നൂറ്റാണ്ട് പിന്നിട്ട മലയാള പ്രസിദ്ധീകരണങ്ങൾ

AUGUST 11, 2026, 7:21 AM

മലയാള ഭാഷയിൽ ഒരു നൂറ്റാണ്ട് പിന്നിട്ട ആറു പ്രസിദ്ധീകരണങ്ങളാണുള്ളത്. അതിൽ ആദ്യ പത്രമായ സത്യനാദം 1999ൽഎന്നന്നേക്കുമായി അച്ചടി അവസാനിപ്പിച്ചു.

ഒരു പ്രസിദ്ധീകരണം നൂറു സംവത്സരങ്ങൾ കടക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മലയാളത്തിൽ ആദ്യമായി നൂറുവർഷം പിന്നിട്ടത് സത്യനാദമായിരുന്നു. സത്യനാദത്തിന്റെ ആദ്യത്തെ പേര് സത്യനാദകാഹളം എന്നായിരുന്നു. നേരായ ഒച്ചയുള്ള കുഴൽ സത്യം ഏവർക്കും അത്യാവശ്യമാകയാൽ പേരിൽതന്നെ അത് പ്രധാനമായി വിളങ്ങണമെന്നാഗ്രഹിച്ചതു കൊണ്ടാണ് അങ്ങിനെ ഒരു പേരിട്ടതെന്നു പത്രാധിപർ പറയുന്നുണ്ട്. 

സത്യനാദം നൂറ് പിന്നിടുമ്പോൾ ഇന്ത്യയിൽ അതുവരെ നൂറ് പിന്നിട്ടത് കേവലം 20 പത്രങ്ങൾ മാത്രം. കേരളത്തിലെ ആദ്യത്തെ സചിത്രവാരികയും സത്യനാദം തന്നെ. 1876 ഒക്ടോബർ 12ന് ആരംഭിച്ച ഈ പത്രത്തിന്റെ ആദ്യപത്രാധിപർ കർമ്മലിത്താ സഭയിലെ സന്യാസിയായ കാനിഷ്യസ് ആയിരുന്നു. സത്യനാദത്തിന്റെ അവസാന പത്രാധിപർ ഈ ലേഖകനുമായിരുന്നു. 1999 സെപ്തംബർ 11ന് സത്യനാദം അച്ചടി അവസാനിപ്പിച്ചു.

vachakam
vachakam
vachakam

പിന്നീട് നസ്രാണി ദീപിക എന്ന ഇപ്പോഴത്തെ ദീപികയും മലയാള മനോരമയും കേരളകൗമുദിയും മാതൃഭൂമിയും നൂറ് പിന്നിട്ട പത്രങ്ങളാണ്. ആ കൂട്ടത്തിലേക്കിതാ സത്യദീപം വാരികയും എത്തിയിരിക്കുന്നു.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ബാക്കിയായി ഉണ്ടായ ജീവിത ദുരിതങ്ങൾ, ഉച്ചനീചത്വങ്ങളുടെ തീക്കാറ്റും ക്ഷേത്ര പ്രവേശന വിളംബരവും, സ്വാതന്ത്ര്യസമരത്തിന്റെ മുറിപ്പാടുകൾ, കേരള നവോത്ഥാനത്തിന്റെ മിന്നൽ വെളിപാടുകൾ, കമ്പ്യൂട്ടർ വിപ്ലവം, അക്ഷരങ്ങളെ അപ്രസക്തമാക്കാൻ പോരുന്ന സ്മാർട്ട് സ്‌ക്രീൻ തരംഗം, എഐ ഭാഷ സംസാരിക്കുന്ന ജെൻ സി തലമുറ, ചരിത്രത്തിൽ ഇവരോടൊക്കെ നിരന്തരമായി സംവദിച്ചു പോരുന്നൊരു പാരമ്പ്രര്യമാണ് സത്യാദീപത്തിനുള്ളത്.

1927 ജൂലൈ 3ന്, സത്യദീപത്തിന്റെ ആദ്യപ്രതി പ്രകാശനം ചെയ്യപ്പെട്ടു. ഇതിനു പണം കണ്ടെത്തിയതിന്റെ പിന്നിലെ കഥ ഇങ്ങനെ. ഫാ. ജോസഫ് പഞ്ഞിക്കാരൻ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സത്യം, ദീപം, ഗിരി എന്നീ മൂന്നബോട്ടുകളിൽ ആദ്യ രണ്ടണ്ണം വിറ്റ് വാരികയ്ക്കാവശ്യമായ മൂലധനം കണ്ടെത്തി. അദ്ദേഹവും പണ്ഡിതശ്രേഷ്ഠനായിരുന്ന ഫാ. ജേക്കബ് നടുവത്തശ്ശേരിയും പ്രഥമ പത്രാധിപന്മാരായി.

vachakam
vachakam
vachakam

ഫാ. തോമസ് വട്ടോലിയായിരുന്നു പ്രിന്ററും പബ്ലിഷറും. സഭാസംബന്ധമായ വിഷയങ്ങളിൽ വായനക്കാർക്കു വിവരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വാരിക സ്ഥാപിക്കുന്നതെന്ന് ആദ്യ ലക്കത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ആഗോളസഭയിൽ നിന്നുള്ള വാർത്തകളും പ്രബോധനങ്ങളും മലയാള വായനക്കാരിലെത്തിക്കാനും ആനുകാലിക സംഭവങ്ങളെ വിലയിരുത്താനും ആദ്യ ലക്കം മുതൽ വാരിക ശ്രമിച്ചു പോന്നിട്ടുണ്ട്. ഒട്ടേറെ എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ സൃഷ്ടികൾ അച്ചടിക്കുകയും ചെയ്തു പോന്നു. നാലു പേജിൽ 'റോയൽ സൈസിൽ' ആയിരുന്നു ആദ്യകാലത്ത് വാരിക അച്ചടിച്ചിരുന്നത്. പിന്നീടിത് 1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ ടാബ്ലോയിഡ് രൂപത്തിൽ പുറത്തിറങ്ങി. 1948ൽ ഫാ. ജോസഫ് പാറേക്കാട്ടിൽ സത്യദീപത്തിന്റെ പത്രാധിപരായി. 1953ൽ ഈ ചുമതല വഹിക്കവേയാണ് അദ്ദേഹം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്. പിന്നീട്, അതിരൂപതാധ്യക്ഷനും കാർഡിനലുമായി മാറിയ മാർ പാറേക്കാട്ടിൽ സത്യദീപത്തെ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

1966ൽ എറണാകുളം നോർത്തിൽ വിയാനി പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കുകയും സത്യദീപത്തിന്റെ അച്ചടി അവിടേയ്ക്കു മാറ്റുകയും ചെയ്തു. ആധുനികമായ അച്ചടി സംവിധാനങ്ങളും രൂപകല്പനയും സത്യദീപത്തിനു ലഭ്യമായി. ഉള്ളടക്കത്തിലും രൂപഭാവങ്ങളിലും കാലാനുസൃതമായി വാരിക നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു.

സ്ഥാപകപത്രാധിപന്മാർക്കും കാർഡിനൽ പാറേക്കാട്ടിലിനും പുറമെ, ഫാ. തോമസ് വട്ടോലി, ഫാ. ജോസഫ് വിതയത്തിൽ, ഫാ. വർഗീസ് പഴേമഠം, ഫാ. തോമസ് മുളവരിക്കൽ, ഫാ. സേവ്യർ ചെറുപള്ളിക്കാട്ട്, മോൺ. തോമസ് മൂത്തേടൻ, ഫാ. ജോസ് തച്ചിൽ, ഫാ. പോൾ തേനായൻ, ഫാ. ജോസ് ചിറമേൽ, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ. വർഗീസ് തൊട്ടിയിൽ, ഫാ. മാത്യു കിലുക്കൻ എന്നിവർ ഇതുവരെയുള്ള വർഷങ്ങളിൽ പത്രാധിപന്മാരായി പ്രവർത്തിച്ചു.

vachakam
vachakam
vachakam

ഫാ. തോമസ് വെളുത്തേടത്ത്, ഫാ. ജേക്കബ് ഏറണാട്ട്, ഫാ. ആന്റണി ഇലവുംകുടി, ഫാ. ജോസഫ് മണവാളൻ, ഫാ. ജോർജ് പുതുശ്ശേരി, ഫാ. പോൾ വട്ടോലി, ഫാ. തോമസ് പുതിയവെളി, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. ജോൺ തേക്കാനത്ത്, ഫാ. ജോർജ് പുത്തൻപുര, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസഫ് കൊടിയൻ, ഫാ. ജയിംസ് പെരേപ്പാടൻ, ഫാ. ജസ്റ്റിൻ പുതശ്ശേരി, ഫാ. ഫ്രാൻസിസ് അരീക്കൽ, ഫാ. വർഗീസ് മാണിക്കത്ത്, ഫാ. ജോൺസൺ ജോസ് കക്കാട്ട്, ഫാ. പോൾ മാടശ്ശേരി എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോൾ സത്യദീപത്തിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും ഫാ. മാർട്ടിൻ എടയന്ത്രത്താണ്. ഇതിന് ഒരു ഇംഗ്ലീഷ് പതിപ്പുണ്ട്. 

ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാൻ ഈ പ്രസിദ്ധീകരണത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam