പകൽ സമയത്ത് സഭാ ടി.വി.യിൽ ജനം ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ കണ്ട് പുളകിതരാകുന്നു. രാത്രിയാകട്ടെ ലോകകപ്പിന്റെ പിരിമുറുക്കം. ഇതിനിടെ ജില്ലതിരിച്ചുള്ള മഴമുന്നറിയിപ്പുകൾ. ഒപ്പം കാലവർഷം ചതിച്ചുവെന്ന വൈദ്യുതി മന്ത്രി സണ്ണി വക്കീലിന്റെ നിലവിളി. നിയമസഭയിൽ നടന്നുവരുന്ന ബജറ്റ് ചർച്ചകൾ ചിലപ്പോഴെങ്കിലും ലോകകപ്പ് മൂഡിലേക്ക് ഉയരുന്നു.
ഏതായാലും മുഖ്യമന്ത്രി വി.ഡി. സതീശനും സ്പീക്കർ തിരുവഞ്ചൂരും നല്ല ഫോമിലാണ്. പ്രതിപക്ഷത്തിന്റെ ഗോൾ പോസ്റ്റിന്റെ മുമ്പിലാണ് മുഖ്യമന്ത്രി എപ്പോഴും. അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കുന്ന സൂപ്പർ റഫറിയായി തിരുവഞ്ചൂരും 'പൊളി' ഫോമിൽ. എന്തായാലും സതീശൻ മന്ത്രിസഭയ്ക്ക് ശുക്രദശയാണ്.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള വരുമാനം കുത്തനെ കൂടാൻപോകുകയാണ്. എം.എൻ.സി. കമ്പനി അദാനിയുടെ കൈവശമുള്ള 49 ശതമാനം ഓഹരികൾ വാങ്ങുന്നതോടെ, വിദേശ നിക്ഷേപത്തിന്റെ വരവ് വർധിക്കും. സുതാര്യവും സത്യസന്ധവുമായ ഒരു ഭരണം കേരളത്തിൽ ഇപ്പോഴുണ്ടെന്ന് വിദേശ കമ്പനികൾപോലും കരുതുന്നു.
കണക്കറിയാവുന്ന ധനമന്ത്രിയും പ്രതിപക്ഷത്തിന്റെ പോയകാല അഴിമതികൾ എണ്ണിയെണ്ണി പറയുന്ന മുഖ്യമന്ത്രിയുമെന്ന ഡബിൾ റോളിൽ കലക്കുകയാണ് വി.ഡി. സതീശൻ. പ്രതിപക്ഷം 'പോകുന്ന പോക്കിൽ' അടുത്ത സർക്കാരിനായി ഒരുക്കിവച്ച കെണികളെക്കുറിച്ചും പണികളെക്കുറിച്ചും വാതോരാതെ പറയുന്നുണ്ട് മുഖ്യമന്ത്രി. അതിനൊന്നും വേണ്ടവിധം ഉത്തരം പറയാൻപോലും പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല.
നിയമസഭയിൽ ലീഡർ സ്മരണ
വി.ഡി. സതീശന്റെ രാഷ്ട്രീയത്തിലെ ഗുരു മുൻ മന്ത്രി ജി. കാർത്തികേയനാണ്. എന്നാൽ, ഇപ്പോൾ സതീശന്റെ രാഷ്ട്രീയ ശൈലി പഴയ ലീഡർ കെ. കരുണാകരന്റേതാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. ചിലപ്പോൾ കരുണാകരനെക്കാൾ കാഞ്ഞ ബുദ്ധി സതീശൻ കാണിച്ചുതുടങ്ങിയിട്ടുണ്ടെന്നുവരെ യൂട്യൂബർമാർ തട്ടിവിടുന്നു. പ്രതിപക്ഷ ബഹളത്തെ മുഖവിലയ്‌ക്കെടുക്കാതെ 102 അംഗങ്ങളുടെ പിന്തുണയോടെ ഭരിക്കുമ്പോൾ ആരെ പേടിക്കണമെന്ന രാഷ്ട്രീയ ന്യായംപോലും സതീശൻ ഉന്നയിക്കുന്നു.
പ്രതിപക്ഷത്തെക്കാൾ, കോൺഗ്രസിലെ സുധീരനെപ്പോലെയുള്ളവർ സതീശന്റെ പുതിയ ഭരണശൈലിയിൽ അപകടം മണക്കുന്നു. മദ്യനയവും കരിണമൽ ഖനനവും സുധീരന് എക്കാലത്തും ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. മദ്യനയത്തിന്റെ കാര്യത്തിലാണ് സുധീരൻ വെള്ളാപ്പള്ളിയുടെ ശത്രുവായി മാറിയത്. കരിമണൽ ഖനനത്തിൽ കർത്തായും സുധീരന്റെ എതിർപക്ഷത്തായി. അങ്ങനെ നടേശനും കർത്തായും ഒന്നിച്ചപ്പോൾ സുധീരൻ തെരഞ്ഞെടുപ്പിൽ തോറ്റുവെന്നുമാത്രമല്ല, രാഷ്ട്രീയത്തിൽ കട്ടപ്പുറത്തുമായി.
