ബംഗ്ലാദേശില്‍ സൈനിക അട്ടിമറിക്ക് നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിലവിലെ താല്‍ക്കാലിക സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസിനെ താഴെയിറക്കി സൈന്യം സമ്പൂര്‍ണ ഏറ്റെടുക്കല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ സൈന്യം ഇത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കൂടാതെ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക അടിയന്തര യോഗവും സൈന്യം വിളിച്ചേര്‍ത്തിരുന്നു. ഇതോടെ ഇടക്കാല സര്‍ക്കാര്‍ തലപ്പത്തിരിക്കുന്ന യൂനുസിന്റെ ദിനങ്ങള്‍ എണ്ണിത്തുടങ്ങിയെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത നിര്‍ണായക യോഗമാണ് തിങ്കളാഴ്ച നടന്നത്. അഞ്ച് ലെഫ്റ്റനന്റ് ജനറല്‍മാര്‍, എട്ട് മേജര്‍ ജനറല്‍മാര്‍ (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. ശേഷം മുഹമ്മദ് യൂനുസ് അധികാരമേറ്റു. അതിന് ശേഷം ബംഗ്ലാദേശ് ജനതയ്ക്ക് സര്‍ക്കാരിനുമേല്‍ അവിശ്വാസം വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത്, സ്ഥിരത പുനസ്ഥാപിക്കുന്നതില്‍ സൈന്യത്തിന്റെ പങ്കിനെ ചുറ്റിപ്പറ്റിയായിരുന്നു യോഗത്തിലെ ചര്‍ച്ചകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഉടന്‍ തന്നെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ യൂനുസിനെതിരെ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സൈന്യം പരിശോധിക്കുന്നുണ്ട്. അതേസമയം അടുത്ത കാലത്തായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇത് സൈന്യത്തിലെ പല വിഭാഗങ്ങളെയും അസ്വസ്ഥരാക്കുകയും ഈ പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ സമ്മര്‍ദ്ദം ഉയരുകയും ചെയ്തിരുന്നു.
സൈന്യത്തിന്റെ നേതൃത്വത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള സാദ്ധ്യതയും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത് സൈന്യത്തിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍, അടിയന്തരവാസ്ഥ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന് ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുള്‍ ഹാഖ് ഗനി വ്യക്തമാക്കിയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൈനിക മേധാവിക്കെതിരെ അട്ടിമറി നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. പാക് അനുകൂല പക്ഷക്കാരായ ചില കൂട്ടാളികള്‍ തന്നെ ജനറല്‍ സമന് എതിരെ നീങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ നിലവില്‍ സൈന്യത്തില്‍ വ്യക്തമായ നിയന്ത്രണം ജനറല്‍ വാക്കര്‍ ഉര്‍ സമാന് ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ധാക്കയിലെ ക്രമസമാധാന നില അവതാളത്തിലായതിനെ കുറിച്ചും ഭീകരവാദം വളരുന്നതിനെ കുറിച്ചും സൈനിക മേധാവി പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നില്‍ ഷെയ്ക്ക് ഹസീനയോ?
മുഹമ്മദ് യൂനുസിന് എതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സാഹചര്യം ജനറല്‍ വാക്കര്‍ ഉര്‍ സമന്‍ മുതലെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, സൈനിക മേധാവി അതൃപ്തനാണ്. ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് അദ്ദേഹം സൈനിക യോഗങ്ങളില്‍ നല്‍കി കഴിഞ്ഞു. അതീവജാഗ്രതയോടെ ഇരിക്കാനും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ഭരണം അട്ടിമറിക്കാന്‍ സൈനിക മേധാവി ശ്രമിക്കുന്നതായി വിദ്യാര്‍ഥികള്‍ നയിക്കുന്ന ആമര്‍ ബംഗ്ലാദേശ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അസദുസമന്‍ ഫ്വുവാദ് ആരോപിച്ചു. 'സൈനിക മേധാവി നിരന്തരം യോഗങ്ങള്‍ വിളിക്കുന്നതും ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നതും കാണാം. പ്രസിഡന്റിന് കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ആലോചന. ഈ പ്രസിഡന്റ് ഷെയ്ക്ക് ഹസീനയുടെ അടിമയായ നായയാണ്. നിങ്ങള്‍ ഷഹാബുദീന് ഒപ്പം ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ശ്രമിച്ചാല്‍. ലക്ഷക്കണക്കിന് അബു സയദുമാര്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിച്ച് കന്റോണ്‍മെന്റ് തകര്‍ക്കുമെന്ന് ഫ്വുവാദ് വ്യക്തമാക്കുന്നു.
2024 ജൂലായില്‍, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായ കലാപമായി മാറിയപ്പോള്‍ അബു സയദ് എന്ന വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഷെയ്ക്ക് ഹസീനയുടെ പുറത്താകലിലേക്ക് നയിച്ചത്. ഹസീന ഇപ്പോള്‍ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിലാണ്. അസദുസമാന്‍ ഫൗദിനെ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. രാജ്യത്തെ തീവ്രശക്തികളെ വരുതിയിലാക്കാന്‍ സൈനിക ഏറ്റെടുക്കല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹസീനയുടെ അവാമി ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സൈന്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വിദ്യാര്‍ത്ഥി സംഘട ആരോപിച്ചിരുന്നു. എന്നാല്‍ സൈന്യം ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. ഈ സംഭവ വികാസങ്ങള്‍ക്ക് നടുവില്‍ താല്‍ക്കാലിക ഭരണാധികാരി യൂനുസ് ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. അതോടെ എല്ലാവരും ഈ നീക്കം ഉറ്റുനോക്കുകയാണ്.
നീക്കത്തില്‍ ഇന്ത്യക്കും പങ്കെന്ന് ആരോപണം
അതിനിടെ മാര്‍ച്ച് 11ന് ധാക്ക കന്റോണ്‍മെന്റില്‍ നടന്ന യോഗത്തില്‍, 'റിഫൈന്‍ഡ് അവാമി ലീഗ്' സൃഷ്ടിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ പുറത്താക്കപ്പെട്ട അവാമി ലീഗ് പാര്‍ട്ടിയെ വീണ്ടും അവതരിപ്പിക്കാന്‍ ഇന്ത്യ ഗൂഢാലോചന നടത്തുകയാണെന്ന് പ്രമുഖ വിദ്യാര്‍ത്ഥി നേതാവ് ഹസ്നത്ത് അബ്ദുള്ള അവകാശപ്പെട്ടിരുന്നു.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം അവര്‍ക്ക് രാജ്യത്ത് അഭയം നല്‍കിയത് ഉള്‍പ്പെടെ ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലാണ് വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്