ലക്‌നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ തീവ്ര നിലപാടുകാരുടെ ക്രൂര മര്‍ദനം. സുല്‍ത്താന്‍പൂരിലെ ഫറാംപൂര്‍ സ്വദേശികളായ ആഫ്താബ് ആലം, സീഷാന്‍ എന്നിവര്‍ക്കാണ് ആറംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ചന്ദ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചന്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫറാംപൂരില്‍ വെച്ചാണ് സംഭവം നടന്നത്. ഏകദേശം 18 വയസ്സ് പ്രായമുള്ള യുവാക്കളുടെ ബൈക്ക് ആറംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രകോപനപരമായ രീതിയില്‍ ആക്രോശിക്കുകയും 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യുവാക്കള്‍ ഇതിന് വിസമ്മതിച്ചതോടെ അക്രമിസംഘം ഇവരെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. നിലത്തിട്ടു ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്യുന്നതിനൊപ്പം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
'ഹിന്ദു രാഷ്ട്രത്തില്‍ ജീവിക്കുന്ന നിനക്കൊന്നും ജയ് ശ്രീറാം പറയാനാവില്ല അല്ലേ...' എന്ന് അക്രമികളിലൊരാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. തങ്ങളെ വെറുതെ വിടണമെന്ന് യുവാക്കള്‍ കരഞ്ഞുപറഞ്ഞിട്ടും അക്രമികള്‍ മര്‍ദനം തുടരുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഫറാംപൂര്‍ ഏരിയയില്‍ വെച്ചാണ് അക്രമം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരകളായ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ സാക്ഷാം പാണ്ഡെ, ചന്ദന്‍, വിക്കി കൗശല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് നാല് പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലംബുവ സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിട്ടുണ്ടെന്നും, രണ്ടുപേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചന്ദ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
