വി.എം. സുധീരൻ ആദ്യമായി പറഞ്ഞു: കരുണാകരൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്

OCTOBER 23, 2024, 1:00 PM

ആര് തന്നെ വിചാരിച്ചാലും നേതൃമാറ്റം എന്ന സംഗതി നടക്കാനേ പോകുന്നില്ല എന്ന് ഒരു കുലുക്കവുമില്ലാതെ കരുണാകരൻ തറപ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ഒരു പൊതുയോഗത്തിൽ വെല്ലുവിളിക്കും മട്ടിൽ അദ്ദേഹം അത് പ്രസ്താവിക്കുകയും ചെയ്തു. സുധീരനെ ആന്റണി ഗ്രൂപ്പുകാർ അനുകൂലിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

എന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മടിയില്ലാത്ത നേതാവാണ് വി.എം സുധീരൻ. ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികൾ അനുഭവിക്കുന്നതിനും ഒരു പരിധി വേണ്ടേ എന്ന പക്ഷക്കാരനാണ് സുധീരൻ. 1993 മുതൽ സുധീരൻ ആന്റണി ഗ്രൂപ്പിൽ നിന്നും അകന്ന് ഏതാണ്ട് ഒരു ഒറ്റയാനെ പോലെയാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. ഒരു വർഷം മുമ്പ് കരുണാകരനുമായി ഉണ്ടാക്കിയ ഐക്യ കരാർ എല്ലാതരത്തിലും ഒരു കീഴടങ്ങലാണ് എന്നാണ് സുധീരന്റെ അഭിപ്രായം. ആന്റണി ഗ്രൂപ്പിന് പഴയ പോരാട്ടവീര്യവും വിപ്ലവവും ഇല്ലാതായി എന്നാണ് സുധീരന്റെ പക്ഷം.


vachakam
vachakam
vachakam

1994ലെ ഒരു നിയമസഭാ സമ്മേളനം നടക്കുന്ന സന്ദർഭത്തിൽ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ വി.എം. സുധീരൻ പൊടുന്നനെ എഴുന്നേറ്റുനിന്ന് നടത്തിയ പ്രസംഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. തെല്ലും മടിയില്ലാതെ, ദയയില്ലാതെ മുഖ്യമന്ത്രി കരുണാകരൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. അത് കേട്ട് എല്ലാവരും ഞെട്ടിയിരുന്നുപോയി. ഒരു മുഖ്യമന്ത്രിക്ക് എതിരെ ഭരണകക്ഷിയിലെ തന്നെ പ്രമുഖ വ്യക്തി ഇങ്ങനെ ഒരു പ്രസംഗം നടത്തിയത് കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാകാം. ഉടൻതന്നെ ചാടി എഴുന്നേറ്റ കരുണാകര പക്ഷം ക്ഷോഭത്തോടെ ചീറി അടുത്തു. ഉടൻതന്നെ ഹൈക്കമാന്റിനെ കേരളത്തിൽ നടന്ന സംഭവങ്ങൾ മുഴുവൻ അറിയിച്ചു.

മുഖ്യമന്ത്രി കരുണാകരൻ എല്ലാക്ഷോഭവും ഉള്ളിലൊതുക്കി സഭ വിട്ടിറങ്ങി. അന്ന് വൈകുന്നേരം കരുണാകരൻ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ചു. സുധീറിനെതിരെ ശക്തമായ നടപടി വേണ്ടി വരും എന്ന് അറിയിച്ചു. സത്യത്തിൽ സുധീരൻ ആന്റണി കോൺഗ്രസുമായി അകന്നു നിൽക്കുകയാണെങ്കിലും ഈ ഒരു ഘട്ടത്തിൽ സുധീരനെ കൈയൊഴിയാൻ ഉമ്മൻചാണ്ടിക്ക് മനസ്സ് വന്നില്ല. അദ്ദേഹം മറ്റുള്ളവരുമായി ചർച്ച നടത്തി. സുധീറിനെതിരെ ഇങ്ങനെ ഒരു നടപടി വേണ്ടി വരും എന്ന് ഉമ്മൻചാണ്ടിയെ വിളിച്ച് അറിയിച്ചത് കരുണാകരന്റെ ഒരു തന്ത്രമായിരുന്നു. ഈ വിവരം ആന്റണി ഗ്രൂപ്പുകാരെ അറിയിച്ചിരുന്നു എന്ന് പറയാൻ വേണ്ടി മാത്രം...! സുധീറിനെതിരെ എന്ത് നടപടി വന്നാലും അതിനെ ചെറുത്തു തോൽപ്പിക്കണമെന്ന് തീരുമാനത്തോടുകൂടി തന്നെ ആന്റണി ഗ്രൂപ്പ് ഒറ്റക്കെട്ടായി നിന്നു.

