്ന വിലപ്പെട്ട സമ്മാനമാണ് ഷാജൻ ആനിത്തോട്ടത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'ഹിമ' എന്ന് സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഒട്ടേറെ വായനക്കാരുടെ പ്രശംസ നേടിയെടുത്ത 'പകർന്നാട്ടം' എന്ന നോവലുൾപ്പെടെ ഗ്രന്ഥകാരന്റെ എല്ലാ കൃതികളിലൂടെയും കടന്നുപോയിട്ടുള്ള തനിക്ക് ഷാജൻ ആനിത്തോട്ടം തന്റെ പ്രിയപ്പെട്ട രചനകൾകൊണ്ട് മലയാള സാഹിത്യലോകത്തെ ഇനിയും സമ്പന്നമാക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു.
'ഹിമ'യിലെ കഥയിലൂടെ കടന്നുപോകുമ്പോൾ അമേരിക്കൻ സാമൂഹികജീവിതത്തിലെ കൗതുകങ്ങളുടെയും കുതൂഹലതകളുടെയും നേർക്കാഴ്ചകളാണ് വായനക്കാരന് പ്രത്യക്ഷത്തിൽ ലഭിക്കുന്നതെന്ന് ഫ്രാൻസീസ് നൊറോണ സമർത്ഥിച്ചു. പ്രമേയങ്ങളുടെ മേന്മ കൊണ്ടും ശീർഷകങ്ങളുടെ ആകർഷണീയത കൊണ്ടും ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
മികച്ച കൈയടക്കത്തോടെ രചിക്കപ്പെട്ട വായനാസുഖമുള്ള മനോഹരമായ ചെറുകഥകളാണ് 'ഹിമ'യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഴുത്തിന്റെ ലോകത്തെ വളരുന്ന വാഗ്ദാനമായി ഷാജൻ ആനിത്തോട്ടത്തെ ഫ്രാൻസീസ് നൊറോണ വിശേഷിപ്പിച്ചു.
കലാകൗമുദി, മനോരമ തുടങ്ങി കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വന്ന ഇരുപത്തിയൊന്ന് ചെറുകഥകളുടെ സമാഹാരമാണ് 'ഹിമ'. സി. രാധാകൃഷ്ണന്റെ അവതാരികയും ബെന്യാമിന്റെ ആസ്വാദനക്കുറിപ്പും പുസ്തകത്തെ കൂടുതൽ സമ്പന്നമാക്കുന്നു.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. കോപ്പികൾ മാതൃഭൂമിയുടെ ഇന്ത്യയിലെ ശാഖകളിൽ നിന്നോ ഓൺലൈനായോ ലഭിക്കുന്നതാണ്.
വില: ഇരുന്നൂറ്റിയമ്പത് രൂപ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്