ഒക്കലഹോമ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും പ്രവർത്തന മന്ത്രമാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' പാനൽ അംഗങ്ങൾക്ക് ഒക്കലഹോമ മലയാളി അസോസിയേഷൻ (ഒ.എം.എ) ഊഷ്മളമായ വരവേൽപ്പ് നൽകി.
മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാർത്ഥികൾ ഒക്കലഹോമ മലയാളി അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളർച്ചയെക്കുറിച്ചും ഇനി നടപ്പാക്കേണ്ട സ്വപ്‌ന പദ്ധതികൾ സംബന്ധിച്ചും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. സൗഹാർദപരമായ സംഭാഷണം ദീർഘവീക്ഷണമുള്ളതും സൃഷ്ടിപരവുമായിരുന്നു.
ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും നാല് പതിറ്റാണ്ട് കാലത്തെ സംഘടനാ പ്രവർത്തന മികവുള്ള വ്യക്തിത്വവുമായ മാത്യു വർഗീസ് (ജോസ്), ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന അനു സ്‌കറിയ, ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്, ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരുടെ പ്രവർത്തനങ്ങൾ ഫോമായ്ക്ക് മുതൽക്കൂട്ടാവുമെന്ന് അവർക്ക് ആശംസകൾ നേർന്നുകൊണ്ട് ഒ.എം.എ ഭാരവാഹികൾ പറഞ്ഞു.
ഒ.എം.എ പ്രസിഡന്റ് ആഞ്ചല ഉമ്മനും സെക്രട്ടറി ജോഷ്‌ന ഫിലിപ്പോസും നേതൃത്വം നൽകിയ പരിപാടിയിൽ മൽസൂർ മുസ്തഫ (വൈസ് പ്രസിഡന്റ്), നാൻസി ജേക്കബ് (ആർട്ട് & കൾച്ചറൽ കോർഡിനേറ്റർ & ഫോമ സതേൺ റീജിയൺ വനിതാ ഫോറം കമ്മിറ്റി അംഗം), സാനു എബ്രഹാം (സ്‌പോർട്‌സ് സെക്രട്ടറി), ഷിജി ജോയ്ക്കുട്ടി (വനിതാ പ്രതിനിധി), ഷിബു ജേക്കബ് (ജോയിന്റ് സെക്രട്ടറി), സാം ജോൺ (ഫോമ സതേൺ റീജിയൺ സെക്രട്ടറി), ഷേർലി ജോൺ, ഇവാൻ തോമസ്, സാൻജോ ബാബു, ജോർജ്ജ് ചിറയിൽ എന്നിവർ സംസാരിച്ചു.
വനിതാ ശാക്തീകരണം മുദ്രാവാക്യമായി പ്രവർത്തിക്കുന്ന ഒക്കലഹോമ മലയാളി അസോസിയേഷൻ വനിതകളെ താക്കോൽ സ്ഥാനങ്ങളിൽ നിയോഗിച്ചുകൊണ്ട് മാതൃകാപരമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനകളിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് ടീം പോമീസ് അംഗങ്ങൾ പറഞ്ഞു.
ഫോമാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ടീം ഇതാദ്യമായി ഒക്കലഹോമയിൽ സന്ദർശനം നടത്തുന്നതിനാൽ ഈ കൂടിക്കാഴ്ച ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ടീം പ്രോമീസ് സാരഥി മാത്യു വർഗീസ് ചൂണ്ടിക്കാട്ടി. കാരണം ഒക്കലഹോമ മലയാളി അസോസിയേഷന്റെ സംഭാവനകൾ ഫോമായെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതു തന്നെയാണ്. അത് മാനിച്ചുകൊണ്ടാണ് ടീം പ്രോമീസ് അവരുമായി കൂടിക്കാഴ്ച നടത്തിയത്.
സ്ത്രീപക്ഷ നിലപാടിനും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനും പേരുകേട്ട ടീം പ്രോമിസ്, ഒ.എം.എയുടെ രീതികൾക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്. ഫോമായുടെ നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവരെ പ്രതിഭ, പ്രതിബദ്ധത, സാമർത്ഥ്യം, കഠിനാധ്വാനം, ദീർഘവീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് ടീം പ്രോമീസ് സ്ഥാനാർത്ഥികൾ പറഞ്ഞു.
സ്ത്രീ പുരുഷ ഭേദമില്ലാതെ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അവർ വ്യക്തമാക്കി.
സുതാര്യത, സമഗ്ര വികസനം, യുവജന ശാക്തീകരണം തുടങ്ങിയവയെക്കുറിച്ചുള്ള മാതൃകാ രേഖ ടീം പ്രോമീസ് ഒ.എം.എയുമായി പങ്കുവച്ചു.
തിരഞ്ഞെടുക്കപ്പെട്ടാൽ, ഫോമയ്ക്ക് കീഴിലുള്ള ഓരോ അംഗസംഘടനകളുമായും കൂടുതൽ ചേർന്ന് പ്രവർത്തത്തിക്കാനാണ് ടീം പ്രോമീസ് ആഗ്രഹിക്കുന്നത്. ഭാവിയിൽ ഒക്കഹോമ മലയാളി അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും ടീം പ്രോമീസ് വെളിപ്പെടുത്തി.
ഇത് തിരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഔഗ്യോഗിക സന്ദർശനം എന്നതിലുപരി സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ചയായി മാറിയെന്ന് ഒ.എം.എ നൽകിയ ഗംഭീര സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ടീം പ്രോമീസ് അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