ആ വിവരം കരുണാകരനെ ഉമ്മൻചാണ്ടി എഴുതി അറിയിക്കുകയും ചെയ്തു. അച്ചടക്കത്തിന്റെ മാനദണ്ഡം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. പി.പി. ജോർജ് ബാലിശമായ ആരോപണം ഉന്നയിച്ചപ്പോൾ അത് എ.ഐ.സി.സിയുടെ അച്ചടക്കനടപടിക്ക് വിടാനുള്ള നീക്കം തടഞ്ഞതും ഉമ്മൻചാണ്ടിക്കെതിരെ ഒരു എം.എൽ.എ പത്രത്തിലൂടെ അഴിമതി ആരോപിച്ചപ്പോൾ കരുണാകരൻ നിഷ്‌ക്രിയനായിരുന്നതെല്ലാം ഓർമിപ്പിച്ചു കൊണ്ടായിരുന്നു കത്ത്. കുറച്ചുനാളുകളായി ഉമ്മൻചാണ്ടിയും മുഖ്യധാരയിൽ നിന്ന് ഏതാണ്ട് ഒഴിഞ്ഞു നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കുകയാണ് ടി.എച്ച്. മുസ്തഫയുടെ ഒരു പ്രസ്താവന പുറത്തുവരുന്നത്.

vachakam
vachakam
vachakam

ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി രാജിവച്ചു പോയവർക്ക് സർപ്പക്കൂട്ടിൽ കിടന്ന പാമ്പ് വേലായുധന്റെ അവസ്ഥയാണ് ഉണ്ടാവുക എന്നായിരുന്നു മുസ്തഫയുടെ പ്രസ്ഥാവന. പാമ്പു വേലായുധന് തുടക്കത്തിൽ അമിതമായ പബ്ലിസിറ്റി കിട്ടി. പിന്നീട് അത് ഇല്ലാതായി. ആ സ്ഥിതിയാണ് ഉമ്മൻചാണ്ടിക്കും വന്നുഭവിക്കുക എന്നായിരുന്നു മുസ്തഫയുടെ പരിഹാസത്തിന്റെ സത്ത്. ഈ പ്രസ്താവന വന്നതോടുകൂടി ആന്റണി ഗ്രൂപ്പിലെ എല്ലാവരും സട കുടഞ്ഞ് എഴുന്നേറ്റു. അവർ കിട്ടിയ അവസരത്തിൽ എല്ലാം ഇതിനു മറുപടി പറയുകയും ചെയ്തുകൊണ്ടിരുന്നു. ഏതാണ്ട് അണിയറയിൽ ഒതുങ്ങിയിരുന്ന ഉമ്മൻചാണ്ടിക്ക് അങ്ങനെയിരിക്കെ കോഴിക്കോട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കാൻ ഒരു അവസരം വന്നുചേർന്നു. മൗനവൃതം അവസാനിപ്പിച്ച് പുറത്തുവരാൻ ഉമ്മൻചാണ്ടി ഈ അവസരം ഉപയോഗപ്പെടുത്തി.

