ന്യൂയോര്‍ക്ക്: ഹൂതികള്‍ക്കെതിരായ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനായ ജെഫ്‌റി ഗോള്‍ഡ്‌ബെഗിനെ ഉള്‍പ്പെടുത്തിയുമായ ബന്ധപ്പെട്ട സുരക്ഷ വീഴ്ചയില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിന് വേണ്ടി ജോലി ചെയ്യുന്ന ജൂനിയര്‍ അംഗമാണ് അബദ്ധത്തില്‍ ഗോള്‍ഡ്‌ബെര്‍ഗിനെ ഉള്‍പ്പെടുത്തിയതെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് വിശദീകരണം.
'ഞങ്ങള്‍ വിശ്വസിക്കുന്നത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിന്റെ ജൂനിയറായ വ്യക്തിയാണ് ഗോള്‍ഡ്‌ബെര്‍ഗിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയതെന്നാണ്. അങ്ങനെയാണ് ആ വ്യക്തി ഇതില്‍ ഉള്‍പ്പെട്ടത്. രഹസ്യമായ വിവരങ്ങളൊന്നുമല്ല, പ്രശ്‌നങ്ങളൊന്നുമില്ല, മാത്രമല്ല സൈനിക നടപടി സമ്പൂര്‍ണ വിജയമായിരുന്നു'- ന്യൂസ് മാക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
തന്നോട് അതിനെ കുറിച്ച് പറഞ്ഞതാണ്. താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ട് മാസത്തിനിടയില്‍ സംഭവിച്ച ഒരേ ഒരു പിഴവാണ് ഇത്. രഹസ്യ വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. സൈനിക നടപടി വിജയമായരുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. സൈനിക നടപടി ഉണ്ടാകുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് 'ഹൂതി പിസി സ്‌മോള്‍' എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ ഗോള്‍ഡ്‌ബെര്‍ഗിനെ അംഗമാക്കിയത്. പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്‌സേത്ത്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സേ, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ട്രംപിന്റെ മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ തുടങ്ങിയ 18 ഉന്നത നേതാക്കളാണ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നത്.
ആക്രമണങ്ങള്‍ നടത്തേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നുവെന്നും ആയുധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നുവെന്നും ഗോള്‍ഡ്‌ബെര്‍ഗ് വെളിപ്പെടുത്തിയിരുന്നു.ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് 15 ന് ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതെന്നും ജെഫ്രി ഗോള്‍ഡ്ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. അതേസമയം എങ്ങനെയാണ് ഗോള്‍ഡ്‌ബെര്‍ഗിനെ ഉള്‍പ്പെടുത്തിയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ദേശീയ സുരക്ഷ സെക്രട്ടറി പ്രതികരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്