അടിമത്തം നിയമവിധേയമാക്കിയിരിക്കുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂട നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട ക്രമിനല്‍ നടപടിക്രമ ഔപചാരികമായി നിലവില്‍ വന്നതോട് ഇത്തരമൊരു ചര്‍ച്ച വ്യപകമായത്. ഇത് പ്രകാരം സാമൂഹികനില അനുസരിച്ചാണ് ശിക്ഷ വിധിക്കുക. താലിബാന്റെ ഈ നീക്കത്തിനെതിരേ നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
രാജ്യത്തിന്റെ നിയമ-രാഷ്ട്രീയ ക്രമം അനുസരിച്ച് അന്താരാഷ്ട്രതലത്തില്‍ ഇത് ആശങ്കയുയര്‍ത്തുന്നുണ്ട്. പുതിയ നിയമപ്രകാരം പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിരിക്കുകയാണ്. മതപണ്ഡിതന്മാര്‍ (ഉലമ അല്ലെങ്കില്‍ മുല്ല), വരേണ്യവര്‍ഗം (അഷ്റഫ്), മധ്യവര്‍ഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ തരംതിരിച്ചിരിക്കുന്നത്. ഇത് ഏറ്റവും ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. പുതിയ നിയമത്തിന്റെ കേന്ദ്ര ബിന്ദുവായ ആര്‍ട്ടിക്കിള്‍ 9ല്‍ ആണ് അഫ്ഗാന്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറ്റം ചെയ്തയാളുടെ സാമൂഹ്യ നില അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.
അതായത് ഇസ്ലാമിക പണ്ഡിതന്‍ ഒരു കുറ്റകൃത്യം ചെയ്താല്‍ അതിന് ശിക്ഷയായി ഉപദേശമായിരിക്കും ലഭിക്കുക. കുറ്റം ചെയ്തയാള്‍ വരേണ്യവര്‍ഗത്തില്‍പ്പെട്ടയാളാണെങ്കില്‍ കോടതിയിലേക്ക് വിളിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യും. മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ശിക്ഷയായി തടവും ഒപ്പം ചാട്ടവാറടി പോലെയുള്ള ശാരീരികമായ ശിക്ഷയും ലഭിക്കും.
എന്നാല്‍ ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കുമ്പോള്‍ പുരോഹിതന്മാര്‍ക്കും മതനേതാക്കള്‍ക്കും താലിബാന്‍ പൂര്‍ണമായ പ്രതിരോധം തീര്‍ക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
തിരികെ വരുന്ന അടിമത്തം
അന്താരാഷ്ട്ര നിയമങ്ങളില്‍ കര്‍ശനമായി നിരോധംഏര്‍പ്പെടുത്തിയ അടിമത്തം താലിബാന്‍ നിയമപരമായി തിരികെകൊണ്ടുവരികയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കോടതികളെ ഒരു കര്‍ക്കശമായ സാമൂഹിക ക്രമം സംരക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉപകരണങ്ങളാക്കി മാറ്റുന്നു. നിയമത്തില്‍ പല ഭാഗങ്ങളിലും 'സ്വതന്ത്രര്‍' എന്നും 'അടിമകള്‍' എന്നും ജനങ്ങളെ വേര്‍തിരിച്ച് പരാമര്‍ശിക്കുന്നുണ്ട്.
സമൂഹത്തെ നാലായി തരംതിരിക്കുന്നുവെന്നതിന് അപ്പുറം പുതിയ ക്രിമിനല്‍ നടപടിക്രമം ന്യായമായ നടപടിക്രമത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പല സുരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്നു. കുറ്റം ചെയ്തയാള്‍ക്ക് അഭിഭാഷകന്റെ സഹായം തേടാനുള്ള അവകാശം, തെറ്റായ ശിക്ഷ ലഭിച്ചാല്‍ നഷ്ടപരിഹാരം തേടാനുള്ള അവകാശം എന്നിവ ഇത് നല്‍കുന്നില്ല. കുറ്റം തെളിയിക്കുന്നതിന് കുറ്റസമ്മതമൊഴിയെയായിരിക്കും ആശ്രയിക്കുക. ഇത് ബലംപ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ഇടയാക്കിയേക്കും. അതേസമയം, സ്വതന്ത്ര അന്വേഷണം നടത്താനുള്ള ആവശ്യകത ഇല്ലാതാക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞതും കൂടിയതുമായ ശിക്ഷകള്‍ നിശ്ചയിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
അത് മാത്രമല്ല ജഡ്ജിമാരുടെയും നിയമപാലകരുടെയും മേല്‍നോട്ടമോ ഉത്തരവാദിത്വമോ ഇല്ലാതെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ചാട്ടവാറടി പോലെയുള്ള ശാരീരികമായ ശിക്ഷാ രീതികളുടെ ഉപയോഗവും നിയമത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നൃത്തം ചെയ്യുക, അല്ലെങ്കില്‍ ഒത്തുകൂടല്‍ പോലെയുള്ള കാര്യങ്ങളും കുറ്റകൃത്യമായി ചേര്‍ത്തിട്ടുണ്ട്. ഇത് സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ആളുകളെ തടയുകയും ശിക്ഷിക്കാന്‍ ജഡ്ജമാര്‍ക്ക് വിവേചനാധികാരം നല്‍കുകയും ചെയ്യുന്നു.
പുരോഹിതന്മാരെയും മതപരമായ ഉന്നതരെയും നിയമത്തിന് മുകളില്‍ പ്രതിഷ്ഠിച്ച്, സമൂഹത്തിലെ ചില ആളുകളെ തൊട്ടുകൂടാത്തവരെന്നും എന്നന്നേക്കും ഉപയോഗ ശൂന്യരാണെന്നും താലിബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അഫ്ഗാന്‍ മനുഷ്യാവകാശ സംഘടനയായ റവാദരി വ്യക്തമാക്കി. ഈ നിയമം നടപ്പിലാക്കുന്ത് ഉടനടി നിര്‍ത്തി വയ്പ്പിക്കണമെന്നും അതിനായി ലഭ്യമായ എല്ലാ നിയമ, നയതന്ത്ര സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും പുതിയ നിയമ ചട്ടക്കൂട് നടപ്പിലാക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