കോഴിക്കോട് വലിയ പുരുഷാരം. പ്രതീക്ഷിക്കാത്ത ജനപങ്കാളിത്തം. പ്രവർത്തകരുടെ ആവേശം കണ്ടപ്പോൾ ഇത്തരം യോഗങ്ങൾ മറ്റു ജില്ലകളിലും വ്യാപിപ്പിക്കാൻ ഉമ്മൻചാണ്ടി തീരുമാനിച്ചു. അതൊരു പുതിയഉണർവിന്റെ തുടക്കമായിരുന്നു. ഇടക്കാലത്തുണ്ടായ തിരുത്തൽ വാദികളിൽ ഒരു വിഭാഗം ആന്റണി ഗ്രൂപ്പിനോടൊപ്പം ചേർന്നുനിന്നു. ജി. കാർത്തികേയൻ, മേശ് ചെന്നിത്തല എന്നിവർ ഇതിനകം കരുണാകരനുമായി രമ്യതയിലായി. കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, ആര്യടൻ മുഹമ്മദ്, പി. ബാലൻ എന്നിവർ മുൻനിരയിലേക്ക് വന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം കെ. കരുണാകരനെതിരെ ഒരു വികാരമുണ്ടാക്കിയെടുക്കാൻ ആന്റണി ഗ്രൂപ്പുകാർക്ക് കഴിഞ്ഞു.

1994 സെപ്തംബർ 22നാണ് കെ.പി. വിശ്വനാഥന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഒരു തീരുമാനം കൈക്കൊണ്ടു.  കെ. കരുണാകരൻ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറിയേ പറ്റൂ. ഉമ്മൻചാണ്ടിയുടെ രാജിക്ക് ശേഷം ഏതാണ്ട് മൂന്നുമാസം കഴിഞ്ഞു. എന്നിട്ടും ക്രിയാത്മകമായ ഒരു നീക്ക് പൊക്കോ, നിർദ്ദേശമോ ഇതുവരെ ഉണ്ടായിട്ടില്ല. ഇത് അണികളെ ചുടുപിടിപ്പിച്ചു. ഇപ്പോഴിതാ പരസ്യമായി മുസ്തഫയെ പോലുള്ളവർ പരിഹസിക്കാനും തുടങ്ങിയിരിക്കുന്നു. ഇതിങ്ങനെ എത്രനാൾ സഹിച്ചു കഴിയാനാണ് ഭാവം എന്നാണ് എല്ലാവരും ചോദിച്ചത്. ഇത് കോൺഗ്രസിന്റെ സർവ്വനാശത്തിലേക്കുള്ള യാത്രയാണെന്ന് പോലും ചിലർ വിമർശിച്ചു. പാർട്ടിയെ പ്രവർത്തകരിൽ നിന്നും അകറ്റി നിർത്തുന്ന പ്രവണതയാണ് കഴിഞ്ഞ നാളുകളിൽ ഒക്കെ കരുണാകരന്റെ ഭാഗത്തുനിന്ന് കണ്ടത്.

vachakam
vachakam
vachakam

സർക്കാരിനെയും പാർട്ടിയെയും ജനങ്ങളിൽ നിന്ന് അകറ്റുന്ന പ്രവർത്തനശൈലി ഉപേക്ഷിച്ച് പറ്റൂ എന്ന് പരസ്യമായി പലരും പറയാൻ തുടങ്ങി. നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഹൈക്കമാന്റിന് കൊടുക്കാൻ തീരുമാനിച്ചു. 20 എം.എൽ.എമാർ ആദ്യമേ തന്നെ ഒപ്പിടാനായി മുന്നോട്ട് വന്നു. ആദ്യം നിവേദനത്തിൽ ഒപ്പുവച്ചത് ഉമ്മൻചാണ്ടി തന്നെയായിരുന്നു. രണ്ടാമതായി വന്നത് കെ.പി. വിശ്വനാഥനും. ആര് തന്നെ വിചാരിച്ചാലും നേതൃമാറ്റം എന്ന സംഗതി നടക്കാനേ പോകുന്നില്ല എന്ന് ഒരു കുലുക്കവുമില്ലാതെ കരുണാകരൻ തറപ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ഒരു പൊതുയോഗത്തിൽ വെല്ലുവിളിക്കും മട്ടിൽ അദ്ദേഹം അത് പ്രസ്താവിക്കുകയും ചെയ്തു. വി.എം. സുധീരൻ ആ നിവേദനത്തിൽ ഒപ്പിട്ടില്ല. പകരം മറ്റൊരു കത്ത് താൻ തന്നെ എഴുതി അയച്ചു കൊള്ളണമെന്ന് പറയുകയായിരുന്നു.

