കൊച്ചി: സംസ്ഥാനത്തെ റോഡപകട മരണങ്ങള് കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന് രൂപീകരിച്ചതായി ഗതാഗത മന്ത്രി സി.പി. ജോണ്‍. മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 15ന് രാവിലെ 11ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന് മമ്മൂട്ടിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 3,600 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത്. ബോധവത്കരണത്തിലൂടെയും നിയമം കര്‍ശനമായി നടപ്പാക്കിയും മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ റോഡ് സുരക്ഷാ ബോധം വളര്‍ത്തും. നിയമലംഘനങ്ങളും ബോധപൂര്‍വമായ വീഴ്ചകളും വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ, പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രാദേശിക തലത്തില്‍ സേഫ് ഡ്രൈവിങ് ക്ലബ്ബുകള്‍ രൂപീകരിക്കും. റോഡുകളുടെ നവീകരണം, ബ്ലാക്ക് സ്പോട്ടുകളുടെ പരിഹാരം, സൈന്‍ ബോര്‍ഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടല്‍, റോഡ് മാര്‍ക്കിങ്ങില്‍ കളര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ മേഖലകള്‍ സജ്ജമാക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ ഉള്‍പ്പെടുത്തുന്നതിനും ഇതിനായി മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.
നിലവിലുള്ള റോഡ് സുരക്ഷാ നിയമങ്ങളും സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തി സമൂഹത്തിന്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടമരണങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