കെ.പി.സി.സി. പ്രസിഡന്റ് പദത്തിലിരിക്കെ, യു.ഡി.എഫ്. ഭരണത്തിന് 'കുഴിതോണ്ടിയ' ആദർശവാദിയെന്ന ചീത്തപ്പേരും പിൽക്കാലത്ത് സുധീരനെ തേടിയെത്തിയിരുന്നു. വിചിത്രമെന്നു പറയട്ടെ, സതീശന് മുഖ്യമന്ത്രിപദത്തിലെത്താൻ ഹൈക്കമാൻഡിന്റെ മുമ്പിലെ സുധീരന്റെ നിലപാടും കാരണമായെന്ന കാര്യം മറക്കാനാവില്ല.
എന്നാൽ, വീര്യം കുറഞ്ഞ മദ്യവിൽപ്പന ഈഴവരിൽപെട്ട മദ്യലോബിയെ സോപ്പിടാനാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്. ഏതായാലും 29 ബാറുകളിൽനിന്ന് 900ത്തിലധികം ബാറുകൾ അനുവദിച്ച ഇടതുപക്ഷത്തിന് മദ്യനയത്തിന്റെ കാര്യത്തിൽ മേനി നടിക്കാനാവില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിർണയിച്ച ഫയൽ മിന്നൽ വേഗത്തിലാണ് നീങ്ങിയതെന്ന മുൻ എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞതുകേട്ട് ചിരിക്കാത്തവരുണ്ടാവില്ല.
പാലക്കാട്ട് സ്വകാര്യ ഡിസ്റ്റിലറി അനുവദിച്ച ഫയലിന്റെ ഹൈസ്പീഡ് മുൻ മന്ത്രി മറന്നുവോ? മാത്രമല്ല, ഭരണമൊഴിയുന്നതിന് മുമ്പ് 22 ബാറുകൾക്ക് തിരക്കിട്ട് അനുമതി നൽകിയ കാര്യവും ജനത്തിന്റെ ഓർമ്മയിലുണ്ട്. എന്നിട്ടും, മദ്യത്തിനെതിരെ പഴയ എം.പി. മന്മഥന്റെ ശൈലിയിലുള്ള ഗുണപാഠവർത്തമാനങ്ങൾ മുൻമന്ത്രി പറയുന്നത് ആരാണ് വിശ്വസിക്കുക?
ഇരുട്ടിലാക്കിയതിന്റെ 'ക്രെഡിറ്റ്' ആർക്ക്?
വൈദ്യുതി പ്രതിസന്ധി തുടരുമെന്ന മന്ത്രി സണ്ണി ജോസഫിന്റെ മാധ്യമങ്ങൾക്കു മുന്നിലെ ഏറ്റുപറച്ചിൽ കേട്ടതോടെ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി. സെന്ററിൽ വാർത്താസമ്മേളനം വിളിച്ചുകൂട്ടി. 'ദേ ഇരുണ്ടകാലം വരവായെന്ന'മട്ടിൽ, സർക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു ഗോവിന്ദൻ ചെയ്തത്.
എന്നാൽ എന്തുകൊണ്ട് ഇപ്പോൾ ഡാമുകളിൽ 21.34 ശതമാനം മാത്രം ജലമായി കുറഞ്ഞുവെന്നതിന്റെ വിശദീകരണം ഗോവിന്ദന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിരുന്നു. പക്ഷെ, ഗോവിന്ദൻ മിണ്ടില്ല. കാരണം, ഈ വൈദ്യുതി പ്രതിസന്ധിക്കും കാരണം ഇടതുഭരണംതന്നെയാണ്. ഈ ആരോപണം തെളിയിക്കാൻ ചെറിയൊരു ഫ്‌ളാഷ്ബാക്ക് വേണം.
2023, 2024, 2025 വർഷങ്ങളിലെ ഡാമുകളിലേക്കുള്ള നീരൊഴുക്കിന്റെ കണക്കിൽ ഏറ്റവും കൂടുതൽ വെള്ളമൊഴുകിയെത്തിയത് 2025-26 സാമ്പത്തികവർഷത്തിലാണ്. ഇതുമൂലം ആ വർഷം കേന്ദ്രപൂളിൽനിന്നുള്ള 1514 ദശലക്ഷം വൈദ്യുതി സംസ്ഥാനം വാങ്ങിയില്ല. പകരം ജലവൈദ്യുതി ഉപയോഗിച്ചു. എന്നാൽ 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളംപോലും ബോർഡ് കരുതിവയ്ക്കാഞ്ഞത് വലിയ പിഴവായി. ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവച്ച കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള ദീർഘകാല കരാറുകൾ ഇതിനകം ഇടതുഭരണകാലത്ത് റദ്ദാക്കിയിരുന്നു. ഇതാകട്ടെ, ജലക്ഷാമം വന്നപ്പോൾ കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലേക്ക് കേരളത്തെ നയിച്ചു.
2023-24 മാർച്ച് 31ലെ കണക്കനുസരിച്ച് 1916 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നത് 2024-25ൽ അതേ കാലയളവിൽ 1935 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള ജലശേഖരമായി. പക്ഷേ, 2025 മാർച്ച് 31ൽ ഇതേ ജലശേഖരം 1749.53 ദശലക്ഷം യൂണിറ്റിനുള്ളതായി ശോഷിച്ചു. ചെറുഡാമുകൾ നിറയ്ക്കുകയും ഇടുക്കി ഡാമിലെ വെള്ളം പരമാവധി ഉപയോഗിക്കുകയും ചെയ്ത വലിയ അബദ്ധം ആ നാളുകളിൽ ബോർഡിന് പറ്റി.
2025 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വിപണിയിൽ ലഭ്യമായിരുന്നു. ഈ കാലഘട്ടത്തിൽ എന്തിന് ഇടുക്കി ഡാമിലെ വെള്ളം ശേഖരിച്ചുവയ്ക്കാൻ ബോർഡ് മടികാണിച്ചു? പിന്നീട് വൈദ്യുതിയായിത്തന്നെ മടക്കിനൽകാവുന്ന കരാറനുസരിച്ച് 4900 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ബാധ്യതയും പുതിയ സർക്കാരിന്റെ ചുമലിൽ വച്ചിട്ടാണ് ഇടതുസർക്കാർ പടിയിറങ്ങിയത്. എന്നിട്ടും 'ഇരുണ്ടകാലം' പുതിയ സർക്കാരിന്റെ വകയായി മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ ഗോവിന്ദൻ മാഷ് നടത്തിയ ശ്രമം പരിഹാസ്യമെന്നേ പറയാനാവൂ.
പബ്ലിക് സർവീസോ പാർട്ടി സർവീസോ?
ഇടതു ഭരണകാലത്ത് നടത്തിയ പിൻവാതിൽ നിയമനങ്ങൾ കുപ്രസിദ്ധമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1957ൽ പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചപ്പോൾ അഞ്ച് പി.എസ്.സി. അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് 13 ആയി ഉയർന്നു. ഇടതുഭരണകാലത്താകട്ടെ അംഗങ്ങൾ 21 ആയി. ആശാവർക്കർമാർ തങ്ങളുടെ ഓണറേറിയത്തിൽ ചെറിയൊരു വർധനയെങ്കിലും വരുത്താൻ പിണറായി സർക്കാരിനോട് കരഞ്ഞ് യാചിച്ചിരുന്ന നാളുകളിലാണ് പി.എസ്.സി. മെമ്പർമാരുടെ ശമ്പളം കുത്തനെ കൂട്ടിയത്.
പി.എസ്.സി. മെമ്പർമാരെ നിയമിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാരാണ്. യു.പി.എസ്.സി.യിൽ നിയമനം നടത്തുന്നത് രാഷ്ട്രപതിയാണ്. 50 ശതമാനം സർക്കാർ സർവീസിൽനിന്നുള്ളവരും, ബാക്കി രാഷ്ട്രീയ നിയമനവുമെന്ന മട്ടിലാണ് മെമ്പർമാരെ നിയമിച്ചിരുന്നത്. ഇപ്പോൾ മെമ്പർമാരുടെ ഒഴിവുണ്ടായിട്ടും പുതിയ മെമ്പർമാരെ നിയമിക്കാനുള്ള പട്ടിക പഴയ ഗവർണർ ആരിഫ്ഖാനോ പുതിയ ഗവർണർ അർലേക്കറിനോ ഇടതുസർക്കാർ നൽകിയിരുന്നില്ല. കാരണം സി.പി.എം. കൊടുക്കുന്ന പട്ടികയിൽനിന്ന് മെമ്പർമാരെ നിയമിക്കാൻ ബി.ജെ.പി.യുടെ നോമിനിയായ ഗവർണർമാർ തയ്യാറാവില്ലല്ലോ.
ഒന്നര ലക്ഷം രൂപ അടിസ്ഥാനശമ്പളമായുള്ള (ഇതനുസരിച്ച് മൊത്തം ശമ്പളം രണ്ടര ലക്ഷം രൂപ കടക്കും) ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്. എഴുത്തുപരീക്ഷയിലെ ഉത്തരങ്ങൾ പൂർണമായും വാല്യുവേഷൻ നടത്താതെ സി.പി.എം. അവരുടെ ഇഷ്ടക്കാർക്ക് നിയമനം നൽകിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലിൽ കേസ് നിലവിലിരിക്കെപോലും ഇടതു സർക്കാർ വിവാദ തസ്തികയിൽ നിയമനം നടത്തിയതും ദുരൂഹമാണെന്ന് മാധ്യമങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ പി.എസ്.സി. നടത്തുന്ന ആഭ്യന്തര അന്വേഷണംപോലും പ്രഹസനമാകുമോയെന്ന് ജനം സംശയിക്കുന്നുണ്ട്.
ഊരാളുങ്കൽ എന്നുകേട്ടാൽ ഉരുളുന്നതെന്തിന്?
പണ്ട് അന്നാ അലുമിനിയം കമ്പനിയുടെ ഉരുളിക്കുവേണ്ടിയുള്ള പരസ്യവാചകം ശ്രദ്ധേയമായിരുന്നു: ഉരുളിയെന്നുകേട്ടാൽ ഉരുളരുതെന്നായിരുന്നു മീഡിയാമേറ്റ് എന്ന പരസ്യ കമ്പനി ഉരുളിക്കായി തയ്യാറാക്കിയ ക്യാച്ച്‌ലൈൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെക്കുറിച്ച് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ നൽകിയ ഉത്തരം ഈ പരസ്യത്തെ ഓർമ്മിപ്പിക്കുന്നതായി. മന്ത്രിസഭയിലുള്ള ലീഗ് മന്ത്രി ഷാജി ഊരാളുങ്കലിനെ സി.പി.എം.ന്റെ 'അദാനി'യെന്നുവരെ വിശേഷിപ്പിച്ച ക്ലിപ്പിംഗുകൾ ഏഷ്യാനെറ്റ് ന്യൂസിലെ അന്തിച്ചർച്ചയിൽ കണ്ടു. ഊരാളുങ്കലിന് 'വിശുദ്ധ പദവി' നൽകാൻ മന്ത്രി ബഷീർ നടത്തിയ ശ്രമത്തിനു പിന്നിൽ എന്തെങ്കിലും 'ഫൗൾ പ്ലേ' ഉണ്ടോ?
'ഇ നിയമസഭ' എന്ന ആശയം നടപ്പാക്കാൻ ഊരാളുങ്കൽ സൊസൈറ്റി ആറ് വർഷം മുമ്പ് വാങ്ങിയ 9.4 കോടി രൂപ ക്രമവൽക്കരിക്കാൻ ഇടതുസർക്കാർ ഭരണമൊഴിയുന്നതിനു മുമ്പ് കാണിച്ച തിടുക്കം അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ്. വിമർശിച്ചത് മറന്നോ? 2026 ഫെബ്രുവരി 22നാണ് ഊരാളുങ്കൽ വാങ്ങിയ പണം ക്രമവത്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്. 2020 ജൂണിൽ പൂർത്തിയാക്കേണ്ടിയിരുന്ന ഈ പദ്ധതി 13 തവണയാണ് നീട്ടി നൽകിയത്. 2019ൽ കൈപ്പറ്റിയ പണത്തിന് ഊരാളുങ്കൽ ജി.എസ്.ടി.പോലും അടച്ചിരുന്നില്ല. പിന്നീട് 2025 ജൂണിൽ 1.43 കോടി രൂപ ജി.എസ്.ടി.യായി അടച്ച കണക്കും പിൽക്കാലത്ത് പുറത്തുവന്നിട്ടുണ്ട്.
മുണ്ടക്കൈചൂരൽമല പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ ഊരാളുങ്കലിന്റെ കരാറുകൾപോലും വിവാദമായി മാറിയ കാര്യവും യു.ഡി.എഫ്. നേതാക്കൾ മറന്നുവോ? ഇനി ജനം വേണ്ടിവരും ഈ പഴയ കഥകൾ ഓർമിപ്പിക്കാനെന്നു പറഞ്ഞ് ഈ ആഴ്ചക്കുറിപ്പ് അവസാനിപ്പിക്കട്ടെ.
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