മന്ത്രിയായിരുന്ന വിശ്വനാഥൻ ഒപ്പിട്ട വിവരം അപ്പോൾ തന്നെ കെ. കരുണാകരന്റെ ചെവിയിൽ എത്തി. അന്ന് രാത്രി കരുണാകരൻ വിശ്വനാഥിനെ  ഫോണിൽ വിളിച്ച് താനും ഒപ്പിട്ടു അല്ലേ..? എന്ന് ചോദിച്ചു. എന്നാൽ പിന്നെ മന്ത്രിയായി തുടരുന്നതിൽ അർത്ഥമില്ലല്ലോ. മറ്റൊരു കടലാസിൽ രാജ്യക്കത്തും എഴുതി ഒപ്പിട്ടു തന്നോളൂ എന്നായി മുഖ്യമന്ത്രി. പിറ്റേദിവസം തന്നെ രാവിലെ വിശ്വനാഥൻ രാജിക്കത്ത് കതയ്യാറാക്കി തിരുവനന്തപുരത്തെത്തി. വിവരമറിഞ്ഞ് ഉടൻതന്നെ ആന്റണി ഗ്രൂപ്പിൽപെട്ട എല്ലാവരും തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒത്തുകൂടി. ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും മറ്റു ചില യാത്രകൾക്ക് പദ്ധതിയിട്ടിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ച് തൈക്കാട് ഹൗസിൽ ഒത്തുകൂടുകയായിരുന്നു.

ഉച്ചയ്ക്ക് മുമ്പ് തന്നെ വിശ്വനാഥൻ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് നേരിട്ട് നൽകി. അതിന്റെ മൂന്നാം ദിവസം യു.ഡി.എഫ് ഉന്നതാധികാരസമിതിയിൽ നിന്നും ഉമ്മൻചാണ്ടിയും രാജിവച്ചു. ചുരുക്കി പറഞ്ഞാൽ ആന്റണി ഗ്രൂപ്പുകാർ  ഭരണവുമായി ഉണ്ടായിരുന്ന എല്ലാ കണ്ണികളും അറുത്തു മാറ്റിയെന്ന് ചുരുക്കം. നിയമസഭാ കക്ഷി ഉപ നേതാവ് സ്ഥാനം ഒഴിയുന്നില്ല അല്ലേ എന്ന ചോദ്യം ഉയർന്നു. പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാനം ആയതുകൊണ്ടാണ് അത് ഉമ്മൻചാണ്ടി വിടാതിരുന്നത്. കൃത്യം 52 ദിവസത്തിനു ശേഷം നവംബർ 16നാണ് വിശ്വനാഥന്റെ രാജി കരുണാകരൻ ഔദ്യോഗികമായി സ്വീകരിച്ചത്. പ്രതികാര നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു അപ്പോഴും കരുണാകരൻ.

കരുണാകരൻ രാജിവെക്കണമെന്ന് അതിശക്തമായ ഭാഷയിൽ പലയിടത്തും പ്രസംഗിച്ച പി.ടി. തോമസിനെ സസ്‌പെൻഡ് ചെയ്തു. എ.ഐ.സി.സി പരസ്യപ്രസ്താവന വിലക്കിയതിന് ശേഷം പ്രസ്താവന നടത്തിയതിനെപ്പറ്റി വിശദീകരണം ചോദിച്ചപ്പോൾ കൊടുത്ത മറുപടി തൃപ്തികരമായില്ല എന്നതായിരുന്നു കാരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഫോണിൽ വിളിച്ചു സ്ഥാനം രാജിവെക്കാൻ പ്രസിഡന്റ് വയലാർ രവി തന്നെ ആവശ്യപ്പെട്ടു. അതിന് കാരണമായി പറഞ്ഞത്  ഐക്യ കരാർ വഴി ജനറൽ സെക്രട്ടറിയായ ആളാണ് തിരുവഞ്ചൂർ. വയലാർ രവിയുടെ ഒരു പ്രസ്താവനയെ ചോദ്യം ചെയ്തു എന്നതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയ്ത അപരാധം.

എന്നാൽ അങ്ങനെ രാജിവച്ച് ഒഴിയാൻ തയ്യാറല്ല എന്ന് തിരുവഞ്ചൂർ രവിക്ക് മറുപടി കൊടുത്തു. അതോടെ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട്  വയലാർ രവി തിരുവഞ്ചിർ രാധാകൃഷ്ണനെ പുറത്താക്കി.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam