ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ഷിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

AUGUST 31, 2026, 12:54 AM

ഷിക്കാഗോ: വടംവലിയുടെ ലോകവേദിയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സെപ്തംബർ 6 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെൻസൻവില്ലിലെ വിശാലമായ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് ഇത്തവണത്തെ വടംവലി മാമാങ്കം അരങ്ങേറുന്നത്.

ഷിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് മീറ്റിൽ സോഷ്യൽ ക്ലബ് ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും മത്സരത്തിന്റെ ഒരുക്കങ്ങളും പ്രത്യേകതകളും മാധ്യമങ്ങളുമായി പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറോളം പ്രമുഖ ടീമുകൾ ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കും.

വൻ സമ്മാനത്തുകകളും ആവേശകരമായ പോരാട്ടങ്ങളും കൊണ്ട് ഇതിനകം തന്നെ അന്താരാഷ്ട്ര വടംവലി രംഗത്ത് ശ്രദ്ധ നേടിയ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ടൂർണമെന്റിലേക്ക് ഈ വർഷവും ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ ശ്രദ്ധ തിരിയുകയാണ്.

vachakam
vachakam
vachakam


പ്രശസ്ത സിനിമാതാരം അൻസിബ ഹസനും പ്രശസ്ത ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്.

മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയേക്കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ് മറിയം കഴിക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, നാലാം സമ്മാനമായി 1,111 ഡോളറും ഷിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും.

vachakam
vachakam
vachakam

ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ടൂർണമെന്റ് കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും, മാനി കരിക്കുളം വൈസ് ചെയർമാനായും, സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും, ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും നേതൃത്വം നൽകുന്നു. വിപുലമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന ഒരുക്കങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇൻഡോർ വേദിയിൽ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ആദ്യമായാണ് മത്സരം പൂർണമായും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നത്. കാലാവസ്ഥയെ ആശ്രയിക്കാതെ കാണികൾക്കും മത്സരാർത്ഥികൾക്കും ഒരുപോലെ മികച്ച അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സ് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സൗകര്യം, മികച്ച പാർക്കിംഗ് സംവിധാനങ്ങൾ, ഷിക്കാഗോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എളുപ്പത്തിലുള്ള യാത്രാസൗകര്യം എന്നിവ വേദിയുടെ പ്രധാന സവിശേഷതകളാണ്.

vachakam
vachakam
vachakam

വടംവലി മത്സരത്തോടൊപ്പം കുടുംബങ്ങൾക്കും കാണികൾക്കും ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റും ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

ഈ വർഷത്തെ അന്താരാഷ്ട്ര വടംവലി മത്സരത്തിന് എലീറ്റ് ഗെയിമിംഗ്, പേരന്റ് പെട്രോളിയം, ഗോൾഡ് റഷ് ഗെയിമിംഗ്, ലക്കി ലിങ്കൺ ഗെയിമിംഗ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്‌പോൺസർമാർ പിന്തുണയുമായി എത്തിയിട്ടുണ്ട്. സ്‌പോൺസർമാരുടെയും സോഷ്യൽ ക്ലബ് അംഗങ്ങളുടെയും കായികപ്രേമികളുടെയും ശക്തമായ പിന്തുണയാണ് വർഷംതോറും ടൂർണമെന്റിനെ കൂടുതൽ വിപുലമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സെപ്തംബർ 5, 6 തീയതികളിൽ കായികോത്സവം

സെപ്തംബർ 5, 6 തീയതികളിലെ വാരാന്ത്യം ഷിക്കാഗോയിലെ മലയാളി കായികപ്രേമികൾക്ക് വലിയ കായികോത്സവമായി മാറും. സെപ്തംബർ 5 ശനിയാഴ്ച ഇതേ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിൽ എൻ.കെ. ലൂക്കോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള വോളിബോൾ ടൂർണമെന്റും, പിറ്റേന്ന് സെപ്തംബർ 6 ഞായറാഴ്ച ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരവും അരങ്ങേറും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ കായികമാമാങ്കങ്ങളുടെയും നടത്തിപ്പിൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകളെയും കായികപ്രേമികളെയും സ്വീകരിക്കാൻ ഷിക്കാഗോ ഒരുങ്ങിക്കഴിഞ്ഞതായും ടൂർണമെന്റ് കമ്മിറ്റിക്ക് വേണ്ടി സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.

വാശിയേറിയ പോരാട്ടങ്ങളും ലോകോത്തര ടീമുകളുടെ സാന്നിധ്യവും വൻ സമ്മാനത്തുകയും സിനിമാസംഗീത താരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളും ഇന്ത്യ ഫുഡ് ഫെസ്റ്റും ഒരുമിക്കുന്ന സെപ്തംബർ 6ലെ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിനായി ഇനി ഷിക്കാഗോ കാത്തിരിക്കുകയാണ്.

ഇന്ത്യാ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ബിജു കിഴക്കേക്കുറ്റ് (എൻ.ആർ.ഐ റിപ്പോർട്ടർ), ബിജു സഖറിയാ (ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ), സാജു കണ്ണമ്പള്ളി (കെവി ടിവി), അലൻ ജോർജ്ജ് (ഏഷ്യാനെറ്റ് ന്യൂസ്), ജോസ് ചെന്നിക്കര (വാചകം) എന്നിവരടക്കം ഷിക്കാഗോയിലെ വിവിധ മാധ്യമ പ്രവർത്തകർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam