ബി.ജെ.ഡിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് സംതൃപ്ത് മിശ്രയെ ആണ്. ഈ തീരുമാത്തിലും നവീൻ പട്‌നായിക്കിന് അബന്ധം പിണഞ്ഞെന്നാണ് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇത് പാളയത്തിൽ പടയായി മാറുമോ..?
നീണ്ട 24 വർഷത്തിനു ശേഷമാണ് നവീൻ പട്‌നായികിന് ഒഡിഷയിൽ അധികാരം നഷ്ടപ്പെടുന്നത്. അതിൽ ഏറെ അസ്വസ്തനായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, നവീൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചേക്കുമെന്ന സൂചനകളുമുണ്ടായിരുന്നു. പിന്നീട് ആ തീരുമാനം ഉപേക്ഷിച്ച ശേഷമാണ് പുതിയ പരീക്ഷണത്തിനൊരുങ്ങിയത്.
കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും വോട്ട് വിഹിതത്തിന്റെ കര്യത്തിൽ ബി.ജെ.ഡിക്ക് ബി.ജെ.പിയെക്കാൾ നേരിയ മുൻതൂക്കമുണ്ടെന്നു കണ്ടെത്തിയത് പട്‌നായിക്കിന് ആശയ്ക്ക് വക നൽകുന്നു. 40.22 ശതമാനം വോട്ടാണ് ബി.ജെ.ഡിക്ക് ലഭിച്ചത്. ബി.ജെ.പിക്ക് 40.07 ശതമാനം വോട്ടും ലഭിച്ചു. അസംപ്തൃപ്തരായ വോട്ടർമാരേയും പ്രവർത്തകരേയും പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനായി താഴത്തട്ടുവരെയുള്ള അഴിച്ചുപണിയാണ് നവീൻ ലക്ഷ്യമിടുന്നത്.
2014 മുതൽ ബി.ജെ.പി സർക്കാരിനു രാജ്യസഭയിൽ പിന്തുണ നൽകിയിരുന്ന പാർട്ടിയാണ് ബി.ജെ.ഡി. പല സുപ്രധാന ബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ കേന്ദ്രസർക്കാരിനു സഹായകമായതും ഈ പിന്തുണയാണ്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസിന്റെയും ബി.ജെ.ഡിയുടെയും പിന്തുണയാണ് രാജ്യസഭയിൽ പല ബില്ലുകളും പാസാക്കാൻ ബി.ജെ.പിയെ സഹായിച്ചത്. മുത്തലാഖ്, ജമ്മുകശ്മീർ പുനഃസംഘടന ബിൽ തുടങ്ങിയവ കൊണ്ടുവന്നപ്പോൾ ബി.ജെ.ഡി, കേന്ദ്ര സർക്കാരിന് അനുകൂല തീരുമാനമെടുത്തിരുന്നു.
2019ൽ 12 ലോക്‌സഭാ എംപിമാരുണ്ടായിരുന്ന ബി.ജെ.ഡിക്ക് ഇപ്പോൾ രാജ്യസഭയിൽ ഒമ്പത് പേർ മാത്രമാണുള്ളത്. ലേക്‌സഭയിൽ ഒരൊറ്റയാൾ പോലുമില്ല. ഈ അവസ്ഥക്ക് കാരണം ബി.ജെ.പി കൂട്ടുകെട്ടായിരുന്നു എന്ന തിരിച്ചറിവും ഇപ്പോൾ നവീൻ പട്‌നായികിന് ഉണ്ടായിരിക്കുന്നു. ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോടേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് ബി.ജെ.ഡിയുടെ നിർണായക തീരുമാനം പുറത്തു വന്നത്. ദേശീയതലത്തിലും ബി.ജെ.പിയുമായി അകലം പാലിക്കാൻ ബി.ജെ.ഡി തീരുമാനിച്ചു. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷത്തിനൊപ്പം ബി.ജെ.ഡി എംപിമാരും പ്രതിഷേധങ്ങളിൽ ശക്തമായി അണിനിരന്നിരുന്നു. ഇതും ബി.ജെ.ഡിയുടെ പോളിസി മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു.
ബിജു ജനതാദൾ (ബി.ജെ.ഡി)
സ്ഥാപകനായ നവീൻ പട്‌നായിക് ഒഡീഷയുടെ അനിഷേദ്ധ്യ നേതാവായിരുന്നു. ആധുനിക
ഒഡീഷയുടെ ഇതിഹാസ നേതാവും വാസ്തുശില്പിയുമായ ബിജു പട്‌നായിക്, ഒഡിയയുടെ
അഭിമാനത്തിന്റെയും ആദരവിന്റെയും പ്രതിരൂപമായ മനുഷ്യസ്‌നേഹിയായിരുന്നു.
അദ്ദേഹത്തിന്റെ മകനാണ് നവീൻ പടനായിക്.
1946 ഒക്ടോബർ 16ന് കട്ടക്കിലാണ്
നവീൻ പട്‌നായിക് ജനിച്ചത്. ഡെറാഡൂണിലെ വെൽഹാം ബോയ്‌സ് സ്‌കൂളിലും ദ ഡൂൺ
സ്‌കൂളിലും പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, സെന്റ്
സ്റ്റീഫൻസ് കോളേജ് ഓഫ് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് ബാച്ചിലർ ഓഫ്
ആർട്‌സ് ബിരുദം നേടി.
പഠനശേഷം സാഹിത്യ ലോകത്തിലേക്ക് ചുവടുവച്ച് ഒരു
എഴുത്തുകാരനായി മാറി. ഇതിനിടെ ബിജു പട്‌നായിക് അന്തരിച്ചതിനെ തുടർന്ന് മകൻ
നവീൻ രാഷ്ട്രീയത്തിലെത്തി.
1997ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ അസ്‌ക
മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയ നവീൻ 1998, 1999 ലോക്‌സഭ
തിരഞ്ഞെടുപ്പുകളിലും അസ്‌ക മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. 1998
മുതൽ 2000 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
1997ലെ ജനതാദൾ പിളർപ്പിനെ തുടർന്ന് ജനതാദളിൽ നിന്ന് രാജിവെച്ച് നവീൻ
പിതാവിന്റെ പേരിൽ ബിജു ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. പിളർപ്പിനെ
തുടർന്ന് ജനതാദൾ നാലു വിഭാഗങ്ങളായി ഇന്ത്യയിൽ വിഘടിച്ചു മാറി.
നിതീഷ് കുമാർ നേതാവായ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു), ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി), ദേവഗൗഡ നയിക്കുന്ന ജനതാദൾ സെക്യുലർ(ജെ.ഡി.എസ്), ഒഡീഷയിൽ നവീന്റെ പാർട്ടിയായ ബിജു ജനതാദൾ (ബി.ജെ.ഡി).2000ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡി-ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യം നിയമസഭയിൽ ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ചു. 2004ലെ നിയമസഭയിലും എൻ.ഡി.എ സഖ്യം ഒഡീഷയിൽ വീണ്ടും അധികാരത്തിലെത്തി. 2009ൽ ബി.ജെ.ഡി എൻ.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് നിയമസഭയിൽ മത്സരിച്ച് വിജയിച്ചു. 147ൽ 103 സീറ്റ് നേടി നവീൻ പട്‌നായിക് മുഖ്യമന്ത്രിയായി തുടർന്നു. 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബി.ജെ.ഡി ഒറ്റയ്ക്ക് അധികാരം നിലനിർത്തി.
ഏറ്റവും കൂടുതൽ വർഷം മുഖ്യമന്ത്രിയായവരിൽ രണ്ടാമത്തെയാളാണ് നവീൻ പട്‌നായിക്. നിലവിൽ മുഖ്യമന്ത്രി പദവിയിൽ 2024 ജൂൺ 12 വരെ 8867 ദിവസം പൂർത്തിയായി. 2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി പരാജയപ്പെട്ടതിനെ തുടർന്ന് 2024 ജൂൺ 5ന് പദവി രാജി വെച്ചു. 1977 ജൂൺ 21 മുതൽ 2000 നവംബർ 5 വരെ തുടർച്ചയായി 23 വർഷം (8539 ദിവസം) പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു, 1994 ഡിസംബർ 12 മുതൽ മുതൽ 2019 മെയ് 26 വരെ തുടർച്ചയായി 25 വർഷം (8932 ദിവസം) സിക്കിം മുഖ്യമന്ത്രിയായ പവൻ കുമാർ ചാംലിംഗ് എന്നിവരാണ് മറ്റുള്ളവർ. നിലവിൽ 2000 ആണ്ടിൽ മുഖ്യമന്ത്രിയായ നവീൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടർച്ചയായി 24 വർഷം പിന്നിട്ടിരുന്നു.
നവീൻ പട്‌നായിക് ഇപ്പോൾ ബി.ജെ.ഡിയുടെ എല്ലാ സംസ്ഥാന തല ഭാരവാഹികളെയും നീക്കം ചെയ്തു. അതിനുശേഷം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യം ചെയ്തത് വി.കെ. പാണ്ഡ്യനെ ഒഴിവാക്കുകയായിരുന്നു. പാണ്ഡ്യനുമായി അടുത്ത ബന്ധം പുലർത്തുന്ന ബി.ജെ.ഡി സംഘടന സെക്രട്ടറി പ്രണാബ് പ്രകാശ് ദാസ്, മാധ്യമങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി മനസ് മംഗരാജ് എന്നിവരും സ്ഥാനങ്ങൾ നഷ്ടപ്പെട്ട പ്രധാനികളാണ്. പിന്നീട് 'പൊളിറ്റിക്കൽ സെക്രട്ടറി' പദവിയിലൊരാളെ കുടിയിരുത്തി. തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.ഡി പാളയത്തിലെത്തിയ സംതൃപ്ത് മിശ്രയെയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ബി.ജെ.ഡിയിൽ എത്തുന്നതിന് മൻപ് ആദിത്യ ബിർള ഗ്രൂപ്പിന്റെ മുൻ എച്ച്.ആർ മേധാവി ആയിരുന്നു സംതൃപ്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പാർട്ടി പ്രവർത്തനങ്ങൾ ചില വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് തടയാനാണ് പുതിയ നീക്കം എന്നാണ് ബി.ജെ.ഡി നൽകുന്ന വിശദീകരണം. വക്താക്കളേയും മാധ്യമ പാനൽ അംഗങ്ങളേയും മാറ്റി പ്രവർത്തിപരിജയമുള്ള നേതാക്കളെയാണ് ബി.ജെ.ഡി നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് ബി.ജെ.പി നത്തിയ പ്രചരണത്തെ ചെറുക്കാൻ ശേഷിയുള്ള സോഷ്യൽ മീഡിയ, മാധ്യമ സംവിധാനങ്ങൾ ഇല്ലാതെ പോയതാണെന്ന് പാർട്ടി വിലയിരുത്തിയിരുന്നു.
മുഖ്യമന്ത്രിക്കസേരയിൽ മാത്രം ഇരുന്നു ശീലിച്ച നവീൻ, ഒഡിഷയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ, താഴേത്തട്ടിലുള്ള പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്താനും ആരംഭിച്ചു. ഈ ആശയവിനിമയം പാർട്ടിയുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിന്നുപോയിരുന്നു. എന്നാൽ, വി.കെ. പാണ്ഡ്യനെ വിശ്വസിച്ചതുപോലെ, നവീൻ പുതിയൊരാളെ പാർട്ടിയുടെ ഉയർന്ന പദവിയിലേക്ക് കൊണ്ടുവരുന്നതിൽ ബി.ജെ.ഡിക്കുള്ളിൽ എതിർപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാനങ്ങളിൽ രാഷ്ട്രീയത്തിൽ പരിചയമില്ലാത്തവരെ പിടിച്ചിരുത്തിയതിന്റെ ദോഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തനിക്ക് കീഴിലുള്ള നേതാക്കളെ നവീൻ പട്‌നായിക്കിന് വിശ്വാസമില്ലെന്നും അതിനാലാണ് രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത, ജനങ്ങളുമായി ഇടപഴകി ശീലമില്ലാത്തവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2019ന് ശേഷമാണ് ബി.ജെ.ഡിയിൽ വി.കെ. പാണ്ഡ്യൻ പിടിമുറുക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് നവീൻ പട്‌നായിക്കിന്റെ വിശ്വസ്തനായ പാണ്ഡ്യൻ, ഐ.എ.എസ് സർവീസിൽ നിന്ന് രാജിവച്ച് ബി.ജെ.ഡിയിൽ ചേരുകയായിരുന്നു. നവീന്റെ രാഷ്ട്രീയ പിൻഗാമിയായി പാണ്ഡ്യനെ ഉയർത്തിക്കാട്ടിയതും തിരിച്ചടിയായി.
പാർട്ടി സ്ഥാനാർഥികളെയും പ്രചാരണ രീതികളേയും വരെ തീരുമാനിക്കുന്ന തരത്തിൽ പാണ്ഡ്യൻ ബി.ജെ.ഡിയിൽ ശക്തനായിരുന്നു. ബി.ജെ.പി വലിയരീതിയിൽ പ്രചാരണം നടത്തിയതിന് പിന്നാലെ, തന്റെ രാഷ്ട്രീയ പിൻഗാമിയായി വി.കെ. പാണ്ഡ്യനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നവീൻ പട്‌നായിക് പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇപ്പോഴത്തെ നിയമനത്തിൽ ഒരു കൂട്ടർ അസംതൃപ്തരാണ്. അവർ പാളയത്തിൽ പടയായി മാറുമോ എന്നാണിനി അറിയേണ്ടത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്